കൊച്ചി: ബോട്ടിൽ ലോകംചുറ്റിയെത്തുന്ന നായകനായിരുന്നു ചെറുപ്പം മുതൽ അഭിലാഷ് ടോമിയുടെ മനസ്സിലെ ആവേശം. ഏഴാം വയസ്സിൽ കണ്ട കടൽ യാത്ര വിവരിക്കുന്ന ഡോക്യുമെന്ററിയായിരുന്നു ഇതിന് കാരണം. അങ്ങനെ മുപ്പത്തിമൂന്നാം വയസ്സിൽ ക്യാപ്റ്റൻ ലഫ്. കമാൻഡർ അഭിലാഷ് ടോമി മുബൈയിൽ നിന്നും ലോകം കീഴടക്കാനുള്ള തന്റെ കടൽ യാത്ര തുടങ്ങി. അത് ലക്ഷ്യത്തിലെത്തുകയും ചെയ്തു. സാഗർ പരിക്രമ 2-എന്ന പ്രോജക്ടിലൂടെയാണ് അഭിലാഷ് ടോമി പായ്വഞ്ചിയിൽ ഒറ്റയ്ക്ക് നാലുലക്ഷത്തോളം കി.മീ. സഞ്ചരിച്ചത്. പായ്വഞ്ചിയിൽ ഒറ്റയ്ക്ക് കടലിലൂടെ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി അഭിലാഷിന് സ്വന്തം. ഇത്തരമൊരു യാത്ര നടത്തിയ ഏഷ്യയിലെ രണ്ടാമത്തെയാളുമാണ് ടോമി.

കേന്ദ്രമന്ത്രിയായിരിക്കേ മുൻ പ്രസിഡന്റ് കൂടിയായ പ്രണബ് മുഖർജിയാണ് ലോകം ചുറ്റാനുള്ള സാഗർ പരിക്രമ എന്ന പദ്ധതിക്ക് അനുമതി നൽകിയത്. ഒരു കേരളപ്പിറവിദിനത്തിലാണ് യാത്ര തുടങ്ങിയത്. യാത്രതുടങ്ങി എൺപത്തിയാറ് ദിവസം കഴിഞ്ഞാണ് ഒരുബോട്ട് ദൂരെ കണ്ടത്. അഞ്ചുമാസത്തെ യാത്രയ്ക്കിടയിൽ രണ്ടു തവണ മാത്രമാണ് മനുഷ്യരെ കണ്ടത്. 86 കിലോ ശരീരഭാരമുണ്ടായിരുന്ന യാത്രകഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പതിനൊന്നുകിലോ കുറഞ്ഞു. പഴവും പച്ചക്കറികളുമായിരുന്നു പ്രധാനഭക്ഷണം. പ്രതിരോധവകുപ്പിന്റെ ഭക്ഷ്യഗവേഷണശാലയിൽ വികസിപ്പിച്ചെടുത്ത നൂറ്റിയമ്പതിലേറെ ഊണുപൊതികളുമായാണ് യാത്ര നടത്തിയത്. ഏറെ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളും ഉണ്ടായി. അതെല്ലാം ടോമി അന്ന് അതിജീവിച്ചിരുന്നു. ഈ അനുഭവ സമ്പത്തുമായിട്ടായിരുന്നു ഇത്തവണത്തെ യാത്ര. അപകടമെത്തിയപ്പോഴും നിശ്ചയദാർഡ്യം കൈമുതലായി. അങ്ങനെ വീണ്ടും ജീവിതത്തിലേക്ക്.

ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി പ്രയാണത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപെട്ട അഭിലാഷ് ടോമി ആരോഗ്യം വീണ്ടെടുക്കുകയാണ്. എട്ടു മീറ്ററോളം ഉയരത്തിലുള്ള തിരമാലകളും ശക്തമായ കാറ്റുമാണു രക്ഷാദൗത്യം വൈകിപ്പിച്ചത്. ഇലെ ആംസ്റ്റംഡാം എന്ന ദ്വീപിലേക്കാണ് അഭിലാഷിനെ എത്തിച്ചത്. മകനെ ജീവനോടെ കിട്ടിയല്ലോ... ദൈവത്തിന് നന്ദി. മഹാഭാഗ്യം തന്നെയാണിത്'. സാഹസിക പായ്വഞ്ചിയോട്ട മത്സരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ട മലയാളിനാവികൻ കമാൻഡർ അഭിലാഷ് ടോമിയുടെ അച്ഛൻ റിട്ട. ലെഫ്. കമാൻഡന്റ് വി സി. ടോമിയുടെ വാക്കുകളാണ് ഇത്. 'കഴിഞ്ഞ ജൂൺ മുപ്പതിന് അവൻ വിളിച്ചതാണ്. പിന്നെ വിവരമൊന്നുമില്ല. അപകടം സംഭവിച്ചതായി മത്സരത്തിന്റെ സംഘാടകരാണു വിളിച്ചുപറഞ്ഞത്. ഏതായാലും അവന്റെ ജീവന് അപായമൊന്നും സംഭവിക്കാതെ ദൈവം കാത്തല്ലോ. അതോർക്കുമ്പോൾ സമാധാനം.' മകന് മരുന്നും ഭക്ഷണവും ലഭിച്ചെന്നറിഞ്ഞപ്പോൾ സമാധാനമായെന്ന് മാതാവ് വത്സമ്മ പറഞ്ഞു.

