ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എ കെ ആന്റണിയുടെ അസുഖത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നു. വിദഗ്ധ പരിശോധനക്കായി ആന്റണി ഇന്നലെ അമേരിക്കയിലേക്ക് തിരച്ചിട്ടുണ്ട്. ഇതോടെയാണ് അദ്ദേഹത്തിന്റെ രോഗവിവരത്തെ കുറിച്ച് ആശങ്ക ഉണ്ടായത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഭാര്യ എലിസബത്ത് തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. യു.എസിലെ പ്രശസ്തമായ മയോ ക്‌ളിനിക്കിലാണ് ആന്റണി പരിശോധനക്ക് വിധേയനാവുക.

പ്രതിരോധ മന്ത്രിയായിരിക്കെ, ആന്റണി ഡൽഹിയിലെ മിലിട്ടറി ആശുപത്രിയിൽ പ്രോസ്റ്റേറ്റ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ആന്റണിയുടെ അസുഖ വിവരത്തെ കുറിച്ച് ഔദ്യോഗികമായി വിവരം പുറത്തുവന്നിട്ടില്ലെങ്കിലും പ്രൊസ്റ്റേറ്റ് കാൻസറാണ് അദ്ദേഹത്തിനെന്നാണ് സൂചനകൾ. ഇതുമായി ബന്ധപ്പെട്ട തുടർ പരിശോധനക്കാണ് അമേരിക്കയിലേക്ക് പോകുന്നതെന്നാണ് അറിയുന്നത്.

ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ കോടതിയിൽ ഹാജരായപ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആന്റണിയുമത്തെിയിരുന്നു. ശനിയാഴ്ചരാത്രിയാണ് ആന്റണിയും ചെന്നിത്തലയും മറ്റും ഡൽഹിയിൽനിന്ന് വിമാനം കയറിയത്. ആന്റണിയുടെ അസുഖവിരത്തെക്കുറിച്ച് ചില വാർത്തകൾ കഴിഞ്ഞ ദിവസം ഒരു ഇംഗ്‌ളീഷ് പത്രത്തിലൂടെയും പുറത്തുവന്നിരുന്നു. ഇത് വാട്‌സാപ്പിലും മറ്റും പ്രചരിച്ചത് കോൺഗ്രസ് പ്രവർത്തകരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

അതേസമയം ആന്റണിയുടെ അസുഖവിവരത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ കോൺഗ്രസ് പ്രതികരണവുമായി രംഗത്തെത്തി. ആന്റണി ചെക്കപ്പിനുവേണ്ടിയാണ് അമേരിക്കയിൽ പോവുന്നതൈന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കവേണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കേരളത്തിനിന്നും ഇതു സംബന്ധിച്ച് നിരവധി അന്വേഷണങ്ങൾ വരുന്നുണ്ടെങ്കിലും പേടിക്കാനൊന്നുമില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ളവർ പ്രതികരിച്ചത്.

അതേസമയം കേരളത്തിന്റെ മുൻ സ്പീക്കർ ജി കാർത്തിയേകൻ കാൻസർ ചികിത്സയ്ക്കായി പോയ ആശുപത്രിയാണ് അമേരിക്കയിലെ മയോ ക്ലിനിക്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കാൻസർ ട്രീറ്റ്‌മെന്റ് ലഭിക്കുന്ന സ്ഥാപനമാണിത്. മുമ്പ് ഇതേ ആശുപത്രിയിൽ കാർത്തികേയനൊപ്പം പോയ പരിചയം ഉള്ളതുകൊണ്ടാണ് ആന്റണി രമേശ് ചെന്നിത്തലയെയും ഒപ്പം കൂട്ടിയതെന്നുമാണ് അറിയുന്നത്.

ആന്റണിയുടെ അസുഖ വിവരത്തെ കുറിച്ച് ഒരുകാലത്ത് അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയിരുന്ന ചെറിയാൻ ഫിലിപ്പും ഫേസ്‌ബുക്കിലൂടെ ആശങ്ക അറിയിച്ചിരുന്നു. ചില വിദഗ്ദ പരിശോധനകൾക്കായി ആന്റണി അമേരിക്കയിലേക്ക് പോവുകയാണെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ ഫോണിൽ വിളിച്ചു വിശദമായി സംസാരിച്ചു. ഒരു കാലത്ത് ആന്റണിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന എനിക്ക് ഇന്ന് അദ്ദേഹത്തെ പരിചരിക്കാൻ കഴിയാത്തതിൽ തീവ്ര ദുഃഖമുണ്ട്. ആന്റണിയോടൊപ്പം രമേശ് ചെന്നിത്തലയും അമേരിക്കയിലേക്ക് പോകുന്നുണ്ട്. അദ്ദേഹത്തിന് ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും ചെറിയാൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

