കൊല്ലം: പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കമ്പപ്പുരയ്ക്ക് തീപിടിച്ചിനൊപ്പമുണ്ടായ സ്‌ഫോടനത്തിൽ ദേവസം കെട്ടിടം തകർന്ന് വീണത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മൂന്ന് മണിയോടെ അമിട്ട് പൊട്ടിക്കുന്ന സമയമായപ്പോൾ കമ്പപ്പുരയ്ക്ക് തീ പിടിക്കുകയായിരുന്നു. പൊട്ടിയ അമിട്ട് അബദ്ധത്തിൽ കമ്പപ്പുരയിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കമ്പപ്പുര കത്തിയതോടെ വലിയ സ്‌ഫോടനം ഉണ്ടായി. ഇതിന്റെ പ്രകമ്പനത്തിൽ തൊട്ടടുത്ത ദേവസം കെട്ടിടം മുഴുവൻ തകർന്ന് വീണു. കമ്പം കാണാനായി ഈ സ്ഥലത്തായിരുന്നു കൂടുതൽ പേർ തമ്പടിച്ചത്. കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണതോടെ ഇവിടെ നിന്നവരെല്ലാം അപകടത്തിൽപ്പെട്ടു.

ക്ഷേത്രത്തിന് തെക്ക് ഭാഗത്താണ് കമ്പപ്പുര. കോൺക്രീറ്റ് തൂണിൽ ഓട് മേഞ്ഞതാണ് കെട്ടിടം. ഈ ഓടുകളും ചിന്നിച്ചിതറി. ക്ഷേത്രത്തിന്റെ ഉപദേവാലയങ്ങളുടെ മേൽക്കൂര തകർന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ മുൻഭാഗത്തും തെക്കുഭാഗത്തുള്ള കമ്പപ്പുരയോട് ചേർന്ന് നിന്നവരാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. 20 ഓളം അമിട്ടുകളാണ് കമ്പപ്പുരയ്ക്കകത്ത് ഉണ്ടായിരുന്നത്. വൻ സ്‌ഫോടനത്തിൽ ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. ഇവിടേയും നിരവധി പേർ ഉണ്ടായിരുന്നു. ഈ കെട്ടിടാവശിഷ്ടങ്ങളിൽ നിരവധി പേർ കുടുങ്ങി. ഇതിൽ നിന്ന് രക്ഷപ്പെടുത്തിയവരും അതീവ ഗുരുതരാവസ്ഥയിലാണ്.

സമീപത്തുള്ള വീടുകൾക്കും നാശനഷ്ടമുണ്ടായി. ഒന്നരകിലോമീറ്റർ ചുറ്റളവിൽ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. ഈ പ്രദേശങ്ങളിലേക്ക് എല്ലാം കോൺക്രീറ്റ് പാളികൾ ചിന്നിച്ചിതറി. ഇവിടെയുള്ളവർക്കും ഇത് പതിച്ച് ചെറിയ പരിക്കുകൾ പെട്ടിട്ടുണ്ട്. ആശുപത്രിയിൽ കൊണ്ടു വന്ന പല മൃതദേഹങ്ങളും ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടുകളുണ്ട്. ഇതിനൊപ്പമാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ പെട്ട് ഗുരുതര പരിക്ക് ഉണ്ടായവർ. ഇവർക്ക് പൊള്ളലേറ്റതിനൊപ്പം തലയ്ക്കുൾപ്പെടെ പരിക്കേറ്റിട്ടുണ്ട്.

പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം ഏറെ പ്രധാനപ്പെട്ടതാണ്. വെടിക്കെട്ട് കാണാൻ ഇവിടേക്ക് ആയിരങ്ങൾ ഒഴുകിയെത്താറ് പതിവാണ്. മത്സര വെടിക്കെട്ട് കാണാനായിരുന്നു ഇത്. ഇത്തവണയും ധാരാളം പേരാണ് ക്ഷേത്രത്തിൽ തടിച്ചു കൂടിയത്. ഇവരിൽ ഏറെയും കമ്പക്കെട്ട് കാണാൻ കമ്പപ്പുരയുടെ തൊട്ടടുത്ത് തന്നെ നിലയുറപ്പിച്ചു. സുഖമായി കാണാനും വിശ്രമത്തിനുമായി ചിലർ ദേവസം ഓഫീസിന്റെ പരിസരത്തും എത്തി. സാധാരണ ഉത്സവം നിയന്ത്രിക്കാനുള്ള പൊലീസ് മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ വേണ്ടത്ര സുരക്ഷാ ക്രമീകരണം ഒരുക്കാൻ ആരും ഉണ്ടായതുമില്ല. അതിനാൽ കമ്പപ്പുരയ്ക്ക് തൊട്ടടുത്ത് വരെ വെടിക്കെട്ടിന്റെ ആവേശം അറിയാൻ ആളുകൾ തടിച്ചു കൂടി.

ഈ ബഹളത്തിനിടയിൽ ഉണ്ടായ അബദ്ധമാകും അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. വെടിക്കെട്ടിനിടെ പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയിൽ വീണാണ് അപകടം. ദേവസ്വം ബോർഡിന്റെ ഓഫിസ് പൂർണമായും തകർന്നു. പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയി. സ്‌ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടു. ഇതിനിടെയിൽ വൈദ്യുതി ബന്ധവും നഷ്ടമായി. ഇതോടെ രക്ഷാ പ്രവർത്തനവും താറുമാറായി. ദേവസം കെട്ടിടത്തിനുള്ളിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ അതുകൊണ്ട് തന്നെ ഏറെ ബുദ്ധിമുട്ടുണ്ടായി. ഇതും മരണ സഖ്യ കൂട്ടാൻ കാരണമായി.