മോസ്‌കോ: വർഷങ്ങൾക്ക് മുമ്പ് പഴയ സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ നിലനിന്നിരുന്ന ശീതയുദ്ധം ഓർമയില്ലേ.... ? പ്രത്യക്ഷത്തിൽ യുദ്ധമില്ലെങ്കിലും അന്ന് ഇരു പക്ഷങ്ങൾക്കിടയിലും നിലനിന്നിരുന്ന വടം വലികളും കടുംപിടുത്തങ്ങളും ലോകത്തെ തന്നെ തികഞ്ഞ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിട്ടിരുന്നു. തുടർന്ന് സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമാവുകയും അമേരിക്കയും റഷ്യയും തങ്ങളുടെ നിലപാടുകളിൽ വിട്ട് വീഴ്ചകൾ ചെയ്യാൻ തയ്യാറായതിനെ തുടർന്ന് ഇരു പക്ഷത്തിനുമിടയിലുള്ള നയതന്ത്ര ബന്ധങ്ങളിൽ ആശാവഹമായ പുരോഗതി ദൃശ്യമാവുകയും ചെയ്തിരുന്നു.

ഇരു വിഭാഗങ്ങൾക്കുമിടയിലുള്ള പ്രശ്‌നങ്ങലുടെ മഞ്ഞുരുകിയെന്നും ഇനി സൗഹൃദത്തിന്റെ നാളുകളാണെന്ന് ലോകം ആശ്വസിക്കാൻ തുടങ്ങുകയും ചെയ്യുമ്പോഴാണ് ഉക്രയിൻ പ്രശ്‌നത്തിന്റെയും സിറിയൻ പ്രശ്‌നത്തിന്റെയും പേരിൽ അമേരിക്കയും റഷ്യയും തമ്മിൽ ഉരസലുകൾ ആരംഭിച്ചത്. അതിപ്പോൾ മൂർധന്യത്തിലെത്തിയിരിക്കുകയാണ്. റഷ്യയ്ക്ക് ഏറ്റവും വലിയ ഭീഷണി അമേരിക്കയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമെർ പുട്ടിൻ പുതുവർഷ പുലരിയിൽ തുറന്നടിച്ചതോടെ ഈ സ്പർദ്ധ അതിന്റെ പാരമ്യതയിലെത്തിയിരിക്കുകയാണ്. ഇതോടെ ഇരുപക്ഷത്തും പഴയതിനേക്കാൾ വലിയ ചാരപ്രവർത്തനവും പ്രതിരോധ നീക്കവും ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

റഷ്യയുടെ ദേശീയ സുരക്ഷയ്ക്ക് അമേരിക്കയാണ് ഏറ്റവും വലിയ ഭീഷണിയെന്ന പുട്ടിന്റെ പുതിയ വിലയിരുത്തലാണ് ഇപ്പോൾ ഇരുപക്ഷത്തെയും ബന്ധത്തെ മോശമായ രീതിയിലെത്തിച്ചിരിക്കുന്നത്. ഇതോടെ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇരു പ ക്ഷവും തമ്മിൽ വളർന്ന് വന്നിരുന്ന ബന്ധം ഏതാണ് മുറിയുമെന്നുറപ്പായിരിക്കുകയാണ്. 'എബൗട്ട് ദി സ്ട്രാറ്റജി ഓഫ് നാഷണൽ സെക്യൂരിറ്റി ഓഫ് റഷ്യൻ ഫെഡറേഷൻ' എന്ന രേഖയിൽ പുതുവർഷത്തിൽ ഒപ്പ് വച്ച് കൊണ്ടാണ് പുട്ടിൻ വിവാദമായ പ്രസ്താവന യുഎസിനെതിരെ നടത്തിയിരിക്കുന്നത്. റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണി അമേരിക്കയല്ലെന്നും മറിച്ച് നാറ്റോ ആണെന്നുമായിരുന്നു 2009ൽ അന്നത്തെ പ്രസിഡന്റും ഇന്നത്തെ പ്രധാനമന്ത്രിയുമായ ദിമിത്രി മെഡ്വെഡേവ് ഒപ്പ് വച്ചിരുന്ന രേഖയിൽ പ്രഖ്യാപിച്ചിരുന്നത്. ആ പഴയ രേഖയ്ക്ക് പകരമായാണ് പുട്ടിൻ ദേശീയ സുരക്ഷയെ സംബന്ധിച്ച പുതിയ രേഖയിൽ ഒപ്പ് വച്ചിരിക്കുന്നത്. പുട്ടിന്റെ ഈ നിലപാട് മാറ്റം അമേരിക്കയെ ചൊടിപ്പിക്കുകയും ബന്ധങ്ങളിൽ കടുത്ത വിള്ളൽ വീഴ്‌ത്തുകയുംചെയ്തിട്ടുണ്ട്.

