മിസൈൽ മാനെ രാഷ്ട്രപതി ഭവനിലേക്ക് ബിജെപി തെരഞ്ഞെടുക്കുമെന്ന് സ്വപ്‌നത്തിൽ പോലും ആരും കരുതിയില്ല. വാജ്‌പേയ് സർക്കാരിന്റെ ഇമേജുയർത്തിയ പൊക്‌റാൻ അണുപരീക്ഷണത്തിന്റെ ചുക്കാൻ പിടിച്ച കലാമിനെ വാജ്‌പേയിക്ക് തികഞ്ഞ ബഹുമാനമായിരുന്നു. പ്രധാനമന്ത്രിയുടെ ഈ മനസ്സ് തന്നെയാണ് കലാമിനെ രാഷ്ട്രപതി ഭവനിലേക്ക് എത്തിച്ചത്. രാഷ്ട്രീയമായി എതിർക്കേണ്ട ബാധ്യത ഇടതുപക്ഷത്തിന് ഉണ്ടായിരുന്നു. അവർ മാത്രം അതു ചെയ്തു. അപ്പോഴും കലാമിനെ മോശക്കാരനാക്കി ഇടതു പക്ഷ ചിത്രീകരിച്ചില്ല. അതുകൊണ്ട് തന്നെ സർവ്വസമ്മതിയോടെ കലാം രാഷ്ട്രപതി പദത്തിലെത്തി.

അന്ന് വരെ റബ്ബർ സ്റ്റാബ്ബെന്നും മറ്റും രാഷ്ട്രീപതിയെ വിമർശിച്ചവർക്ക് കലാം പദവിയുടെ കരുത്ത് കാട്ടി നൽകി. അങ്ങനെ ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതി മുൻഗാമികളിൽ നിന്ന് വ്യത്യസ്തനായി. തന്റെ ജനകീയ നയങ്ങളാൽ, ജനങ്ങളുടെ രാഷ്ര്ടപതി എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25 നു സ്ഥാനമൊഴിഞ്ഞു. 2002 ൽ ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ര്ടപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും, ഭാരതീയ ജനതാ പാർട്ടിയും ഒരുപോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം.

തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്. 10 ജൂൺ 2002 ൽ അന്നത്തെ ഭരണക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാർട്ടിയായിരുന്ന കോൺഗ്രസ്സിനോട് തങ്ങൾ രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുൾ കലാമിനെ പിന്തുണയ്ക്കാൻ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. സമാജ് വാദി പാർട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാവട്ടം പ്രതീക്ഷയുണ്ടായിരുന്ന കെ.ആർ.നാരായണൻ താൻ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞു കലാമിനുള്ള വഴി സുഗമമാക്കി.

അബ്ദുകൾ കലാം. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട കലാം അമുൽ സ്ഥാപകൻ ഡോ.വർഗീസ് കുര്യനെ വിളിച്ച് ചോദിച്ചത് ഇതായിരുന്നു, ഇപ്പോൾ ഞാൻ ഇന്ത്യയുടെ പ്രസിഡന്റായിരിക്കുന്നു. ഇവിടെ നിന്നിറങ്ങും വരെ സർക്കാർ എന്നെ നോക്കും. അപ്പോൾ പിന്നെ എന്റെ ശമ്പളവും സമ്പാദ്യവും ഒക്കെ എന്ത് ചെയ്യുമെന്നായിരുന്നു. ഈ ചോദ്യത്തിന്റെ അർത്ഥം ഉൾക്കൊണ്ട് തന്നെയായിരുന്നു പ്രവർത്തനവും. രണ്ടു സ്യൂട്ട് കേസുകളുമായി രാഷ്ട്രപതി ഭവനിലേക്ക് കയറിയ കലാം അതുമായി തന്നെയാണ് തിരിച്ചിറങ്ങിയതും. അപൂർവമായി തന്നെ സന്ദർശിച്ച കുടുംബക്കാരുടെ ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചെലവിലേക്ക് രണ്ടര ലക്ഷം രൂപ സ്വന്തം സമ്പാദ്യത്തിൽ നിന്ന് നൽകി മാതൃക കാണിക്കാനും അദ്ദേഹം തയ്യാറായി.