ആന്റണിയുടെ അസുഖ വിവരം അറിഞ്ഞതോടെ കോൺഗ്രസ് അനുയായികൾ അടക്കമുള്ളവരും അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസ നേർന്നു. നേരത്തെ പ്രോസ്‌റ്റേറ്റ് ശസ്ത്രക്രിയയ്ക്ക വിധേയനായ ആന്റണി തുടർപരിശോധനകളിലാണ് രോഗാവസ്ഥയെ കുറിച്ച് വ്യക്തമായി അറിഞ്ഞതെന്നാണ് അറിയുന്നത്. പുരുഷഗ്രന്ഥിക്കുണ്ടാകുന്ന അർബുദമാണ് പ്രോസ്‌റ്റേറ്റ് കാൻസർ. പ്രാഥമിക പരിശോധനയിൽ കൂടി പ്രോസ്‌റ്റേറ്റ് കാൻസറിനെ തിരിച്ചറിഞ്ഞാൽ 40 ശതമാനം ചികിത്സക്ക് ഭേദമാക്കാനാവും.

പ്രോസ്‌റ്റേറ്റിലുണ്ടാകുന്ന രണ്ട് പ്രധാന രോഗങ്ങളിൽ ഒന്ന് കാൻസറല്ലാത്ത പ്രോസ്‌റ്റേറ്റിലെ വീക്കവും, മറ്റൊന്ന് കാൻസർ വന്നുള്ള പ്രോസ്‌റ്റേറ്റ് വീക്കവുമാണ്. കാൻസറല്ലാതയുള്ള പ്രോസ്‌റ്റേറ്റ് വീക്കം വളരെ സാധാരണമാണ്. അതിന്റെ ലക്ഷണങ്ങൾ മൂത്ര വിസർജ്ജനത്തിനുള്ള ബുദ്ധിമുട്ടും മറ്റുമാണ്. പ്രോസ്‌റ്റേറ്റ് കാൻസറിന്റെ ലക്ഷണം ഇതിനു സമാനമായതിനാൽ, ലക്ഷണങ്ങളെ അടിസ്ഥാമാക്കി മാത്രം ഈ രോഗത്തെ നമുക്ക് തിരിച്ചറിയാനാകില്ല. അതിനാൽ പ്രോസ്‌റ്റേറ്റ് കാൻസറിനെ നിർണയിക്കുന്നതിനുള്ള ഒരു സ്‌ക്രീനിങ് അനിവാര്യമാണ്.

പ്രോസ്‌റ്റേറ്റ് കാൻസർ സ്‌ക്രീൻ ചെയ്യുന്നതിന് ചില ഉപാധികളുണ്ട്. വിദഗ്ധ ഡോക്ടറുടെ പരിശോധന, പി.എസ്.എ പരിശോധന എന്നിവയാണ് ഇതിൽ പ്രധാനം. പ്രോസ്‌റ്റേറ്റിൽ കാൻസർ കോശങ്ങളുണ്ടാ എന്നും ഇതിന് പുനർപരിശോധന ആവശ്യമാണോ എന്നും പി.എസ്.എ പരിശോധനയിലൂടെ മനസിലാക്കാനും സാധിക്കും. ഇത്തരം വിഗദ്ധ പരിശോധനകൾക്കാണ് എകെ ആന്റണി വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്.

ചികിത്സ കഴിഞ്ഞ് തിരികെ എത്തിയാൽ സജീവ രാഷ്ട്രീയത്തിൽ നിന്നും ആന്റണി വിരമിക്കുമെന്ന സൂചനകളുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ ഇല്ലെന്ന് ആന്റണി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിനെ നിക്കാനുള്ള മിടുക്കന്മാർ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ആന്റണിയുെട അസുഖം കോൺഗ്രസിന്റെ പ്രചരണത്തെയും ബാധിക്കുമോ എന്ന ഭയം പാർട്ടി അണികൾക്കും നേതാക്കൾക്കുമുണ്ട്.