ന്യൂഡൽഹി: ആധാർ വിഷയത്തിൽ സുപ്രധാനമായ വിധിയാണ് ഇന്ന് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്. വിധിയോടെ കോടതി രാജ്യത്ത് ഏതൊക്കെ കാര്യങ്ങൾക്ക് ആധാർ നിർബന്ധമാണെന്നും ഏതൊക്കെ കാര്യങ്ങൾക്ക് വേണ്ടെന്നുമുള്ള വ്യക്തത നൽകിയിട്ടുണ്ട്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വിലാസമുണ്ടാക്കിക്കൊടുക്കാൻ ആധാറിന് കഴിഞ്ഞുവെന്ന് പറഞ്ഞു കൊണ്ടാണ് ആധാറിന് ഭരണഘടനാ സാധുത സംബന്ധിച്ച വിധി പ്രസ്താവം സുപ്രീംകോടതി നടത്തിയത്. എന്നാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ നിർന്ധമായി ആവശ്യപ്പെടാനാകില്ല. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വിധിച്ചു.

കോടതി വിധി പ്രകാരം ആധാർ നിർബന്ധമായവ ഇവയാണ്:

ആദായനികുതി റിട്ടേൺ
പാൻ കാർഡ്
സർക്കാർ ക്ഷേമപദ്ധതികൾ

ആധാർ നിർബന്ധം അല്ലാത്തവ:

നിർബന്ധമാക്കിയവ ഒഴിവാക്കിയവ
മൊബൈൽ ഫോൺ കണക്ഷൻ
CBSE, NEET, UGC പരീക്ഷകൾ
സ്‌കൂൾ പ്രവേശനം
ബാങ്ക് അക്കൗണ്ട്
സ്വകാര്യ കമ്പനികൾക്ക് ആവശ്യപ്പെടാനാകില്ല

ആധാർ ഇല്ലെങ്കിൽ പൗരാവകാശങ്ങൾ നിഷേധിക്കരുതെന്ന കാര്യവും സുപ്രീംകോടതി വിധിയിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറിൽ ചേർക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് ആധാർ വിലക്കണമെന്നും നിർദ്ദേശിച്ചു. വിവരങ്ങൾ കോടതിയുടെ അനുമതി കൂടാതെ അന്വേഷണ ഏജൻസികൾക്കു കൈമാറരുതെന്നും വിവരങ്ങൾ ചോർത്തിയാൽ കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടി.

മൊബൈൽ നമ്പറുകൾ ഉൾപ്പെടെയുള്ളവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കേന്ദ്ര സർക്കാർ വാദത്തിനിടയിൽ ശക്തമായി ന്യായീകരിച്ചിരുന്നു. മൊബൈൽ ഉപയോക്താക്കളുടെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ടെന്നും അതു ചെയ്തില്ലായിരുന്നെങ്കിൽ കോടതിയ അലക്ഷ്യമാകുമായിരുന്നെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തങ്ങളുടെ ഉത്തരവ് സർക്കാർ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ആധാർ നിർബന്ധമാക്കാൻ അതിനെ ഉപയോഗപ്പെടുത്തിയെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.