ഇടുക്കി: അഭിമന്യു വധക്കേസ് അന്വേഷണ സംഘത്തിനെതിരെ വിമർശനവുമായി അച്ഛൻ മനോഹരൻ രംഗത്ത്. കൊലപാതകം നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും പ്രധാന പ്രതികൾ എല്ലാം ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ പ്രധാന പ്രതി സഹലിനെ ഇതുവരെ പിടികൂടാൻ പൊലീസ് ആയിട്ടില്ല. കേസ് അന്വേഷണത്തിൽ പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. കേസ് അന്വേഷണത്തിൽ പൊലീസിന് പഴയ താൽപര്യമില്ലെന്നും അഭിമന്യുവിന്റെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അഭിമന്യു കൊല്ലപ്പെട്ട സമയത്ത് അന്വേഷണ വിവരങ്ങൾ പൊലീസ് അറിയിക്കുമായിരുന്നെങ്കിലും ഇപ്പോൾ അന്വേഷണ പുരോഗതി കുടുംബത്തെ ആരും അറിയിക്കുന്നില്ലെന്നും മനോഹരൻ പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജിലിട്ട് അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും കേസിലെ 16 പ്രതികളിൽ എട്ടു പേരും ഇപ്പോഴും ഒളിവിലാണെന്നതും ഇവരെ കുറിച്ച് ഒരു സൂചന പോലും പൊലീസിന് കണ്ടെത്താനാവാത്തതുമാണ് അഭിമന്യുവിന്റെ കുടുംബത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇതോടെയാണ് അഭിമന്യുവിന്റെ പിതാവ് പൊലീസിനെതിരെ രംഗത്തെത്തിയത്. പ്രതികളെ പിടികൂടാതെ നിരുത്തരവാദിത്തപരമായ സമീപനമാണ് അഭിമന്യു വധക്കേസിൽ പൊലീസ് നടത്തുന്നതെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. അതേസമയം അഭിമന്യു വധക്കേസിലെ കുറ്റപത്രം വിചാരണ നടപടികൾക്കായി എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറിയിരിക്കുകയാണ്. ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

കേസിൽ എട്ട് പ്രതികളാണ് വിചാരണക്ക് വിധേയരാകുക. മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ പ്രതികൾ തെളിവുകൾ നശിപ്പിച്ചുവെന്നായിരുന്നു കുറ്റപത്രം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കൃത്യം നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങളും ഉപയോഗിച്ച മൊബൈൽ ഫോണുകളും കണ്ടെടുക്കാനാകാത്ത വിധം നശിപ്പിച്ചെന്നും കുറ്റ പത്രത്തിലുണ്ട്. മുഖ്യപ്രതിയായ മുഹമ്മദ് അടക്കം എട്ട് പേരുടെ വിചാരണ നടപടികൾക്ക് ഇതോടെ തുടക്കമായിരിക്കുകയാണ്.

പ്രതികളെ വിളിച്ചുവരുത്തി പകർപ്പ് നൽകിയ ശേഷമാണ് കുറ്റപത്രം കോടതിക്ക് കൈമാറിയത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയാണ് കേസിന്റെ വിചാരണ ഏത് കോടതിയിൽ വേണമെന്ന് അന്തിമ തീരുമാനം എടുക്കുക. കേസിലെ 16 പ്രതികളിൽ എട്ട് പേർ ഇപ്പോഴും ഒളിവിലാണ്. ശേഷിക്കുന്ന എട്ട് പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.