- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വവർഗാനുരാഗം മാനസിക രോഗം; മതവിശ്വാസത്തിന് നിരക്കാത്തത്; വീട്ടുകാർ കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കണം; സുഹൃത്തുക്കളായ രക്ഷിതാക്കൾ നടത്തിയത് എങ്ങനേയും ആദിലയേയും നൂറയേയും പിരിക്കാൻ; രണ്ടു പേരും ലെസ്ബിനയൻ എന്ന് തിരിച്ചറിഞ്ഞത് പ്ലസ് ടുവിന് പഠിക്കുമ്പോൾ; ഒടുവിൽ ആദിലയുടെ അച്ഛൻ അറസ്റ്റിലും; സ്വവർഗ്ഗ അനുരാഗം ക്ലൈമാക്സിൽ ഒന്നാകുമ്പോൾ
കൊച്ചി: സ്വവർഗ പങ്കാളിയെ വീട്ടുകാർ തട്ടിക്കൊണ്ടു പോയെന്ന് പരാതി നൽകിയ ആദില നസ്രിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിലയെ മർദ്ദിച്ചെന്ന പരാതിയിലാണ് മുപ്പതടം സ്വദേശി മുഹമ്മദാലിയെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പങ്കാളിയായ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് ആദില പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ആദില ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച ഹൈക്കോടതി പെൺകുട്ടികൾക്ക് ഒരുമിച്ച് താമസിക്കാൻ അനുമതി നൽകി. ബന്ധുക്കൾ കൊണ്ടുപോയ ഫാത്തിമ നൂറയെ ആദിലയ്‌ക്കൊപ്പം വിട്ടയച്ചു.
വീട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒപ്പം ജീവിക്കാൻ അനുവദിക്കണമെന്നായിരുന്നു ആദില ആവശ്യപ്പെട്ടത്. സൗദി അറേബ്യയിൽ പ്ലസ് ടു സ്‌കൂൾ പഠനകാലത്താണ് ആദിലയും താമശേരി സ്വദേശിയായ ഫാത്തിമ നൂറയും ഇഷ്ടത്തിലായത്. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവരം അറിഞ്ഞ വീട്ടുകാർ കടുത്ത എതിർപ്പുമായി രംഗത്തെത്തി. നാട്ടിലെത്തിയ ശേഷവും ഇരുവരും തമ്മിലുള്ള അടുപ്പം തുടർന്നു. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ഇരുവരും വീട് വിട്ടിറങ്ങുകയും കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിൽ താമസിക്കുകയുമായിരുന്നു. അതിനിടെയാണ് ഫാത്തിമ നൂറയെ വീട്ടുകാർ ബലംപ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയത്. ഇതിനുശേഷം ഫോൺ പിടിച്ചുവാങ്ങി വെക്കുകയും മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഇതോടെയാണ് ആദില നസ്രിൻ കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി അനുസരിച്ച് തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാമെന്നാണ് ആദില ഹൈക്കോടതിയിൽ വാദിച്ചത്. അത് അംഗീകരിച്ചു.
സൗദിയിലെ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെയാണ് ആദില നൂറയെന്ന കൂട്ടുകാരിയെ കണ്ടുമുട്ടുന്നത്. ആദ്യം സൗഹൃദം, പിന്നീട് രണ്ട് പേരും ലസ്ബിയനാണെന്ന് തിരിച്ചറിഞ്ഞതോടെ അത് പ്രണയമായി വളർന്നു. ഒരുമിച്ച് ജീവിക്കണമെന്നല്ലാതെ കൂടുതലൊന്നും അന്ന് ഇരുവർക്കും അറിയില്ലായിരുന്നു. ആലുവ സ്വദേശിയായ ആദിലയുടേയും കോഴിക്കോട് സ്വദേശിയായ നൂറയുടേയും രക്ഷിതാക്കളും സുഹൃത്തുക്കളായിരുന്നു. അതിനാൽ പ്ലസ്ടു കഴിഞ്ഞ് രണ്ട് പേരേയും ഒരുമിച്ച് കോഴിക്കോട്ടെ ഒരു കോളേജിൽ വിട്ട് പഠിപ്പിക്കാനും തീരുമാനിച്ചു. ഡിഗ്രി പൂർത്തിയാക്കിയ ശേഷം വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കി ഒരുമിച്ച് ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടേയും തീരുമാനം. അതു നടന്നില്ല.