പായ്വഞ്ചിയിൽ ലോകംചുറ്റാൻ പോകുന്നതിനുമുമ്പ് ജോലിസ്ഥലമായ ഗോവയിൽനിന്ന് അഭിലാഷ് ടോമി മാർച്ച് 30-ന് വീട്ടിലെത്തിയിരുന്നു. ഏപ്രിൽ രണ്ടിനാണ് തിരിച്ചുപോയത്. അഭിലാഷിനെ രക്ഷപെടുത്തിയെന്നുള്ള വാർത്ത എത്തിയതോടെ കുടുംബാംഗങ്ങൾ ആശ്വാസത്തിലാണ്. വീട്ടിൽ അഭിലാഷ് ടോമിയുടെ പിതാവും അമ്മ വത്സമ്മയും മാത്രമാണു താമസം. അഭിലാഷിന്റെ സഹോദരൻ അനീഷ് ടോമി ഇംഗ്ലണ്ടിലാണ്. സഹോദരന് അപകടം പിണഞ്ഞതറിഞ്ഞ് അനീഷ് സഹോദരിന്റെ അടുത്തേക്ക് പോയിട്ടുണ്ട്. 'പരുക്ക് ശരീരത്തിനാണ്. അവന്റെ മനസ്സിനു നല്ല കരുത്തുണ്ട്. പരുക്കു മാറി വീണ്ടും സാഹസികയാത്രകൾക്കൊരുങ്ങട്ടെ. ഞങ്ങൾ പൂർണമായും പിന്തുണയ്ക്കും'' ഇതാണ് ടോമിയുടെ മാതാപിതാക്കൾക്ക് ഇപ്പോഴും പറയാനുള്ളത്. അഭിലാഷിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ഇവർ സ്ഥിരീകരിക്കുന്നു.

ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി മൽസരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ട മലയാളി സമുദ്രസഞ്ചാരി അഭിലാഷ് ടോമി പ്രതിസന്ധിയിലായത്. ഫ്രഞ്ച് മൽസ്യബന്ധനക്കപ്പലായ 'ഒസിരിസ്' ഇന്ത്യൻ സമയം ഇന്നലെ പകൽ പതിനൊന്നരയോടെ ടോമിയെ രക്ഷപ്പെടുത്തി. സമീപ മേഖലയിൽ അപകടത്തിൽപ്പെട്ട മറ്റൊരു മൽസരാർഥി, ഐറിഷ് നാവികൻ ഗ്രിഗർ മക്ഗുകിനെയും രക്ഷിച്ചു. ഇരുവരെയും ഏറ്റവുമടുത്തുള്ള ദ്വീപായ ന്യൂ ആംസ്റ്റർഡാമിൽ എത്തിച്ചു. ഇനി രണ്ട് മൂന്ന് ദിവസം ഇവിടെ ഉണ്ടാകും. നാവികസേനാ കപ്പലായ ഐഎൻഎസ് സത്പുരയിൽ മൊറീഷ്യസിൽ എത്തിച്ച് തുടർചികിൽസ നൽകാനാണ് ആലോചന. ഇതിനായി കപ്പൽ തിരിച്ചു കഴിഞ്ഞു.