ആഗോള പ്രശ്‌നങ്ങളും അന്താരാഷ്ട്ര കലഹങ്ങളും പരിഹരിക്കുന്നതിൽ സജീവമായി ഇടപെടുന്നത് റഷ്യ വർധിപ്പിച്ചിരിക്കുകയാണെന്നും തൽഫലമായി ഇതിനെതിരെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിഷേധവും വർധിച്ചിരിക്കുന്നുവെന്ന് പ്രസ്തുത രേഖ പ്രസ്താവിക്കുന്നു. റഷ്യയുടെ ദേശീയ സുരക്ഷയ്ക്ക് നേരെ പുതിയ ഭീഷണികൾ ഉയർന്നു വന്ന സാഹചര്യത്തിൽ റഷ്യ സുരക്ഷ വർധിപ്പിക്കാൻ നിർബന്ധിതമായിരിക്കുന്നു. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഒരു സ്വതന്ത്ര നയം നടപ്പിലാക്കാൻ റഷ്യ ശ്രമിച്ചതിന്റെ ഫലമായി രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് നേരെ യുഎസിന്റെയും സഖ്യരാഷ്ട്രങ്ങളുടെയും ഭാഗത്ത് നിന്ന് കടുത്ത എതിർപ്പും ഭീഷണിയുമാണ് ഉയർന്ന് വന്നിരിക്കുന്നത്. ലോക കാര്യങ്ങളിൽ തങ്ങളുടെ ആധിപത്യം നിലനിർത്തുന്നതിന്റെ ഭാഗമായാണ് അവർ റഷ്യയ്‌ക്കെതിരെ രംഗത്തെത്തിയതെന്നും പ്രസ്തുത രേഖയിലൂടെ റഷ്യ വ്യക്തമാക്കുന്നുണ്ട്. ഇക്കാരണത്താൽ റഷ്യയ്ക്ക് മേൽ രാഷ്ട്രീയപരവും സാമ്പത്തിക പരവും സൈനികപരവും വിവരപരവുമായ സമ്മർദം വർധിപ്പിച്ചിരിക്കുകയാണെന്നും പ്രസ്തുത രേഖയിലൂടെ പുട്ടിൻ ആരോപിക്കുന്നു.

2014ൽ റഷ്യൻ സേന ഉക്രയിനിൽ നിന്നും ക്രിമിയൻ പെനിസുലയിലേക്ക് കടന്ന് കയറിയത് മുതൽ പാശ്ചാത്യ ശക്തികളും റഷ്യയും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയിരുന്നു. തുടർന്ന് കിഴക്കൻ ഉക്രയിനിലെ സമാധാനം തല്ലിക്കെടുത്തുന്ന കലാപകാരികളെ റഷ്യ സഹായിക്കുന്നതിനെ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾ വിമതരെ സഹായിക്കുന്നുവെന്ന ആരോപണം റഷ്യ തള്ളിക്കളയുകയും ചെയ്തിരുന്നു. യുഎസും യൂറോപ്യൻ യൂണിയനും റഷ്യൻ കമ്പനികൾക്കും വ്യക്തികൾക്കും നേരെ ഉപരോധം ഏർപ്പെടുത്തുന്നതിന്റെ വക്കിലെത്തിയിട്ടുമുണ്ട്. ഇതിനെതിരെ യൂറോപ്യൻ യൂണിയനിലേക്ക് ഭക്ഷ്യ വസ്തുക്കളും മറ്റ് വസ്തുക്കളും കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയാണ് റഷ്യപ്രതികരിച്ചിരിക്കുന്നത്.

ഉക്രയിനിലെ പ്രശ്‌നത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും ഭരണഘടനാ വിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് പുതിയ രേഖയിൽ പുട്ടിൻ ആരോപിച്ചിരിക്കുന്നത്. തൽഫലമായി ഉക്രയിനിലെ സമൂഹത്തിലും സൈന്യത്തിലും ഭിന്നതയുണ്ടായെന്നും റഷ്യ ആരോപിക്കുന്നു. നാറ്റോ വിപുലീകരിക്കുന്നത് റഷ്യയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുവെന്നും പുതിയ രേഖ ചൂണ്ടിക്കാട്ടുന്നുണ്ട്. യുഎസ് അതിന്റെ മിലിട്ടറിബയോളജിക്കൽ ലബോറട്ടറികൾ റഷ്യയുടെ അയൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെയും റഷ്യ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഇതിനാൽ തങ്ങളുടെ പ്രതിരോധത്തിൽ കാര്യമായ അഴിച്ച് പണി നടത്താനും റഷ്യ ആലോചിക്കുന്നുണ്ടെന്ന് പ്രസ്തുത രേഖയിലൂടെ പുട്ടിൻ വ്യക്തമാക്കുന്നു.