- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിമിനൽ കേസുകളിൽപ്പെട്ടവരെ കോടതി കുറ്റവിമുക്തരാക്കിയാലും പീന്നീട് പൊലീസ് സേനയിൽ നിയമിക്കരുത്; സുപ്രീംകോടതി വിധി ചുണ്ടിക്കാട്ടി ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതി അബ്ദുൾ റഷീദിനെതിരേ ഹൈക്കോടതിയിൽ ഹർജി; റഷീദിന് ഐപിഎസ് നൽകുന്നത് ജനങ്ങളുടെ ജീവന് ആപത്തെന്നും തടയണമെന്നും ഹർജിയിൽ ആവശ്യം
കൊച്ചി: ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതിയും റിട്ട. എസ്‌പിയുമായ എൻ. അബ്ദുൾ റഷീദിനെ ഐപിഎസിന് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഹർജി. മുതിർന്ന മാധ്യമ പ്രവർത്തകൻ ജി. വിപിനനാണ് അഡ്വ. സി. ഉണ്ണിക്കൃഷ്ണൻ മുഖേനെ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കേരളത്തിൽ നിന്ന് ഐപിഎസിന് പരിഗണിക്കുന്ന 23 പേരുടെ പട്ടികയിൽ അവസാന നിമിഷമാണ് അബ്ദുൾ റഷീദ് കടന്നു കൂടിയിരിക്കുന്നത്. കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ റഷീദ് നൽകിയിരുന്ന ഹർജി വിധി പറയാതെ തീർപ്പാക്കിയ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ കള്ളക്കളി നടത്തി റഷീദിന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ഇതുമായി റഷീദ് തന്നെ നേരിട്ട് ഡൽഹിയിലേക്ക് പോയാണ് യുപിഎസ്‌സി യോഗത്തിന് മുൻപായി പട്ടികയിൽ കടന്നു കൂടാൻ ശ്രമം നടത്തിയത്.
കേരളത്തിൽ നിന്ന് ഐപിഎസിന് പരിഗണിക്കുന്ന 23 പേരൂടെ പട്ടിക യുപിഎസ് സി പുറത്തു വിട്ടിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് വിജ്ഞാപനം വന്നിട്ടില്ല. റഷീദിനെ പട്ടികയിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. 2014 ൽ സുപ്രീംകോടതി മധ്യപ്രദേശ് സർക്കാരും പർവേസ് ഖാനും തമ്മിലുള്ള കേസിൽ പുറപ്പെടുവിച്ച വിധി ഉദ്ധരിച്ചാണ് ഹർജിക്കാരൻ കോടതിയെ സമിപിച്ചിരിക്കുന്നത്.
ക്രിമിനൽ കേസുകളിൽപ്പെട്ടവരെ കോടതി കുറ്റവിമുക്തരാക്കിയാലും അവരെ പീന്നീട് പൊലീസ് സേനയിൽ നിയമിക്കരുതെന്ന സുപ്രധാന വിധി 2014 ൽ ജസ്റ്റിസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ബഞ്ചാണ് പുറപ്പെടുവിച്ചത്. സത്യസന്ധരും കറകളഞ്ഞവരുമായിരിക്കണം പൊലീസുകാർ. സ്വഭാവശുദ്ധിയും സമഗ്രതയും ഇക്കൂട്ടർക്ക് ഉണ്ടാകണം. ക്രിമിനൽ പശ്ചാത്തലമുള്ളവർ പൊലീസ് സേനയ്ക്ക് യോജിച്ചവരല്ല. അങ്ങനെയുള്ളയാളെ ശിക്ഷിക്കുകയോ കുറ്റവിമുക്തനാക്കുകയോ ചെയ്യട്ടെ അതു കൊണ്ട് അയാൾ കുറ്റവാളിയാകാതിരിക്കുന്നില്ല. ഒരിക്കൽ പൊലീസിന്റെ വിശ്വാസ്യത തകർത്തവർ പിന്നീട് ആ സേനയിൽ വരാൻ പാടില്ലെന്നുമാണ് ഈ വിധിയുടെ ചുരുക്കം.
