കാസർകോട്: സന്തോഷമെന്നത് സ്വന്തം കുടുംബത്തിലെ പൊട്ടിച്ചിരികൾ മാത്രമല്ലെന്നും അന്യന്റെ കണ്ണിലെ തിളക്കവും പുഞ്ചിരിയും സന്തോഷകരമെന്നും നമ്മോട് പറയുകയാണ് വ്യവസായ പ്രമുഖനായ അബ്ദുൾ ലത്തീഫ് ഉപ്പള ​ഗേറ്റ്. സ്വന്തം മകന്റെ വിവാഹത്തിനൊപ്പം 20ലേറെ നിർധനരായ യുവതീയുവാക്കൾക്കാണ് അദ്ദേഹം മം​ഗല്യഭാ​​ഗ്യം ഒരുക്കിയത്. വിവാഹത്തിനേടനുബന്ധിച്ച് ഉപ്പള കുന്നിലെ മസ്ജിദിന് മുന്നിൽ ഇന്റർലോക്ക് പാകിയിട്ടും ലത്തീഫ് ഉപ്പള ​ഗേറ്റിന് സംതൃപ്തിയായില്ല. മകന്റെ വിവാഹ സത്ക്കാരത്തിന് എത്താൻ കഴിയാതിരുന്ന നാട്ടുകാർക്ക് പാഴ്സലായി നെയ്ച്ചോറും മട്ടനും എത്തിച്ച് നൽകിയാണ് ലത്തീഫ് ഉപ്പള ​ഗേറ്റ് മകന്റെ വിവാഹം ആഘോഷിച്ചത്.

കാസർകോട്ടെ പ്രമുഖ വ്യവസായി ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകൻ ബിലാൽ വിവാഹം കഴിച്ചത് നടനും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകൾ ആയിഷയെ ആണ്. നാടടച്ച് ക്ഷണിച്ച് എല്ലാവരുടെയും അനു​​ഗ്രഹത്തോടെ വിവാഹം നടത്തണം എന്നായിരുന്നു ലത്തീഫ് ഉപ്പള ​ഗേറ്റിന്റെ ആ​ഗ്രഹം. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൽ പാലിക്കേണ്ടി വന്നതിനാൽ എല്ലാവരെയും ക്ഷണിച്ച് സദ്യ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെയാണ് എല്ലാവർക്കും വിവാഹ സദ്യ വീടുകളിലെത്തിക്കാൻ അദ്ദേഹം തയ്യാറായത്. നാട്ടിലെ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് അദ്ദേഹം ഭക്ഷണം വീടുകളിൽ എത്തിച്ചത്.

ഭക്ഷണപ്പൊതിയുടെ മുകളിൽ ഒരു കുറിപ്പും അബ്ദുൾ ലത്തീഫ് ചേർത്ത് വെച്ചിരുന്നു. അതിൽ ഇപ്രകാരം എഴുതി.. മകൻ ബിലാലിന്റെ ഇന്നലെ(11.02.2021) നടന്ന വിവാഹ ച‌ങ്ങിന് കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷണിക്കാൻ പറ്റാത്തത് മനസ്സിലാക്കുമല്ലോ. ഈ സ്നേഹോപഹാരം സന്തോഷത്തോടെ സ്വീകരിച്ചാലും.. നവദമ്പതികൾക്ക് താങ്കളുടെ പ്രാർത്ഥനയും ആശിർവാദവും നേരുക..സ്നേഹ പൂർവം അബ്ദുൾ ലത്തീഫ് ഉപ്പള.

കാസർകോട് വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. നടൻ ദിലീപും കാവ്യ മാധവനും മീനാക്ഷിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. മകളുടെ വിവാഹ സമയത്തും ലത്തീഫ് ഉപ്പള ​ഗേറ്റ് സമൂഹ വിവാഹം നടത്തിയിരുന്നു. ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ആതുര സേവന രംഗത്തെ പ്രമുഖ ആശുപത്രി ഗ്രൂപ്പായ ബദറുസ്സമയുടെ മാനേജിങ്ങ് ഡയറക്ടറാണ് ലത്തീഫ് ഉപ്പളഗേറ്റ്. മസ്കറ്റ് കെ.എം.സി.സിയിലും, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയിലും സജീവമാണ് ഇദ്ദേഹം. നാട്ടിലെ കാരുണ്യപ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാണ് ലത്തീഫ് ഉപ്പള ഗേറ്റ്.