- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യം ചോദിച്ചിട്ട് നൽകിയില്ല; വാക്കേറ്റത്തിനൊടുവിൽ സ്ത്രീ മദ്ധ്യവയസ്കന്റെ കാലിൽ വെട്ടി; തൊടുപുഴയിലെ മദ്ധ്യവയസ്‌കൻ രക്തം വാർന്ന് മരിച്ച സംഭവം കൊലപാതകം; അറസ്റ്റിലായത് വെള്ളിയാമറ്റം സ്വദേശിനി സെലീന
തൊടുപുഴ: നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കാലിന് പരിക്കേറ്റ് രക്തം വാർന്ന് മദ്ധ്യവയസ്‌കൻ മരിച്ച സംഭവം കൊലപാതകം.സംഭവുമായി ബന്ധപ്പെട്ട് വെള്ളിയാമറ്റം പന്നിമറ്റം തെക്കേതിൽ വീട്ടിൽ സെലീനയെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യം ചോദിച്ചിട്ട് നൽകാത്തതിലുള്ള പകയാണ് സെലിനയെക്കൊണ്ട് ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. ലഹരിക്കടിമപ്പെട്ട് സ്ഥിരമായി നഗരത്തിൽ അലഞ്ഞ് തിരിയുന്ന ഉടുമ്പന്നൂർ നടൂപ്പറമ്പിൽ അബ്ദുൾ സലാം എന്ന അമ്പിയാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ടൗൺഹാളിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് പിടിച്ചുപറി, മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള അബ്ദുൾ സലാം സ്ഥിരമായി ഉറങ്ങിയിരുന്നത്. തിങ്കളാഴ്ച വൈകിട്ട് സെലീന ഇവിടെയെത്തി അബ്ദുൾ സലാമിന്റെ പക്കലിരുന്ന മദ്യം ആവശ്യപ്പെട്ടു. നൽകാൻ അബ്ദുൾ സലാം തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സെലീന അബ്ദുൾ സലാമിന്റെ കാൽക്കുഴക്ക് മുകളിലായി വെട്ടി മുറിവേൽപ്പിച്ചു.മാരകമായി മുറിവേറ്റ അബ്ദുൾ സലാം രക്തം ഒഴുകുന്ന നിലയിൽ നഗരത്തിലൂടെ നടന്നു. തുടർന്ന് വെയിറ്റിങ് ഷെഡിലെത്തി കിടന്നു. അപ്പോഴേക്കും സാരമായ തോതിൽ രക്തം വാർന്ന് പോയിരുന്നു.
ഇത് കണ്ട യാത്രക്കാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഇയാളെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു. എന്നാൽ ചൊവ്വാഴ്ച രാവിലെ ഇയാൾ മരിച്ചു. ഇതോടെ പൊലീസ് സെലീനയെ കസ്റ്റഡിയിലെടുത്തു. എന്നാൽ താനല്ല അക്രമിച്ചതെന്ന നിലപാടിൽ സെലീന ഉറച്ച് നിന്നു.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പരിക്കേറ്റ ശേഷം അബ്ദുൽ സലാം നഗരത്തിൽ നടക്കുന്നതിനിടെ പലരുടെയും അടുക്കൽ ചെന്ന് സെലീനയാണ് മുറിവേൽപ്പിച്ചതെന്ന കാര്യം പറഞ്ഞിരുന്നു.ഇവരിൽ ചിലരെ കണ്ടെത്തി ഇക്കാര്യത്തിൽ ഉറപ്പ് വരുത്തിയ ശേഷം ഇന്നലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സെലീന കുറ്റം സമ്മതിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ അക്രമം നടത്തിയ രീതി സെലീന പൊലീസിന് മുന്നിൽ വിവരിച്ചു.വെട്ടി പരിക്കേൽപ്പിച്ച ശേഷം നഗരസഭാ പാർക്കിന് സമീപത്തെ കംഫർട്ട് സ്റ്റേഷന് സമീപത്തായി പാലത്തിൽ നിന്ന് കത്തി താഴേക്ക് എറിഞ്ഞു. ഇത് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. കത്തി കളഞ്ഞ ശേഷം ജ്യോതി സൂപ്പർ ബസാറിന് സമീപത്ത് സ്ഥിരമായി സെലീന തങ്ങുന്ന കംഫർട്ട് സ്റ്റേഷനിലെത്തി കുളിച്ച് വസ്ത്രം മാറി. അക്രമ സമയത്ത് ഉപയോഗിച്ച ചോര പുരണ്ട വസ്ത്രം ഉൾപ്പെടെയുള്ളവ ഇവിടെയെത്തിച്ചുള്ള തെളിവെടുപ്പിൽ പൊലീസ് കണ്ടെത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം അബ്ദുൾ സലാമിന്റെ ബന്ധുക്കൾക്ക് വിട്ടുനൽകി. അമിതമായ രക്തം സ്രാവത്തെ തുടർന്നാണ് മരണമെന്ന് പ്രാഥമിക നിഗമനമെന്ന് സർജ്ജൻ സൂചിപ്പിച്ചതായി തൊടുപുഴ സിഐ വി സി. വിഷ്ണുകുമാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