ന്യൂഡൽഹി: ജൂലൈ ഒന്നുമുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനു ആധാർ നിർബന്ധമാക്കി. പാൻ നമ്പരുമായി ആധാർ നമ്പർ നിർബന്ധമായും ബന്ധിപ്പിക്കണമെന്നു സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചു. പാൻ ഉള്ളവരും പുതുതായി അപേക്ഷിച്ചവരും ഉടൻ ഇൻകം ടാക്‌സ് അധികൃതരെ ആധാർ നമ്പർ അറിയിക്കണം.

ആധാർ നിർബന്ധമാക്കിയുള്ള നിയമഭേദഗതിയിൽ ഭാഗിക സ്റ്റേ അനുവദിച്ച സുപ്രീംകോടതി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ആധാർ നിർബന്ധമാക്കുന്ന ആദായ നികുതി നിയമത്തിലെ 139 എ.എ വകുപ്പിന്റെ നിയമസാധുത സുപ്രീംകോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു.

എന്നാൽ ആധാർ ഇല്ലാത്തവർക്കും അപേക്ഷിട്ട് ലഭിക്കാത്തവർക്കും സുപ്രീംകോടതി ഇളവ് അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആധാർ ഇല്ലാത്തവരുടെ പാൻ കാർഡുകൾ റദ്ദാക്കില്ലെന്നും അവർക്കെതിരെ മറ്റ് നടപടികൾ ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ജൂലൈ ഒന്നിനുശേഷം ഇത്തരം ഇളവുകൾ ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ ഒന്നിനു ശേഷം പുതിയ പാൻ നമ്പർ എടുക്കുന്നതിനും ആധാർ നിർബന്ധമാക്കി.

സുപ്രീം കോടതി വിധിയെക്കുറിച്ചു പഠിച്ച ധനകാര്യ മന്ത്രാലയത്തിലെയും സിബിഡിടിയിലെയും ഉന്നതതല സമിതിയാണു ആധാർ നിർബന്ധമാക്കാനുള്ള തീരുമാനമെടുത്തത്. പക്ഷേ, പാൻ അസാധുവായാൽ ഉപയോക്താവിനു യാതൊരുവിധ ബാങ്ക് ഇടപാടുകളും നടത്താനാവില്ല. ആദായനികുതി റിട്ടേൺ ഫയലിങ്ങിനും പുതിയ പാൻ ലഭിക്കാനും ജൂലൈ ഒന്നുമുതൽ ആധാർ നിർബന്ധമാക്കുകയാണു സിബിഡിടി ചെയ്തതെന്നു ഉന്നത ഇൻകം ടാക്‌സ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകളെ ഭരണഘടനാ ബെഞ്ചിന്റെ വിധി വരുന്നതുവരെ അസാധുവാക്കരുതെന്ന് ജഡ്ജിമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ 2015-ലെ വിധിയുടെ ലംഘനമാണ് കേന്ദ്രം നടത്തിയതെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, വ്യാജ പാൻ കാർഡുകൾ തടയുന്നതിനാണ് ആധാർ നിർബന്ധമാക്കുന്നതെന്ന് കേന്ദ്രത്തിനുവേണ്ടി അറ്റോർണി ജനറൽ മുകുൾ റോത്തഗി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഇത്തരം വ്യാജ പാൻകാർഡുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇതുവരെ രാജ്യത്തെ 95 ശതമാനം ജനങ്ങളും (115 കോടിപ്പേർ) ആധാർ എടുത്തിട്ടുണ്ട്. വിവിധ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട് 50,000 കോടി രൂപയോളം ലാഭിക്കാനും അത് പാവങ്ങൾക്കായി ചെലവാക്കാനും സർക്കാരിന് സാധിച്ചു -അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. 2015-ലാണ് ആധാർ കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടത്. പക്ഷേ, ഇതുവരെ ബെഞ്ച് രൂപവത്കരിച്ചിട്ടില്ല.