പൊന്നാനി: ഇന്ന് ലോകത്തെ ഏറ്റവും വലിയ ബിസിനസ് ഏതാണ് എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ ഉണ്ടെങ്കിലും മരുന്നു കച്ചവടം എന്നത് വലിയ ഒരു ഉത്തരമാണ്. കാരണം രണ്ട് രൂപയുടെ ഒരു ഗുളികക്ക് പോലും പത്തും ഇരുപതും രൂപയാണ് സാധാരണ മെഡിക്കൽ സ്റ്റോറുകളിൽ പോലും ഈടാക്കാറുള്ളത്. അത്തരത്തിൽ ഉള്ള കാലത്ത് തികച്ചും സൗജന്യമായി മരുന്നു നൽകുന്ന ഒരു മെഡിക്കൽ ഷോപ്പുണ്ട് പൊന്നാനിയിൽ.

പഴയ ഒരു കെട്ടിടം ബോർഡു പോലുമില്ലാത്ത ഈ കട ഒരു മെഡിക്കൽ ഷോപ്പാണ്. ആയിരങ്ങൾക്ക് സ്വാന്തനമാകുന്ന ഈ മെഡിക്കൽ ഷോപ്പിന്റെ ഉടമയാണ് കൊങ്ങണം വീട്ടിൽ അബൂബക്കർ, ഈ മെഡിക്കൽ ഷോപ്പിൽ കണക്കുകൾ ഇല്ല. എല്ലാം ദൈവത്തിന്റെ കയ്യിലെ കണക്കുകളാണ്.കാരണം ഇവിടെ നൽകുന്ന മരുന്നുകൾ എല്ലാം സൗജന്യമാണ്.

30ലേറെ വർഷങ്ങളായി അബൂബക്കർ സൗജന്യമായി മരുന്നു നൽകി വരികയാണ്. 75 കാരനായ ഇദ്ദേഹം ദിവസേന 30,000 രൂപയോളം വിലമതിക്കുന്ന മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് ഇദ്ധേഹം മരുന്നു ശേഖരിക്കുന്നത്. രണ്ടു മാസത്തിലൊരിക്കലാണ് മരുന്നു വാങ്ങാനായി പോകുന്നത്. പോവുന്നതിന് ഒരാഴ്ച മുമ്പേ മരുന്നു നൽകുന്നവർക്ക് കത്തയക്കും. അല്ലെങ്കിൽ ഫോൺ ചെയ്യും. അബൂബക്കറിന്റെ വരവും കാത്ത് ഡോക്ടർമാരും ആശുപത്രികളും മെഡിക്കൽ റപ്പുമാരും സാംപിൾ മരുന്നുകൾ കരുതിവയ്ക്കും.

ഈ മരുന്നുകളാണ് പലരുടേയും ജീവിതത്തിൽ വെളിച്ചം നിറക്കുന്നത്. ചില സമയങ്ങളിൽ മുന്നിൽ വന്ന് കണ്ണീരോടെ സങ്കടം പറയുന്നവർക്ക് പലപ്പോഴും മടങ്ങിപ്പോവേണ്ട ബസ്‌കൂലിയും അബുബക്കർ നൽകും.80കളിൽ ടിബിക്കുള്ള മരുന്നു തേടിയായിരുന്നു കൂടുതൽ പേരും എത്തിയിരുന്നത്. അതൊരു വല്ലാത്ത കാലമായിരുന്നു. ഇപ്പോൾ പ്രമേഹത്തിനും രക്തസമ്മർദത്തിനുമുള്ള മരുന്നിനാണു കൂടുതൽ പേരും വരാറുള്ളത്. ഇവിടെ ഇല്ലാത്ത മരുന്നുകൾ പുറമേ നിന്നു വാങ്ങാൻ സാമ്പത്തിക സഹായവും നൽകാറുണ്ടെന്നും അബൂബക്കർ പറയുന്നു.

ചെറുപ്പകാലത്തിൽ കണ്ട പൊന്നാനിയിലെ ഒരു ഡോക്ടറുടെ സ്വാധീനമാണ് അബൂബക്കറിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. വീടുകളിൽ ചെന്നൊക്കെ ചികിൽസിച്ച്, മരുന്നുക്കെളാക്കെ സൗജന്യമായി നൽകിയ ഡോക്ടർ. തന്റെ യൗവ്വനകാലത്ത് ഏറെ സ്വാധീച്ച ഈ ഡോക്ടറെ ജീവിതത്തിലേക്കു പറിച്ചുനടുകയായിരുന്നു അബൂബക്കർ.