തിരുവനന്തപുരം: അതിരുകടന്ന ശിക്ഷാവിധികൾ കുട്ടികളെ എങ്ങനെ ബാധിക്കുമെന്നതിന് ഒരു തെളിവ് കൂടി. തിരുവനന്തപുരത്ത് വെള്ളറടയിൽ നിന്നുള്ള ഈ സംഭവം കുട്ടികളെ അടിച്ചും ശിക്ഷിച്ചും വളർത്തുന്ന മതാപിതാക്കൾക്കുള്ള പാഠമാണ്.

പിതാവിന്റെ ക്രൂരമർദനംമൂലം ഭയന്നു സന്ധ്യയോടെ വീടുവിട്ട ബാലനെ രണ്ടു കിലോമീറ്റർ അകലെ പാറക്കൂട്ടത്തിൽ നിന്നു പുലർച്ചെ അഞ്ചോടെ കണ്ടെത്തി. അമ്പൂരി രാജഗിരി സ്വദേശിയായ ഒൻപതു വയസ്സുകാരനെ പാമ്പരംകാവ് മലമുകളിലാണു കണ്ടെത്തിയത്. വിശന്നു തളർന്നും, ഭയന്നും ജപമാല നെഞ്ചോടു ചേർത്തുപിടിച്ച നിലയിൽ കുട്ടി മയങ്ങിക്കിടക്കുകയായിരുന്നു.

സ്‌കൂളിൽ മിഠായിയുമായി ചെന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇക്കാര്യം സ്‌കൂൾ അധികൃതർ അച്ഛനോട് പരാതിപ്പെട്ടു. ക്രൂര ശിക്ഷ ഉറപ്പായതോടെ കുട്ടി വീട്ടിലേക്ക് പോയില്ല. ബാലനെ കാണാതായി. രാത്രി തുടങ്ങിയ തിരച്ചിലിനൊടുവിൽ പുലർച്ചെ നായ്ക്കളുടെ കുര കേട്ടതാണു കുഞ്ഞിനെ കണ്ടെത്താൻ വഴിയൊരുക്കിയത്. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി ആശുപത്രിയിലെത്തിച്ചു. മർദനമേറ്റു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തം കട്ടപിടിച്ചിരുന്നു. കൈവിരലുകൾ അടി കൊണ്ടു ചതഞ്ഞിരുന്നു. മിഠായി സംഭവത്തിലും അച്ഛൻ കുട്ടിയെ അടിച്ചതിന് തെളിവാണ് ഇത്.

വീട്ടിൽ നിന്ന് 20 രൂപയെടുത്തു മിഠായിയും കീചെയിനും വാങ്ങിയതു സ്‌കൂളിൽ നിന്നു വീട്ടിൽ അറിയിച്ചതിനെത്തുടർന്നായിരുന്നു അച്ഛന്റെ ക്രൂപ മർദ്ദനം. ഇനിയും അടികിട്ടാതിരിക്കാൻ കുട്ടി വീടു വിട്ടുപോവുകയായിരുന്നു. രാത്രി മർദനം തുടരുമെന്നു ഭയന്നാണ് ഒരു കിലോമീറ്ററോളം റോഡിലൂടെ നടന്നശേഷം ആൾവാസം കുറഞ്ഞ കുന്നിൽ കയറിയതെന്നു കുട്ടി പൊലീസിനോടു പറഞ്ഞു.

മലമുകളിൽ നിന്ന് കണ്ടെത്തിയ കുട്ടിയെ നെയ്യാറ്റിൻകര മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കി. കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർക്കൊപ്പം വിട്ടയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. മുൻപും കുട്ടിയെ പിതാവ് ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു. അന്നു മർദിച്ചശേഷം കുട്ടിയെ ഉറുമ്പിൻകൂട്ടിൽ മുട്ടിൽ നിർത്തുകയും നീറിനെ കൂട് പൊളിച്ചിട്ടു കടിപ്പിക്കുകയുമാണു ചെയ്തത്.

എന്നാൽ വിവരമറിഞ്ഞെത്തിയ പൊലീസും കുട്ടിയുടെ പിതാവുമായി വഴക്കായതിനെത്തുടർന്നു കേസ് ആ വഴിക്കു തിരിഞ്ഞു. അന്നു പിതാവ് കുറേ ദിവസം ജയിലിലും കിടന്നു. പിതാവ് ഉപദ്രവിക്കുമ്പോൾ മാതാവ് തടയാറില്ലെന്നും നാട്ടുകാർ   പറഞ്ഞു.