ബത്തേരി: അഭിനോഷിനെ കുടുക്കിയത് ഒന്നിലേറെ പെൺകുട്ടികളെ ഒരേ സമയം കൊണ്ടു നടക്കാനുള്ള മോഹം. ചതിയായത് സ്വന്തം മൊബൈലും. പതിനാറുകാരിയായ കാമുകി അഭിനോഷിന്റെ മൊബൈൽ കണ്ട് ഞെട്ടി. സ്‌കൂളിലെ ചേച്ചിയുടെ വീഡിയോ ആയിരുന്നു അവ. ഇതോടെ ബത്തേരി പുത്തൻകുന്ന് നേർച്ചക്കണ്ടി അഭിനോഷ്(22)കുടുങ്ങി. പിന്നെ കാമുകിയും മുൻകാമുകിയും ഒരുമിച്ചു. ഇത് അഭിനോഷ് അറിഞ്ഞതുമില്ല. സമർത്ഥമായി പൊലീസ് നീങ്ങിയപ്പോൾ പീഡകൻ കുരുങ്ങുകയും ചെയ്തു. രണ്ടുപേരും ഒരുമിച്ച് പൊലീസിൽ പരാതി നൽകിയതാണ് നിർണ്ണായകമായത്.

ബത്തേരി സ്വദേശിനിയായ ഒരു കോളേജ് വിദ്യാർത്ഥിനിയെ അഭിനോഷ് ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈലിൽദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനമാവർത്തിക്കുകയുമായിരുന്നു. ഇതിന് ശേഷം ഈ പെൺകുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് മറ്റൊരു പ്ലസ്ടു വിദ്യാർത്ഥിനിയെ സമാനരീതിയിൽ ചൂഷണത്തിന് വിധേയമാക്കി. ഈ പതിനാറുകാരിയാണ് അഭിനോഷിന്റെ ചതി തിരിച്ചറിഞ്ഞത്. ഇതോടെ കാമുകനെ കുടുക്കാൻ തീരുമാനിക്കുയും ചെയ്തു. അഭിനോഷിനെതിരെ പോക്‌സോ കുറ്റം ചുമത്തുകയും ചെയ്തു. അഭിനോഷിനെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോളേജ് വിദ്യാർത്ഥിനിയെ കഴിഞ്ഞ നാല് വർഷങ്ങളായി പലതവണ ഇയ്യാൾ പീഡിപ്പിച്ചു. പ്രണയം നടിച്ച് പെൺകുട്ടിയുമായി അടുത്ത അഭിനാഷ് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തി കൂടുതൽ തവണ തന്നെ പീഡിപ്പിക്കുകയും ചെയ്തു. മനംനൊന്ത് ഈ പെൺകുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇതോടെ പത്തൊൻപതുകാരിയുമായി അഭിനോഷ് അകന്നു. പുതിയ ഇരയെ കണ്ടെത്തി.

സമീപത്തെ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയെയാണ് പ്രണയം നടിച്ച് വീഴ്‌ത്തിയത്. കാണാൻ സുമുഖനായ അഭിനോഷ് അതിവേഗം കുട്ടിയെ വലയിലാക്കി. തുടർന്ന് തക്കം കിട്ടിയപ്പോൾ ആ കുട്ടിയേയും മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികമായി ചൂഷണം ചെയ്യാൻ കരുനീക്കം നടത്തി. എന്നാൽ പെൺകുട്ടി വഴങ്ങിയില്ല. അഭിനോഷിനെ സംശയത്തോടെ കണ്ടു. അഭിനോഷിന്റെ മൊബൈലിൽ തന്റെ പരിചയക്കാരികൂടിയായ 19 കാരിയുടെ ചിത്രം ഉണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് കാമുകൻ അറിയാതെ ഫോൺ പരിശോധിച്ചു. ഇതോടെ കള്ളി പൊളിഞ്ഞു. ഇതോടെ അഭിനോഷിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങിയുമില്ല.

തുടർന്ന് 19 കാരിയോട് 16 കാരി ഫോട്ടോയുടെ കാര്യവും മറ്റ് സംഭവങ്ങളും വിവരിക്കുകയായിരുന്നു. ഇതോടെയാണ് പഴയ കാമുകി ചതിയുടെ ആഴം മനസ്സിലായത്. അപ്പോഴാണ് ഇരുവർക്കും തങ്ങൾ കബളിക്കപ്പെട്ടകാര്യം മനസ്സിലായത്. ഇതിനുപുറമേ അഭിനോഷ് മറ്റൊരു പെൺകുട്ടിയുമായി കറങ്ങിനടക്കുന്നതിനെ കുറിച്ചു സൂചന ലഭിച്ചു. ഇതോടെ അഭിനോഷിന്റെ മുഖം തുറന്നുകാട്ടാൻ തീരുമാനിച്ചു. തങ്ങൾക്ക് സംഭവിച്ച അബദ്ധം മറ്റൊരാൾക്കുകൂടി പറ്റെരുതെന്ന് തീരുമാനിച്ചു. കാര്യം പെൺകുട്ടികൾ വീട്ടുകാരോട് കാര്യം പറഞ്ഞു. അവരുടെ സമ്മതത്തോടെ പൊലീസിൽ പരാതിയും നൽകി. ഇതോടെയാണ് പൊലീസ് സമർത്ഥമായ ഇടപെടൽ നടത്തിയത്.

ഒരു കല്യാണവീട്ടിൽ വെച്ചുണ്ടായ പരിചയം മുതലെടുത്താണ് കോളേജ് വിദ്യാർത്ഥിനിയെ ഇയാൾ വശീകരിച്ചത്. വിലകൂടിയ വാഹനങ്ങളിലും മറ്റുമെത്തിയാണ് പ്രതി പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈലിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ സഹായിച്ചതിന് കൂടുതൽ പേർ പൊലീസ് പിടിയിലാവാനുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.