ഇരുവരും തമ്മിലുള്ള പ്രണയം വീട്ടിൽ അറിഞ്ഞതോടെ വീട്ടുകാർ ഒരുമിച്ച് പഠിപ്പിക്കാനുള്ള തീരുമാനം മാറ്റി. രണ്ടും പെണ്ണല്ലേ കുറച്ച് കഴിഞ്ഞാൽ ഇതൊന്നും കാണില്ല എന്നായിരുന്നു വീട്ടുകാർ ആദ്യം ധരിച്ചിരുന്നത്. വീട്ടിൽ കടുത്ത നിയന്ത്രണങ്ങൾ ആയപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഇരുവരും ബന്ധം തുടർന്നു. പിന്നീട് തുടർ പഠനത്തിനായി കേരളത്തിലെ രണ്ട് കോളേജുകളിലെത്തിയതോടെ പരസ്പരം വീണ്ടും കണ്ടു. സ്വവർഗാനുരാഗത്തെ കുറിച്ചും സമാന ജീവിതം നയിക്കുന്നവരെ കുറിച്ചും കൂടുതൽ കാര്യങ്ങൾ മനസ്ലിലാക്കി ഒടുവിൽ ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവും എടുത്തു.
ബന്ധം തുടരുന്ന കാര്യം വീണ്ടും വീട്ടിൽ അറിഞ്ഞ് പ്രശ്നമായതോടെയാണ് ഇരുവരും വീട് വിട്ടിറങ്ങിയത്. സ്വവർഗാനുരാഗം മാനസിക രോഗമാണെന്നും മതവിശ്വാസത്തിന് നിരക്കാത്തതാണെന്നും വീട്ടുകാർ കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കണമെന്നുമായിരുന്നു വീട്ടുകാരുടെ നിലപാട്. ഒടുവിൽ ഇനി ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിൽ ഇരുവരും ഈ മാസം 19ന് വീടുവിട്ടിറങ്ങി. കോഴിക്കോട് തന്നെയുള്ള സ്വവർഗാനുരാഗികളുടെ ഷെൽട്ടർ ഹോമിലാണ് അഭയം തേടിയത്. പിന്നീട് രണ്ട് പേർക്കും ഒരുമിച്ച് ജീവിക്കാനുള്ള പിന്തുണ നൽകാമെന്ന ഉറപ്പിൽ വീട്ടുകാർ എത്തി രണ്ട് പേരേയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അവിടെ വെച്ച് തന്നെ വീട്ടുകാർ ഉപദ്രവിച്ചെന്നും ആദില പറയുന്നു. ഈ സാഹചര്യത്തിലാണ് അച്ഛനെതിരെ കേസെടുത്തത്.
ആദില നൂറയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് നൂറയുടെ വീട്ടുകാർ പരാതി നൽകുകയും നൂറയെ കോടതിയിലേക്കെന്ന് പറഞ്ഞ് കൂട്ടി കൊണ്ടുപോവുകയും ചെയ്തു. പിന്നീടും വീട്ടുകാരുടെ മർദനത്തിനിരയായെന്നും പൊലീസിന്റെ സഹായത്തോടെയാണ് വീട്ടിൽ നിന്നും ഷെൽട്ടർ ഹോമിലേക്ക് മാറിയതെന്നും ആദില വിശദീകരിച്ചിരുന്നു. നൂറയെ വീട്ടുകാർ കൊണ്ടുപോയ ശേഷം ഒരിക്കൽ മാത്രമാണ് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞത്. അന്ന് നൂറയോടും നൂറയുടെ കൗൺസിലറോടും സംസാരിച്ചു, അന്നും ആദിലയ്ക്കൊപ്പം ജീവിച്ചാൽ മതിയെന്നാണ് നൂറ പറഞ്ഞതെന്നും പിന്നീട് കൂട്ടുകാരിയെ കുറിച്ച് ഒരു വിവരവം ഇല്ലാതായതോടെയാണ് പരാതിയുമായി ആലുവ സ്റ്റേഷനിൽ എത്തിയതെന്നും ആദില വിശദീകരിച്ചിരുന്നു
സ്വവർഗാനുരാഗം മാനസിക രോഗമാണെന്ന് പറഞ്ഞ് വീട്ടുകാരും ബന്ധുക്കളുമെല്ലാം പരിഹസിക്കുകയാണ്. ഒരേ ലിംഗ സത്വമുള്ളവർ ഒരുമിച്ച് ജീവിക്കുന്നതിനെ ഉൾക്കൊള്ളാൻ ഇപ്പോളും ആർക്കും കഴിയുന്നില്ല. ശാരീരിക പീഡനത്തിനും മാനസിക പീഡനത്തിനും ഇരകളായി .സ്വവർഗ രതി കുറ്റമല്ലെന്നും സ്വവർഗാനുരാഗികൾക്ക് ഒരുമിച്ച് ജീവിക്കാമെന്നും സുപ്രീം കോടതി തന്നെ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ട് നൂറയെ തിരിച്ചുകിട്ടുമെന്ന് കോടതിയിൽ വാദിച്ചു. ഇത് അംഗീകരിക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