കൊച്ചി: ശബരിമലയിൽ സമരം ഏറ്റെടുത്തത് സംഘപരിവാർ സംഘടനകളാണ്. ശബരിമല കർമ്മ സമിതി രൂപീകരിച്ച് ഉത്തരവാദിത്തങ്ങളും നൽകി. ഇതിന് അനുസരിച്ച് എല്ലാം നടക്കുന്നു. ഇതിനിടെയാണ് ബിജെപി നേതാക്കൾക്ക് ചുമതല നിശ്ചയിച്ച് നൽകി സർക്കുലർ ബിജെപി ഇറക്കിയത്. ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനാണ് ഇത്തരത്തിലൊരു സർക്കുലർ എറക്കിയതും. ഇത് ചോർന്നതോടെ ഹൈക്കോടതിയിലെ കേസിൽ പരിവാറുകാരുടെ മോഹം പൊളിഞ്ഞു. സർക്കാരും ഹർജിക്കാരും ചേർന്നാണ് എല്ലാ പ്രശ്‌നവും ഉണ്ടാക്കുന്നതെന്ന നിരീക്ഷണത്തിൽ ഹൈക്കോടതി എത്തി. അങ്ങനെ സർക്കാർ രക്ഷപ്പെടുത്തി. എഎൻ രാധാകൃഷ്ണന്റെ സർക്കുലർ ഹാജരാക്കിയായിരുന്നു അഡ്വക്കേറ്റ ജനറൽ ഹൈക്കോടതിയിൽ സർക്കാരിനെ രക്ഷിച്ചെടുത്തത്. ഇതിനെ ഗൗരവതരമായ സാഹചര്യമായാണ് ആർഎസ്എസ് ഉന്നത നേതൃത്വം കാണുന്നത്.

നേരത്തെ ശബരിമലയിൽ വ്യക്തമായ സ്വാധീനം പരിവാറുകാർക്ക് കിട്ടിയിരുന്നു. ഇതിനിടെയാണ് തന്ത്രി തന്നോട് ഫോൺ ചെയ്ത് എല്ലാം തിരക്കിയെന്ന ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലെത്തിയത്. യുവമോർച്ചാ യോഗത്തിലെ വീമ്പു പറച്ചിലോടെ രഥയാത്രയും വേണ്ടത്ര ശ്രദ്ധയിലെത്തി. ഇതിന് ശേഷം ശബരിമലയിൽ കരുതലോടെയാണ് പരിവാർ ഇടപെടൽ നടത്തിയത്. ഇതിൽ സർക്കാർ വെട്ടിലാവുകയും ചെയ്തു. തീർത്ഥാടകർക്ക് വലിയ കുറവുകളുണ്ടെന്ന് കോടതിയെ ബോധിപ്പിക്കാൻ കഴിഞ്ഞു. ഇതിനിടെയാണ് ശബരിമലയിൽ പ്രവർത്തകരെ അയക്കണമെന്ന് കാട്ടിയുള്ള ബിജെപി സർക്കുലർ സിപിഎമ്മിന് പിടിവള്ളിയായത്. ഇത്തരമൊരു സർക്കുലർ എ എൻ രാധാകൃഷ്ണൻ എന്തിന് ഇറക്കിയെന്നതാണ് ഉയരുന്ന ചോദ്യം. സങ്കീർണ്ണമായ പ്രശ്‌നങ്ങളാണ് ശബരിമലയിൽ ഈ സർക്കുലർ പരിവാർ പ്രസ്ഥാനത്തിനുണ്ടാക്കുന്നത്. ശബരിമലയിൽ കുഴപ്പമുണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന വരുത്തി തീർക്കാൻ ശ്രമിക്കുന്നവർക്ക് കരുത്ത് നൽകുന്നതായിരുന്നു രാധാകൃഷ്ണന്റെ സർക്കുലർ.

