കൊച്ചി/തൃശൂർ: ''കാലനെ കണ്ടാൽ കമിഴ്ന്നു വീഴും കാക്കി'' നമ്മുടെ നാട്ടിലെ പൊലീസിനെപ്പറ്റി പഴമക്കാർ ഇങ്ങനെ പറയും . കിങ്‌സ് ബീഡി കമ്പനി ഉടമ നിസാമിന്റെ കേസ് തൃശൂർ-കൊച്ചി പൊലീസ് കൈകാര്യം ചെയ്യുന്ന രീതി കാണുമ്പോൾ ഈ പഴമൊഴി സത്യമാണെന്നു തോന്നും. സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ജീപ്പിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മുഹമ്മദ് നിസാമിനെതിരെ മറ്റുകേസുകളിൽ തെളിവില്ലെന്ന് തൃശൂർ -കൊച്ചി പൊലീസ്. മയക്കുമരുന്നുകേസ് അന്വേഷിക്കുന്ന കൊച്ചി സെൻട്രൽ പൊലീസും, സെക്യൂരിറ്റിക്കാരനെ വധിക്കാൻ ശ്രമിച്ചതും നിസാമിന്റെ മറ്റു മാഫിയ ബന്ധങ്ങളും പരിശോധിക്കുന്ന തൃശൂർ പൊലീസും ഇയാളുടെ കാര്യത്തിൽ ഏതാണ്ട് യോജിപ്പിലെത്തിയതായാണു സൂചന.

ഇതിനിടെ, വധശ്രമക്കേസ് ഒത്തുതീർപ്പാക്കാൻ പൊലീസിലെ ഉന്നതർ മുഹമ്മദ് നിസാമിനുവേണ്ടി ഇടപെടുന്നതായാണ് വിവരം. ഇപ്പോൾ തൃശൂർ അമലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനും കുടുംബത്തിനും രണ്ടു കോടി രൂപ നൽകിയുള്ള ഒത്തുതീർപ്പുഫോർമുലയാണ് മധ്യസ്ഥർ മുന്നോട്ടുവയ്ക്കുന്നത്. നിസാമിന്റെ രക്ഷകർത്താവായ ഒരു മുതിർന്ന കെപിസിസി ജനറൽ സെക്രട്ടറിയും, എറണാകുളത്ത് എ ഗ്രൂപ്പിലെ ഒരുപ്രമുഖനായ എംഎ‍ൽഎയുമുൾപ്പെടെ ഒത്തുതീർപ്പുശ്രമങ്ങളുമായി രംഗത്തുണ്ട്. ഭരണകക്ഷിയിലെ പ്രമുഖരുടെ ഇടപെടലും വലിയ വാഗ്ദാനവുമാണ് മധ്യസ്ഥശ്രമത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും പങ്കാളികളാക്കിയിരിക്കുന്നത്.

ഗുരുതരാവസ്ഥയിൽനിന്ന് ഏതാണ്ട് മോചിതനായ ചന്ദ്രബോസിന് ഈയിടെ ന്യൂമോണിയയും പിടിപെട്ടിരുന്നു.വാർഡിലേക്ക് ഇയാളെ മാറ്റിയാൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച് കുകുടുംബത്തിന് പണം നൽകാമെന്നാണ് നിസാമിനോട് അടുപ്പമുള്ള തൃശൂരിലുള്ളവർ പറയുന്നത്. ആരോഗ്യസ്ഥിതി ഒരുപരിധിവരെ വീണ്ടെടുത്താൽ ഈ തുക ചന്ദ്രബോസിനും കുകുടുംബത്തിനും വലിയൊരുരു ആശ്വാസമാകുമെന്ന് മധ്യസ്ഥർ കുകുടുംബാംഗങ്ങളെ അറിയിക്കാനിരിക്കുകയാണ്. ആദ്യഘട്ടത്തിൽ തന്നെ കേസ് ഒതുക്കാൻ പണം നൽകാമെന്ന വാഗ്ദാനം അവരുടെ മേൽ ഉണ്ടായിരുന്നെങ്കിലും കുകുടുംബാംഗങ്ങൾ വഴങ്ങിയില്ല. എന്നാൽ ഐ പി സി 307-ാം വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തതോടെ ജാമ്യം പോലും കിട്ടാൻ ബുദ്ധിമുട്ടാകുമെന്ന തിരിച്ചറിവിൽ എങ്ങനെയെങ്കിലും കേസ് ഒതുക്കാനുള്ള ശ്രമമായിരുന്നു.

