ന്യൂഡൽഹി: ദേശീയ സമ്പാദ്യപദ്ധതികൾക്ക് ആധാർ നിർബ്ബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട നിക്ഷേപപദ്ധതികൾ, 

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, എൻഎസ് സി, കിസാൻ വികാസ് പത്ര എന്നിവയിൽ പുതിയതായി നിക്ഷേപം നടത്തുമ്പോഴും ആധാർ നമ്പർ നൽകണമെന്ന് ധനകാര്യമന്ത്രാലയം വിജ്ഞാപനമിറക്കിയിട്ടുണ്ട്.

ഈ പദ്ധതികളിൽ ചേർന്നിരിക്കുന്ന ഉപഭോക്താക്കൾ ഈ വർഷം ഡിസംബർ 31ന് മുൻപായി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ധനമന്ത്രാലയം നാല് വ്യത്യസ്ത വിജ്ഞാപനങ്ങളാണ് ഇക്കാര്യത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോൺ സിം കാർഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ ഉത്തരവിന് പിന്നാലെയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും ഈ പരിധിയിൽ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്.

ആധാർ നമ്പർ ലഭിച്ചിട്ടില്ലെങ്കിൽ ആധാർ എൻ റോൾ ചെയ്തതിന്റെ വിവരങ്ങൾ നൽകിയാലും മതി. കള്ളപ്പണവും ബിനാമി സ്വത്തുക്കളും പുറത്തുകൊണ്ടുവരുന്നതിനാണിത്.