ആലപ്പുഴ: പ്രണയിച്ചാൽ ജീവൻ കൊടുത്തും പ്രണയിനിയെ സ്വന്തമാക്കുകയെന്നത് പ്രണയിക്കുന്നവന്റെ ചങ്കൂറ്റം. അത്തരത്തിൽ പ്രണയിനിയെ സ്വന്തമാക്കിയ ജീവിതമായിരുന്നു സനോജിന്റെത്. എന്നാൽ ഇഷ്ടപ്പെട്ടവളുമായി ഒന്നിച്ചുകഴിയാൻ വിധി സനോജിനെ അനുവദിച്ചില്ല. സഹോദരിയെ പ്രണയിച്ചവന്റെ കഥകഴിക്കുകയെന്ന ഒടുങ്ങാത്ത വാശിയുമായ നടന്ന ഒരാൾ സനോജിന്റെ ജീവൻ ഒരു കത്തിമുനയിൽ തീർത്തു. മകന്റെ ജീവൻ അപഹരിച്ചിട്ടും പകതീരാത്ത കൊലയാളികൾ ഇപ്പോൾ പ്രായമായ സനോജിന്റെ മാതാപിതാക്കളെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയാണ്. ജയിൽവാസം കഴിഞ്ഞെത്തിയ ഇവർ സനോജിന്റെ മാതാപിതാക്കളെ ആക്രമിക്കാൻ വീട്ടിലെത്തിയെങ്കിലും നാട്ടുകാർ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിന്റെ ഭാഗമായി തങ്ങൾക്കെതിരേയുള്ള അക്രമങ്ങൾക്കെതിരേ മാതാപിതാക്കൾ ജില്ലാ പൊലീസ് അധികൃതർക്കും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ്. ഒരു ചെറുപ്പക്കാരന്റെ ജീവൻ അപഹരിച്ച ഈ പ്രണയകഥ പറഞ്ഞറിയിക്കാൻ സനോജിന്റെ അമ്മ ഏറെ പണിപ്പെട്ടു. കരഞ്ഞുകലങ്ങിയ ആ അമ്മയുടെ മുഖത്തുനിന്നും ലോകത്ത് ഒരു ചെറുപ്പക്കാരനും ഇങ്ങനൊരു വിധി ഉണ്ടാവരുതേയെന്ന പ്രാർത്ഥന ഉയരുന്നുണ്ടായിരുന്നു.

കഴിഞ്ഞ ജൂലൈ നാലിനായിരുന്നു പൈശാചികമായ ആ അരുംകൊല നടന്നത്. അയൽവാസിയായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിലാണ് ആലപ്പുഴ തെക്കനാര്യാട് കലൂച്ചിറവെളിയിൽ മനോഹരന്റെയും വിജയമ്മയുടെയും ഇളയമകനായ സനോജ് കൊല്ലപ്പെടുന്നത്. കൊലയ്ക്ക് നേതൃത്വം കൊടുത്തതാകട്ടെ പെൺകുട്ടിയുടെ സഹോദരനും അച്ഛനും. സ്‌നേഹിച്ച പെൺകുട്ടിയെ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ച സനോജ് വീട്ടുകാരറിയാതെ പെൺകുട്ടിയെ ഉഭയസമ്മതപ്രകാരം വീടുവിട്ടിറങ്ങി രജിസ്റ്റർ മാര്യേജ് ചെയ്തിരുന്നു.

വിവാഹശേഷം സനോജ് സ്വന്തം വീട്ടിലെത്തി ഭാര്യയുമായി കഴിഞ്ഞുവരുമ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ മകൾക്ക് പ്രായം തികഞ്ഞില്ലെന്നുകാട്ടി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ നിയമപ്രകാരമുള്ള പ്രായമുള്ളതിനാൽ കേസ് വിജയിക്കാനായില്ല. പകരം വിശ്വാസപരമായ ചില കാര്യങ്ങൾ ഉയർത്തിക്കാട്ടി പെൺകുട്ടിയെ സനോജിൽനിന്ന് അടർത്തിയെടുത്തു. കോടതിയുടെ സമ്മതത്തോടെയെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ തിരികെ വിടാമെന്നായിരുന്നു ഉടമ്പടി.

കാലാവധി കഴിഞ്ഞിട്ടും ഭാര്യയെ തിരിച്ചു നൽകാതിരുന്നതിരുന്നതിനാൽ അന്വേഷിച്ചിറങ്ങിയ സനോജിന് ഞെട്ടിക്കുന്ന വാർത്തയാണ് അറിയാൻ കഴിഞ്ഞത്. പെൺകുട്ടിയെ വീട്ടുകാർ ഭീഷണിപ്പെടുത്തി വേറൊരു വിവാഹത്തിന് സമ്മതിപ്പിച്ചുവെന്ന്. പെൺകുട്ടിയെ വീട്ടിൽനിന്നും പറഞ്ഞയയ്ക്കുമ്പോൾ മുന്നുമാസം ഗർഭിണിയായിരുന്നുവെന്ന് സനോജിന്റെ അമ്മ പറയുന്നു. ഗർഭം നിർബന്ധിപ്പിച്ച് അലസിപ്പിക്കുകയായിരുന്നുവത്രേ. ഇതോടെ തിരിച്ചെത്തുന്ന ഭാര്യയെ സ്വീകരിക്കാനും അവളിൽ വളരുന്ന കുഞ്ഞിനെ താലോലിക്കാനുള്ള സനോജിന്റെ മോഹത്തിന് തിരശീലയായി. പ്പോൾ പെൺകുട്ടിക്ക് മറ്റൊരു വിവാഹത്തിൽ എട്ടുവയസുള്ള കുട്ടിയുണ്ട്. പെരുമ്പാവൂർ സ്വദേശിയായ ഒരാളാണ് ഈ പെൺകുട്ടിയെ വിവാഹം കഴിച്ചത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പെൺവീട്ടുകാർക്ക് സനോജിനോടുള്ള പക അടങ്ങുന്നില്ല.

കഴിഞ്ഞ ജൂലൈ മാസത്തിൽ അവർ പകവീട്ടുകയും ചെയ്തു. വീട്ടിൽ നിന്നും ഊണ് കഴിഞ്ഞിറങ്ങിയ സനോജ് സുഹൃത്തിനെ കാണാനായി അടുത്തുള്ള കടയിലേക്ക് നടക്കുമ്പോഴാണ് അക്രമികൾ സനോജിനു നേരെ ചാടിവീണത്. കൈകാലുകൾ വെട്ടിമാറ്റിയും ഇരുമ്പുദണ്ഡിന് തലയ്ക്കടിച്ചും കൊലപ്പെടുത്തുമ്പോൾ അക്രമികൾ ഏറെ നാൾ ഒതുക്കി നിർത്തിയ പക പുറത്തുവരികയായിരുന്നു. പൈശാചികമായ കൊല ഒരു നാടിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. സനോജിന്റെ ഭാര്യയുടെ സഹോദരനും ബന്ധുവും ക്വട്ടേഷൻസംഘത്തിലെ ആറുപേരുമാണ് കൊലക്കേസിൽ അറസ്റ്റിലായത്. മാസങ്ങൾക്കുശേഷം ജയിലിൽനിന്നിറങ്ങിയ അവർ എന്നിട്ടും കലിയടങ്ങാതെ മാതാപിതാക്കളെക്കൂടി ഉപദ്രവിക്കാനുള്ള ശ്രമത്തിലാണ്.