തുടക്കത്തിൽ ആരംഭശൂരത്വം കാട്ടിയ പൊലീസ് ആവട്ടെ ഈ ഘട്ടത്തിൽ പ്രതിക്കനുകൂലമായ തരത്തിലേക്ക് മാറുന്നതും പല സംശയങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. ഇയാളുടെ മാഫിയാ ബന്ധം അന്വേഷിക്കാൻ ബാംഗ്ലൂരിലും കിങ്‌സ് ബീഡിക്കമ്പനിയുടെ ആസ്ഥാനമായ തിരുനൽവേലിയിലുമൊക്കെ പോയി നിസാമിന്റെ സാമ്രാജ്യങ്ങൾ കണ്ടു കണ്ണു മഞ്ഞളിച്ചു തിരിച്ചെത്തിയ പൊലീസ് നിസാമിനെ വാഴ്‌ത്തിപ്പാടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തിരുനൽവേലിയിലെ കിങ്‌സ് ബീഡിക്കമ്പനിയിൽത്തന്നെ 12,000 തൊഴിലാളികളുണ്ടെന്നാണ് പൊലീസ് മാദ്ധ്യമങ്ങളെ അറിയിച്ചത്. എന്നാൽ 3000 പേരാണുള്ളതെന്നു പിന്നീട് സംഘാംഗം മറുനാടൻ മലയാളിയോടു പറഞ്ഞു.ഇയാളുടെ ഇടപാടുകൾ എല്ലാം നിയമവിധേയമാണെന്നും മാഫിയാ ബന്ധം അന്വേഷിച്ചു കണ്ടെത്താനായില്ലെന്നുമാണു പൊലീസ് പറയുന്നത്.

ചന്ദ്രബോസിനെ വധിക്കാൻ ശ്രമിച്ചതിന് നിസാം പിടിയിലായപ്പോൾതന്നെ സ്ഥലത്തെത്തിയ എ.ഡി.ജി.പി ശങ്കർ റെഡ്ഡി ഇയാൾക്കെതിരെ ഗുണ്ടാ നിയമമായ കാപ്പ ചുമത്തുമെന്ന് അറിയിച്ചിരുന്നു.രുഎന്നാൽ അതുപറഞ്ഞ ശങ്കർ റെഡ്ഡിയുടെ പൊടി പോലും പിന്നെ കണ്ടിട്ടില്ല. നിലവിൽ 11 കേസുകളുണ്ടു നിസാമിന്റെ പേരിൽ. ഇതിൽനിന്നു ഊരിപ്പോയാലും അടുത്തദിവസംതന്നെ ഈ ക്രിമിനൽ വ്യവസായി ആരുടെയെങ്കിലും പുറത്തുകയറുമെന്ന് അയാളുടെ മുൻചരിത്രം തെളിയിക്കുന്നു. പലരും ഭയപ്പാടുമുലമാണ് നിസാമിനെതിരേ കേസ് കൊടുക്കാൻ തയാറാവാത്തത്. അതിനിടയിലാണ് മുഖ്യമന്ത്രിയും എറണാകുളത്തെ പ്രമുഖ എ ഗ്രൂപ്പ് എം എൽ എയും കേസിൽ വിലങ്ങിയത്. നിസാമിനെതിരായ കേസുകളുടെ സ്വഭാവം പരിശോധിച്ചു വരികയാണെന്നുന്നുപറഞ്ഞിരുന്ന പൊലീസ് ഇപ്പോൾ, പല കേസുകളും ഒത്തുതീർപ്പിന്റെ വക്കിലായതുകൊണ്ട് ഗുണ്ടാനിയമമായ കാപ്പ നിലനിൽക്കില്ലെന്ന വാദമാണ് ഉയർത്തിയിരിക്കുന്നത്. കേസുകൾ ഭാവിയിൽ ഒത്തുതീർക്കുമെന്നു കാട്ടി കാപ്പ ചുമത്താത്തതു പൊലീസിന്റെ അമിതതാത്പര്യത്തിനു തെളിവാണ്.

തങ്ങൾ ഇരയായ ചന്ദ്രബോസിനൊപ്പമാണെന്ന് പ്രഖ്യാപിക്കാൻ തൊട്ടടുത്തദിവസം തന്നെ തൃശൂരിലെത്തിയ മുഖ്യമന്ത്രിയും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ചികിത്സാചെലവ് സംസ്ഥാന ഗവണ്മെന്റ് വഹിക്കുമെന്ന വിചിത്രമായ പ്രഖ്യാപനം മാദ്ധ്യമങ്ങളെ അറിയിച്ച മുഖ്യമന്ത്രിയുടെ വാക്കിന് പഴയചാക്കിന്റെ പോലും വിലയില്ലെന്ന് ജനങ്ങൾ ഒരിക്കൽകൂടി തിരിച്ചറിഞ്ഞു.

ഇപ്പോൾ നിസാമിനെതിരെ ചുമത്തിയ വകുപ്പുകൾ പ്രകാരം ചുരുങ്ങിയത് 10 വർഷംവരെ അഴിയെണ്ണാം എന്ന തിരിച്ചറിവു കൂടിയാണ് ഒത്തുതീർപ്പ് ശ്രമത്തിന് വേഗം കൂട്ടിയതെന്നും ചില പൊലീസുകാർ തന്നെ പറയുന്നു. ഏതൊക്കെ കേസ് തീർന്നാലും വനിതാ എസ്.ഐയെ കാറിൽ പൂട്ടിയിട്ട കേസ് മാത്രം തങ്ങൾ പിൻവലിക്കില്ലെന്ന് ഉറച്ച നിലപാടുള്ള ചില പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മയക്കുമരുന്ന് - മാഫിയ ബന്ധം അന്വേഷണത്തിൽപോലും വരാതിരുന്ന സാഹചര്യത്തിൽ ചന്ദ്രബോസും കുടുംബവും കേസിൽ എത്രത്തോളം ഉറച്ചുനിൽക്കുമെന്നതിനെ ആശ്രയിച്ചാണു വധശ്രമക്കേസിന്റെ ഭാവി.