കൊച്ചി: അങ്കമാലിയിൽ കറുകുറ്റിയിൽ ഭാര്യയെയും മകനെയും കമ്പിപ്പാരകൊണ്ട് വയോധികൻ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വില്ലനായത് വാർദ്ധക്യത്തിൽ അരക്ഷിതനാണെന്ന തോന്നലുമെന്ന് പൊലീസ്. പൊലീസ് അറസ്റ്റു ചെയ്ത 85കാരനായ പി ടി പോളിനെ പെട്ടന്ന പ്രകോപിപ്പിച്ചത് എ സി ഉപയോഗം സംബന്ധിച്ച തർക്കമാണെങ്കിലും അതുമാത്രമല്ല, പ്രശ്‌നമെന്നാണ് പൊലീസ് നൽകുന്ന സൂചന. തന്നെ ആരും പരിഗണിക്കുന്നില്ലെന്ന തോന്നതും ഭാര്യ മേരി (74)യെയും മകൻ തോമസി(54)നെയും കൊലപ്പെടുത്താൻ പ്രേരണയായെന്നാണ് സൂചന. രാത്രി ഉറങ്ങി കിടക്കുമ്പോൾ മകനെയും ഭാര്യയെയും പോൾ കമ്പിപ്പാരയ്ക്ക് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വാർദ്ധക്യത്തിന്റെ അവശതകൾ ഉള്ള തന്നെ കൃത്യമായി പരിചരിക്കാൻ ഭാര്യയും മകനും പലപ്പോഴും മടി കാണിച്ചിരുന്നതായി പോൾ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ഇയാൾ പൊലീസിനോടും പറഞ്ഞിട്ടുണ്ട്. അതോടൊപ്പം വൈദുതി ഉപയോഗമടക്കം വീട്ടിലെ അധിക ചിലവും ഇയാളിൽ ഒരു കൊലപാതകത്തിന് പ്രേരിപ്പിച്ചു. മാസം 4000 രൂപ വരെ വൈദ്യുതി ബിൽ വന്നത് പോളിനെ പ്രകോപിതനാക്കിയിരുന്നു. പൊതുവെ ഒരു ശാന്ത സ്വഭാവക്കാരനായ പോൾ പലപ്പോഴും ഈ പ്രശ്‌നത്തെ ചൊല്ലി ഭാര്യയും മകനുമായി കലഹിച്ചിട്ടുണ്ട് എന്നുമാണ് നാട്ടുകാർ പറയുന്നത്.

തന്റെ സമ്പാദ്യം മുഴുവനും കുടുബത്തിനായി മുടക്കുമ്പോൾ തനിക്കു നീതി ലഭിക്കുന്നില്ലെന്ന തോന്നലും ഇയാൾക്കു ഉണ്ടായിരുന്നതായി അറിയുന്നു. കൊല്ലപ്പെട്ട മകൻ തോമസ് ഒരു ഹൃദ്രോഗി ആയിരുന്നു. രോഗവുമായി ബന്ധപെട്ടു ഇയാൾ ആഞ്ചിയോ പ്ലാസ്റ്റി ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തിയിരന്നു. മേരി മകന്റെയും ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നതുകൊണ്ട് പോളിന് വേണ്ട വിധത്തിൽ പരിചരണം ലഭിച്ചിരുന്നില്ല. ഇത് മാനസികമായ അകൽച്ചയ്ക്കും കാരണമായി. ഇതും 85 കാരനായ പോളിനെ ഈ ഇരട്ട കൊലപാതത്തിന് പ്രേരിപ്പിച്ചതായി അങ്കമാലി പൊലീസ് കരുതുന്നു.