ഇതിനൊപ്പം നാളെ ഞാൻ പമ്പയിൽ പോകുമെന്നും തടയുന്നവർ തടയട്ടേയെന്ന വീമ്പു പറച്ചിലും രാധാകൃഷ്ണന് വിനയായിട്ടുണ്ട്. വാഹന പാസില്ലാതെ ഏവരും പോകണമെന്നും പറഞ്ഞു. എന്നാൽ പരസ്യ പ്രസ്താവന നടത്തിയിട്ടും ഇതുവരെ ആരും പമ്പയിലോ നിലയ്ക്കലിലോ ഒന്നുംമ രാധാകൃഷ്ണനെ കണ്ടില്ല. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനൊപ്പം രാധാകൃഷ്ണൻ പമ്പയിൽ എത്തുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതും സംഭവിച്ചില്ല. ഇതിനൊപ്പമാണ് പിണറായി വിജയനെതിരായ രാധാകൃഷ്ണന്റെ പ്രസ്താവനയും സോഷ്യൽ മീഡിയയിൽ വലിയ പ്രഹരമായി സംഘപരിവാറിന് മാറുന്നത്. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ ബിജെപിയുടെ പ്രതിഷേധയോഗത്തിനിടെയാണ് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ മുഖ്യമന്ത്രിയെ ചവിട്ടി കടലിലെറിയുമെന്ന് പ്രസംഗിച്ചത്.

സമരത്തിനിടെ ചിലരുടെ ഭീഷണിയൊക്കെ കേട്ടു എനിക്കതിൽ പ്രത്യേകിച്ചൊന്നും പറയാനില്ല പക്ഷെ ചവിട്ടാൻ ഇപ്പോൾ ഉള്ള കാലിന്റെ ബലം പോരെന്ന് പിണറായി മറുപടി പറയുകയും ചെയ്തു. ഈ ശരീരം ചവിട്ടുകൊള്ളാത്ത ശരീരമല്ല ഒരുപാട് ചവിട്ടുകൾ കൊണ്ടിട്ടുണ്ട് അതും ബൂട്ടിട്ട കാലുകൾ കൊണ്ട്. അതുകൊണ്ട് തൽക്കാലം ഒരു വൈക്കോൽ പ്രതിമയുണ്ടാക്കി ആഗ്രഹം തീർക്കാം എന്നല്ലാരെ വേറെ രക്ഷയൊന്നും ഇല്ല. അതിനപ്പുറമൊന്നും ഒരു ഭീഷണിക്കും വകവച്ചുകൊടുക്കുന്നവനല്ല താനെന്നെങ്കിലും എൻ രാധാകൃഷ്ണൻ മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും പിണറായി പറഞ്ഞു. ഇതോടെ രാധാകൃഷ്ണൻ ഏറെ പ്രതിരോധത്തിലായി. പമ്പയിലേക്ക് രാധാകൃഷ്ണൻ എത്തിയത് മുഖ്യമന്ത്രിയെ ഭയന്നാണെന്ന പ്രചരണവും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിനൊപ്പമാണ് സർക്കുലറിൽ പരിവാറും രാധാകൃഷ്ണനും എതിരാകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗമാണ് രാധാകൃഷ്ണൻ നടത്തിയത്. ''ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. പിണറായിക്ക് കാറിൽ നിന്നിറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടാക്കും. മണിക്ക് സർക്കാരിന്റെ ഗതി വരുത്തും നാളെ ഞാൻ ശബരിമലക്ക് പോകും. ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യു.''-കൊച്ചിയിൽ നടത്തിയ പ്രസംഗത്തിൽ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. എസ്‌പി യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്നും എ.എൻ. രാധാകൃഷ്ണൻ പറഞ്ഞിരുന്നു. യതീഷ്ചന്ദ്രെയെ നിലക്കലിൽ നിന്ന് മാറ്റണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പൊലീസ് നിർദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ. സുരേന്ദ്രനും കെ.പി. ശശികലയുമടക്കമുള്ള ബിജെപി സംഘപരിവാർ നേതാക്കളെ അറസ്റ്റ് ചെയ്തത് എസ്‌പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു.