ഉണ്ണിത്താൻ വധശ്രമക്കേസ് മാത്രമല്ല, മറ്റ് നിരവധി ക്രിമിനൽ കേസിൽ അബ്ദുൾ റഷീദിന് പങ്കുള്ളതായി ഹർജിയിൽ ആരോപിക്കുന്നു. ഉണ്ണിത്താൻ വധശ്രമക്കേസിൽ റഷീദിനെ സിബിഐ കോടതി വിചാരണ കൂടാതെ പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കിയിരുന്നു. റഷീദിന്റെ ബന്ധുവും സിബിഐ ഡിവൈ.എസ്‌പിയുമായ സലിം സാഹിബിന്റെ വഴിവിട്ട ഇടപെടലാണ് റഷീദിനെ കുറ്റവിമുക്തനാക്കാൻ കാരണമായത്. ഇക്കാര്യം ആദ്യം നിഷേധിച്ച സിബിഐ മറ്റൊരു കേസിൽ ഇവർ തമ്മിലുള്ള ബന്ധം സത്യവാങ്മൂലമായി കോടതിയിൽ നൽകേണ്ടി വന്നുവെന്നും ഹർജിക്കാരൻ പറയുന്നു.
ഏകപക്ഷീയമായി റഷീദിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കിയതിനെതിരേ നാലു റിവിഷൻ പെറ്റീഷൻ ഹൈക്കോടതിയുടെ പരിഗണനയിലാണ്. റഷീദ് എസ്ഐയായിരിക്കുന്ന സമയത്ത് പ്രതിയുടെ സഹോദരിയെ അപമാനിക്കാൻ ശ്രമിച്ചതിന് കോടതി ശാസിച്ചിട്ടുണ്ട്. രാജധാനി എക്സ്പ്രസ് ട്രെയിൻ ചങ്ങല വലിച്ചു നിർത്തിയതിന് കേസുണ്ടായിരുന്നു. മേലുദ്യോഗസ്ഥനെ ആക്രമിച്ചു, ഗുണ്ടകളുമായി ദുരൂഹസാഹചര്യത്തിൽ റഷീദിനെ ഒരുമിച്ച് കണ്ട കീഴുദ്യോഗസ്ഥന്റെ മുഖത്ത് തുപ്പി, പൊലീസുകാരനായ ബാബുകുമാറിനെ സംശയത്തിന്റെ പേരിൽ വധിക്കാൻ ശ്രമിച്ചു തുടങ്ങി അക്രമവും അഴിമതിയും സ്വജനപക്ഷപാതവും ക്രിമിനൽ ഗൂഢാലോചനയും അടക്കം നിരവധി കാര്യങ്ങൾ ഹർജിയിൽ പരാമർശിക്കുന്നുണ്ട്.
യുപിഎസ് സി രണ്ടു തവണ ഇയാളെ അൺഫിറ്റാണെന്ന് കണ്ട് ഐപിഎസ് പട്ടികയിലേക്ക് പരിഗണിക്കുന്നതിൽ നിന്നൊഴിവാക്കിയിരുന്നു. വെരി ഗുഡ് എന്ന് എഴുതിയ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ ഇതേ വരെ നൽകിയിട്ടേയില്ല. അതിന് മുൻപുള്ള വർഷങ്ങളിലെ ഇയാളുടെ സ്വഭാവ സർട്ടിഫിക്കറ്റുകൾ ഒന്നും തന്നെ ഐപിഎസിന് പരിഗണിക്കാൻ ഉതകുന്നവയല്ല. എന്നാൽ, അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പ്രത്യേകിച്ച് പരാമർമൊന്നും നടത്താതെ ഇയാളുടെ ഹർജി തീർപ്പാക്കിയപ്പോൾ അതിലെ വാചകങ്ങൾ വളച്ചൊടിച്ച് റഷീദിന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകിയെന്നും ഹർജിയിലുണ്ട്.
സ്വതവേ ക്രിമിനലായ ഈ ഉദ്യോഗസ്ഥൻ കൂടുതൽ അധികാരമുള്ള ഐപിഎസ് പദവിയിൽ വന്നാൽ അത് ദുരുപയോഗം ചെയ്ത് എതിരാളികളെ വകവരുത്തുമെന്നും നിലവിലുള്ള കേസുകൾ അട്ടിമറിക്കുമെന്നും ഹർജിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