ഭാരതരത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. ഡോക്ടർ.എസ്.രാധാകൃഷ്ണനും ഡോക്ടർ.സക്കീർ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അർഹരായവർ. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകൾ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രപതി ഭവനിൽ ജോലിക്കാർ ഉള്ളപ്പോളായിരുന്നു ഇത്. അങ്ങനെ രാഷ്ട്രപതി പദവിയുടെ തിളക്കം കൂട്ടി.

രാഷ്ട്രപതി ഭവനെ സാധാരണക്കാർക്ക് പ്രാപ്യമായതും കലാമിന്റെ കാലത്താണ്. പ്രധാനമന്ത്രിയ്‌ക്കൊപ്പം രാഷ്ട്രപതിയേയും കാണുന്നത് ഇന്ത്യയിലെത്തുന്ന രാഷ്ട്രത്തലവന്മാർ പതിവാക്കി. കലാമിൽ നിന്ന് അറിയാനും പഠിക്കാനും ഏറെയുണ്ടെന്ന് ലോകവും തിരിച്ചറിഞ്ഞു. രാഷ്ട്രപതിയങ്ങനെ ആഗോളതലത്തിൽ തന്നെ ഇന്ത്യയുടെ അംബാസിഡറായി. എല്ലാ ലോകനേതാക്കളുമായും അടുത്ത ബന്ധവും പുലർത്തി. ഭരണ പ്രതിപക്ഷത്തെ പിണക്കാതെ ശരിയെന്ന തീരുമാനം മാത്രമെടുക്കാനുള്ള നയതന്ത്രവും കലാമിനുണ്ടായി. വധശിക്ഷയുമായി ബന്ധപ്പെട്ട തീരുമാനം വൈകുമ്പോൾ രാഷ്ട്രപതിക്ക് വിമർശനമായി. അപ്പോഴും ഒന്നും പറയാതെ ജീവനെടുക്കാൻ തനില്ലെന്ന സന്ദേശം നൽകി. എന്നാൽ വേണ്ടിടത്ത് അത് നൽകുകയും ചെയ്തു.

രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു രണ്ടാമൂഴത്തിനു കൂടി കലാം തയ്യാറാണെന്ന് സൂചനകളുണ്ടായിരുന്നു. പക്ഷേ ജനങ്ങൾക്ക് വേണ്ടി ചിന്തിക്കുന്ന രാഷ്ട്രപതിയെ വീണ്ടും ആ സ്ഥാനത്ത് എത്തിക്കാൻ രാഷ്ട്രീയ നേതൃത്വം തയ്യാറായില്ല. എല്ലാവരും ഒരുമിച്ച് പിന്തുണയ്ക്കില്ലെന്ന് മനസ്സിലായതോടെ കലാം തന്നെ തീരുമാനമെടുത്തു. കലാം രാഷ്ട്രപതിയാവാൻ വീണ്ടും തയ്യാറാണെങ്കിൽ പിന്തുണ നൽകാൻ തയ്യാറാണെന്ന് ചില രാഷ്ട്രീയപാർട്ടികൾ അദ്ദേഹത്തെ അറിയിച്ചുവെങ്കിലും, ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് താനിനിയും രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നു പറഞ്ഞുകൊണ്ട് കലാം തന്നെ രംഗത്തെത്തി. സ്ഥാനമൊഴിഞ്ഞ ശേഷവും ഇന്ത്യക്കാരുടെ മനസ്സിൽ കലാമിന് പ്രസിഡന്റിന്റെ സ്ഥാനം തന്നെയായിരുന്നു.

ഏവരെ അദ്ദേഹത്തെ പൊതു പരിപാടികളിലെത്തിക്കാനായി ക്യൂ നിന്നു. അന്തർദേശീയ പരിപാടികളുടെ ഉദ്ഘാടകനായി. കുട്ടികൾക്ക് ക്ലാസെടുത്തു. ശാസ്ത്ര ലോകത്തിന് നേർവഴി കാട്ടി. അതിനിടെയാണ് മരണമെത്തുന്നത്. ശാസ്ത്രജ്ഞനും മുൻ രാഷ്ട്രപതിയും എന്നതിന് അപ്പുറം വലിയൊരു മനുഷ്യസ്‌നേഹിയെയാണ് ഇവിടെ നഷ്ടമാകുന്നത്.