മകനെയും ഭാര്യയെയും കൊലപ്പെടുത്തിയ പോൾ ആരോഗ്യപരമായി അത്ര നല്ല അവസ്ഥയിൽ ആയിരുന്നില്ല. വാർധക്യ സഹജമായ ശാരീരിക പ്രശ്‌നങ്ങളുള്ള ഇയാൾ മുറിയിൽ ഒറ്റക്കാണ് രാത്രി കിടന്നിരുന്നത്. മൂന്ന് പേരും വെവ്വേറെ മുറികളിലായിരുന്നു അന്തിയുറക്കം. ഇവരെ ഇന്ന് രാവിലേ കമ്പി പാര ഉപയോഗിച്ച് കൊല നടത്തിയ പോൾ ഇവർ എസി രാത്രി പ്രവർത്തിപ്പിക്കുന്നതിനെ കുറിച്ചും അതുകൊണ്ടു വന്ന ഭീമമായാ കറന്റ് ബില്ലിനെ കുറിച്ചും മറ്റും ഭാര്യയും മകനുമായി വാക്ക് തർക്കം ഉണ്ടായിരുന്നു. എ സി ഓഫ് ചെയ്യാൻ പറഞ്ഞിട്ടും ചെവിക്കൊള്ളാതിരുന്നതിനെ തുടർന്നാണ് കൊലപാതകം അരങ്ങേറിയത്.

രാത്രി രണ്ടു മണിക്കാണ് ഇയാൾ ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും കൊലപ്പെടുത്തിയത്. കമ്പി പാരാ ഉപയോഗിച്ച് ഉറങ്ങി കിടന്ന ഭാര്യയുടെയും മകന്റെയും തലക്കടിച്ചു. ഇതിനുശേഷം പോൾ തൂങ്ങി മരിക്കാനായി ശ്രമിച്ചുവെങ്കിലും പ്രായത്തിന്റെ ശാരീരിക പ്രശ്‌നങ്ങൾ കാരണം പോളിന് അതിന് സാധിച്ചില്ല. കൊല്ലപ്പെട്ട മകൻ തോമസ് വിദേശത്തു ജോലിക്കാരൻ ആയിരുന്നു. അടുത്തിടെ വിവാഹമോചിതനായി ഇയാൾ മാതാപിതാക്കൾക്കൊപ്പം കഴിയുകയായിരുന്നനു.

മരിച്ച തോമസ് ഉൾപ്പെടെ നാല് മക്കളാണ് പോൾ-മേരി ദമ്പതികൾക്കുള്ളത്. ഒരു മകൻ വിദേശത്താണ് ജോലി ചെയ്യുന്നത്. കൊലപാതകം നടത്തിയതിനു ശേഷം ഇയാൾ വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചു സംഭവം അറിയിച്ചതിനെ തുടർന്നാണ് ഇയാളുടെ മറ്റു ബന്ധുക്കൾ സംഭവം അറിയുന്നത്. തുടർന്ന് ചേർത്തലയിലുള്ള മകളുയെ സംഭവം വിളിച്ച് പോൾ അറിയിച്ചു. തുടർന്ന് മകൾ വിവരം അറിയിച്ച പ്രകാരം ബന്ധുക്കൾ എത്തിയാണ് പോളിനെ പൊലീസിൽ ഏൽപിച്ചത്. റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥനാണ് പോൾ. മേരിയുടെയും തോമസിന്റെയും മൃതദേഹം അങ്കമാലി എൽ.എസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യയെയും മകനെയും കൊലപാതകം ചെയ്തത് താൻ തന്നെയാണെന്ന് അങ്കമാലി പൊലീസിനോട് പോൾ സമ്മതിച്ചു. ഒരു ഊന്നുവടിയുടെ സഹായത്തോടെയാണ് പോൾ നടക്കുന്നത്. അതുകൊണ്ട് വീട്ടൂകാരുടെ അവഗണയിലുള്ള ദേഷ്യവും ഇയാൾക്ക് മകനോടും ഭാര്യയോടും ഉള്ളതായി പൊലീസ് സംശയിക്കുന്നു. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു.