കോഴിക്കോട്: പത്തിലധികം തട്ടിപ്പു കേസിലെ പ്രതി കോടതിയിലേക്ക് കൊണ്ടുപോകും വഴി പൊലീസുകാരെ കബളിപ്പിച്ച് ട്രൈനിൽ നിന്നും ചാടി രക്ഷപ്പെട്ടതിന് പിന്നിൽ ഒത്തുകളിയുണ്ടോയെന്ന് സംശയം. സംസ്ഥാത്തുടനീളം നിരവധി തട്ടിപ്പുകേസിലെ പ്രതിയായ ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ് സ്വദേശി കാട്ടുമൻസിൽ അബ്ദുൽ സലാ(54)മാണ് ട്രൈനിൽ നിന്നും രക്ഷപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് എറണാകുളം സി.ജെ.എം കോടതിയിലേക്ക് ഹാജരാകാൻ കൊണ്ടുപോകുമ്പോഴാണ് രക്ഷപ്പെട്ടത്.

എന്നാൽ ഇയാൾ സ്വയം കടന്നുകളയുകയായിരുന്നോ അതോ പൊലീസുകാരുടെ സഹായം ലഭിച്ചിരുന്നോ എന്നുള്ള അന്വേഷണവും നടക്കുന്നുണ്ട്. ഡോക്ടർ എന്നറിയപ്പെട്ടിരുന്ന അബ്ദുൽ സലാം ഗൾഫിൽ ആശുപത്രിയും മെഡിക്കൽ സ്ഥാപനങ്ങളും ഉണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്തുള്ള സ്ഥാപനങ്ങളിലേക്ക് ജോലി വാഗ്ദാനം നൽകിയും വിസ നൽകാമെന്നു പറഞ്ഞുമായിരുന്നു മിക്ക തട്ടിപ്പുകളും. ഇയാൾക്കെതിരെ പത്തിലധികം കേസുകൾ ഉണ്ടായിട്ടും ഏറെ കാലം പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ മലപ്പുറം, മഞ്ചേരി, അരീക്കോട്, വണ്ടൂർ, പാണ്ടിക്കാട്, പെരിന്തൽമണ്ണ, എറണാകുളം സെൻട്രൽ, ആലുവ തുടങ്ങിയ സ്റ്റേഷനുകളിലെല്ലാം സലാമിനെതിരെ കേസുകളുണ്ട്.

എന്നാൽ ഇയാൾ ഒരാഴ്ച മുമ്പ് മാത്രമായിരുന്നു പിടിയിലായിരുന്നത്. തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പാണ് മഞ്ചേരി സി.ഐ സണ്ണി ചാക്കോ തട്ടിപ്പിനിരയായവരുടെ സഹായത്തോടെ കോഴിക്കോട് വച്ച് പിടികൂടിയത്. തുടർന്ന് കോഴിക്കോട്ടെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. എന്നാൽ കുപ്രസിദ്ധ തട്ടിപ്പു വീരനായ അബ്ദുൽ സലാം പിടിയിലായത് പൊലീസ് ബോധപൂർവം മൂടിവെയ്ക്കുകയായിരുന്നു. പ്രതി രക്ഷപ്പെട്ടപ്പോൾ മാത്രമാണ് സംഭവം പുറത്തറിയുന്നത്. പൊലീസുകാരെ സ്വാധീനിക്കാനും കേസിൽ നിന്നും ഊരാനും അതിവിദഗ്ദനായിരുന്നത്രെ സലാം.

ഇയാൾ പിടിയിലാകാത്തതിന് പിന്നിലും ഈ കാരണമാണെന്ന് പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഒരാഴ്ചക്കു ശേഷം പ്രതിയെ ഹാജരാക്കാൻ കൊണ്ടു പോകുമ്പോൾ രണ്ട് പൊലീസുകാരെ വെട്ടിച്ച് പ്രതി കടന്നു കളഞ്ഞിരിക്കുന്നത്. ഇത് ഏറെ ദുരൂഹത ഉണ്ടാക്കുന്നതായി പരാതിക്കാർ പറയുന്നു. കോഴിക്കോട് സിറ്റി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്, രൂപേഷ് എന്നിവരായിരുന്നു പ്രതിക്കൊപ്പമുണ്ടായിരുന്നത്. എറണാകുളത്തെ കേസുമായി ബന്ധപ്പെട്ട്് എറണാകുളം സിറ്റി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകവേയാണ് പ്രതി രക്ഷപ്പെട്ടത്. കണ്ണൂർ -എറണാകുളം ഇന്റർസിറ്റി എക്‌സപ്രസിൽ വൈകുന്നേരം നാലിന് കോഴിക്കോട്ടു നിന്നു കയറിയെന്നും എറണാകുളത്ത് ട്രയിൻ വേഗം കുറച്ചപ്പോൾ പ്ലാറ്റ്‌ഫോമലേക്ക് ചാടി, ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസുകാരുടെ മൊഴി.

എന്നാൽ കോടതി ഡ്യൂട്ടിക്ക് അന്ന് രാവിലെ ഏഴിനു സിറ്റി എ ആർ ക്യാമ്പിൽ നിന്നും പുറപ്പെട്ട പൊലീസുകാർ ഉച്ചയ്ക്ക് 1.45നാണ് പത്ത് കിലോമീറ്റർ മാത്രം അകലമുള്ള ജില്ലാ ജയിലിൽ എത്തിയത്. സംഭവ ദിവസം ഇത്രയും സമയം അകമ്പടി പൊലീസുകാർ എവിടെയായിരുന്നെന്ന് അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ രണ്ട് പൊലീസുകാരെയും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഉമ ബെഹ്‌റ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വിശദമായ അന്വേഷണം നടത്തിവരികയാണ്. രക്ഷപ്പെട്ട പ്രതി അബ്ദുൽ സലാമിനെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇയാൾ വിസ തട്ടിപ്പ്, മെഡിക്കൽ-എഞ്ചിനീയറിംങ് സീറ്റ് തട്ടിപ്പ്, ആത്മഹത്യാ പ്രേരണാ കേസ് തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. വർക്കല സ്വദേശി ഷാജഹാൻ (45) കഴിഞ്ഞ മാർച്ച് 11ന് ബഹുനില കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയ കേസിലും സലാം പ്രതിയാണ്.

ഗൾഫ് വിസ വാഗ്ദാനം ചെയ്ത് ഷാജഹാനിൽ നിന്നും സലാം 35,000 രൂപ കൈപറ്റിയിരുന്നു. ഇതിനു പുറമെ ഷാജഹാനെ ഉപയോഗിച്ച് വിസ ഇടപാട് നടത്തുകയും ചെയ്തിരുന്നു. ഷാജഹാന്റെ ബന്ധത്തിലുള്ള നിരവധി പേരിൽ നിന്നും പിരിച്ചെടുത്ത പത്തുലക്ഷത്തോളം രൂപ സലാമിനു കൈമാറിയെങ്കിലും ആർക്കും വിസ നൽകിയിരുന്നില്ല. തുടർന്ന് തട്ടിപ്പിനിരയായവരും ഷാജഹാനും ചേർന്ന് മാർച്ച് 11ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ഇതിനു പിന്നാലെ കമ്മീഷണർ ഓഫീസിനടുത്ത റവന്യു ടവറിനു മുകളിൽ നിന്നും ഷാജഹാൻ താഴെ വീണ് മരിക്കുകയായിരുന്നു.