കോടതിയിൽ സർക്കാരിന് വേണ്ടി സർക്കുലർ ഹാജരാക്കിയത് കമ്മ്യൂണിസ്റ്റുകാരനായ എജിയാണെന്നും എ.എൻ രാധാകൃഷ്ണൻ ആരോപിച്ചു. അതേസമയം ശബരിമലയിലേക്ക് പ്രവർത്തകരെ എത്തിക്കനായി ജില്ലാ നേതൃത്വത്തങ്ങൾക്ക് നിർദ്ദേശം നൽകി പുറത്തിറക്കിയ സർക്കുലർ രാധാകൃഷ്ണൻ തള്ളിയില്ല. ബിജെപി പല സർക്കുലറും ഇറക്കുമെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി. ഇതോടെ സർക്കുലർ വ്യാജമാണെന്ന് പറയാനുള്ള സാഹചര്യവും ബിജെപിക്കും സംഘപരിവാറിനും ഇല്ലാതെയായി. ജൻദൻ ഔഷധിയിൽ ഉൾപ്പെടെ നിരവധി ആരോപണങ്ങൾ രാധാകൃഷ്ണനെതിരെ ഉയർന്നിരുന്നു. അന്നൊക്കെ പരിവാറിന്റെ പിന്തുണ രാധാകൃഷ്ണന് കിട്ടിയിരുന്നു. കുമ്മനം രാജശേഖരൻ മിസോറാം ഗവർണ്ണറായപ്പോൾ പാർട്ടി സംസ്ഥാന അധ്യക്ഷനാകാനും രാധാകൃഷ്ണൻ ശ്രമിച്ചിരുന്നു. ആർഎസ്എസ് അന്ന് ഇതിനോട് യോജിച്ചില്ല. അതുകൊണ്ട് മാത്രമാണ് അധ്യക്ഷനാകാതെ രാധാകൃഷ്ണൻ പോയത്.

ശബരിമലയിലേക്ക് പ്രവർത്തകരെ സംഘടിപ്പിച്ചെത്തിക്കാനുള്ള ബിജെപി നീക്കം പുറത്തായത് രാധാകൃഷ്ണന്റെ സർക്കുലറിലൂടെയാണ്. സന്നിധാനത്ത് പ്രതിഷേധം സംഘടിപ്പിക്കാനുള്ള നേതാക്കളെ നിശ്ചയിച്ച് രാധാകൃഷ്ണൻ ഇറക്കിയ സർക്കുലറാണ് പുറത്ത് വന്നത്. ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്കെതിരെയാണ് സമരം എന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും നേരത്തെ രംഗത്ത് വന്നിരുന്നു. ശബരിമല വിഷയത്തിൽ വ്യക്തമായ പദ്ധതിയോടെയാണ് സമരം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പല തവണ വ്യക്തമാക്കിയതാണ്. ഈ വാക്കുകൾ സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സർക്കുലർ.

ഈ മാസം 18 മുതൽ ഡിസംബർ 15 വരെ ശബരിമലയിൽ എത്തേണ്ട ബിജെപി നേതാക്കളുടെ പട്ടികയാണ് സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ പുറത്തിക്കിയ സർക്കുലറിലുള്ളത്. നിയോജക മണ്ഡല അടിസ്ഥാനത്തിലാണ് നേതാക്കൾക്ക് ചുമതല. സംഘ ജില്ലകളിൽ നിന്ന് പരമാവധി പ്രവർത്തകരെ സന്നിധാനത്ത് എത്തിക്കണം. നിർദ്ദേശ പ്രകാരം സമരങ്ങൾ ഏകോപിപ്പിക്കേണ്ടത് നേതാക്കളാണ്. സമരം ഏകോപിപ്പിക്കാൻ നേതാക്കളുടെ ഫോൺ നമ്പരും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മണ്ഡലകാലത്തെ ബാക്കി ദിവസത്തേക്കുള്ള നേതാക്കളുടെ പട്ടികയും ഫോൺ നന്പരും പിന്നാലെ വരുമെന്ന അറിയിപ്പും ഇതിലുണ്ട്.