വെള്ളിയാഴ്ച ഓസ്‌ട്രേലിയയിലെ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെ കൊടുങ്കാറ്റിൽ 'തുരീയ' എന്ന പായ്വഞ്ചി തകർന്നാണ് അഭിലാഷ് അപകടത്തിൽപ്പെട്ടത്. നടുവിനു പരുക്കുള്ളതിനാൽ സ്‌ട്രെച്ചറിൽ ചെറുബോട്ടിലേക്കു മാറ്റിയ ശേഷമാണ് കപ്പലിലെത്തിച്ചത്. കപ്പലിലെ ഡോക്ടർ പ്രഥമശുശ്രൂഷ നൽകി. അഭിലാഷ് ബോധവാനാണെന്നും സുരക്ഷിതനാണെന്നും നാവികസേനാ വക്താവ് ഡി.കെ.ശർമ അറിയിച്ചു. സേനയുടെ നിരീക്ഷണവിമാനമായ പി8ഐയും ഓസ്‌ട്രേലിയൻ നിരീക്ഷണവിമാനവും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു. അഭിലാഷിനു ബോധം നഷ്ടപ്പെട്ടിട്ടില്ലെന്നും ക്ഷീണിതനാണെന്നും ശരീരം ജലാംശം ഇല്ലാത്ത അവസ്ഥയിലാണെന്നും സൂചനയുണ്ട്.

ഒറ്റയ്ക്കു ലോകം ചുറ്റാനുള്ള ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി മൽസരത്തിൽ മൂന്നാമതായിരിക്കെയാണ് അഭിലാഷ് അപകടത്തിൽപ്പെട്ടത്. സംഘാടകർ അയച്ച സന്ദേശങ്ങൾക്കു മറുപടി ലഭിക്കാതായതോടെ ആശങ്ക ഉടലെടുത്തിരുന്നു. പ്രതികൂല കാലാവസ്ഥയും വെല്ലുവിളി സൃഷ്ടിച്ചു. എന്നാൽ കണക്കുകൂട്ടിയതിലും ഒന്നര മണിക്കൂർ നേരത്തേ 'ഒസിരിസ്' ലക്ഷ്യത്തിലെത്തി. ഓസ്ട്രേലിയൻ തീരമായ പെർത്തിൽ നിന്ന് 3704 കിലോമീറ്റർ അകലെ അപകടത്തിൽപെട്ട 'തുരിയ' പായ്വഞ്ചിയിൽനിന്നാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. കന്യാകുമാരിയിൽനിന്ന് 5000 കിലോമീറ്ററിലധികമാണ് ഇവിടേക്കുള്ള ദൂരം.

പ്രയാണത്തിനിടെയുണ്ടായ പ്രതികൂല കാലാവസ്ഥയിൽ പായ്മരങ്ങൾ തകർന്ന് വീണു അഭിലാഷിന് നടുവിന് പരിക്കേൽക്കുകയായിരുന്നു. നടുവിന് പരിക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിയാണെന്നും ദേഹത്താകെ നീരുണ്ടെന്നും നേരത്തെ അഭിലാഷ് സന്ദേശത്തിൽ അറിയിച്ചിരുന്നു. കാൽവിരലുകളൊഴികെ ശരീരമനക്കാനാവാത്ത നിലയാണ്. രാജ്യാന്തര കപ്പൽച്ചാലിൽനിന്ന് ഏറെ അകലെ ഒറ്റപ്പെട്ട മേഖലയായതുകൊണ്ടാണു രക്ഷാപ്രവർത്തനം വൈകിയത്. എയർലിഫ്റ്റ് ചെയ്യാൻ കഴിയുന്നതരം വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും കരയിൽനിന്ന് ഇത്ര ദൂരം പറന്നു ദൗത്യം നിർവഹിച്ചു തിരികെയെത്താനുള്ള ഇന്ധനശേഷിയില്ല. അതിനാൽ, കപ്പൽ ഉപയോഗിച്ചുള്ള രക്ഷാദൗത്യം മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ.

ഐഎൻഎസ് സത്പുര, ഐഎൻഎസ് ജ്യോതി, എച്ച്എംഎഎസ് ബല്ലാറാത്ത് എന്നീ കപ്പലുകൾ അഭിലാഷിനെ രക്ഷിക്കാൻ പുറപ്പെട്ടിരുന്നു. ഓസ്ട്രേലിയൻ റെസ്‌ക്യു കോ- ഓർഡിനേഷന്റെയും നാവികസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ജൂലൈ ഒന്നിന് ഫ്രാൻസിലെ ലെ സാബ്ലെ ദെലോവ തുറമുഖത്തുനിന്നാണ് ഗോൾഡൻ ഗ്ലോബ് മത്സരം ആരംഭിച്ചത്. 84 ദിവസത്തിനുശേഷം 19,444 കിലോമീറ്റർ പിന്നിട്ടാണ് ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയത്. മത്സരത്തിൽ മൂന്നാമതായിരുന്നു അഭിലാഷ് ടോമി. ഏഷ്യയിൽ നിന്നുള്ള ഏക മത്സരാർഥിയാണ് മലയാളിയായ അഭിലാഷ്.