2013ൽ ഐസിസിനെ പിന്തുണയ്ക്കാൻ യുകെയിൽ നിന്നും സിറിയയിലേക്ക് പോയ യുവാവാണ് 22കാരനായ സുഫിയാൻ മുസ്തഫ. എന്നാൽ ഇപ്പോൾ സിറിയ വിട്ട് എങ്ങനെയെങ്കിലും യുകെയിലേക്ക് തിരിച്ചെത്തിയാൽ മതിയെന്നാണ് ഇയാളുടെ ആഗ്രഹമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഐസിസിനായി പോരാടാൻ പോയ ഇയാളുടെ പൗരത്വം ഹോം ഓഫീസ് റദ്ദാക്കിയിരിക്കുകയുമാണ്. അമേരിക്കയിൽ ജയിലിൽ കഴിയുന്ന ഭീകരനായ ഒറ്റക്കൈയൻ അബു ഹംസയുടെ മകനാണ് സുഫിയാൻ. ഭീകരപ്രവർത്തനങ്ങൾ നടത്തിയതിനാണ് അബുവും അകത്തായിരിക്കുന്നത്.

സുഫിയാന് യുകെയിലേക്ക് തിരിച്ച് വരാൻ സാധിക്കില്ലെന്നാണ് ഹോം ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ തന്നെ യുകെയിലേക്ക് തിരിച്ച് വരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ചിരിക്കുന്നുവെന്ന് സുഫിയാൻ അറബിക് ന്യൂസ്പേപ്പർ അൽ-ക്യൂഡ്സ് വെളിപ്പെടുത്തിയിട്ടുണ്ട്. താൻ ജനിച്ചതും ജീവിച്ചതുമായ സ്ഥലമാണ് ബ്രിട്ടനെന്നും സുഫിയാൻ പറയുന്നു. താൻ ബ്രിട്ടന്റെ ദേശീയസുരക്ഷയ്ക്ക് ഒരിക്കലും ഭീഷണിയല്ലെന്നും ഇവിടുത്തെ ജനതയ്ക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും തന്റെ മതം നിഷ്‌കളങ്കരെ ആക്രമിക്കാൻ അനുവദിക്കില്ലെന്നും അയാൾ പറയുന്നു.

ഈ മാസം ആദ്യം ഐസിസിനെയും ആസാദ് ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെയും തള്ളിക്കളഞ്ഞ് അബു ഹംസയുടെ ഇളയമകൻ ഒരു പ്രൊപ്പഗാണ്ട വീഡിയോയിലൂടെ രംഗത്തെത്തിയിരുന്നു. ആസാദ് ഭരിക്കുമ്പോൾ സിറിയയിലെ സംഘർഷത്തിന് അറുതി വരില്ലെന്നും ഐസിസ്, അൽ-ഖ്വയ്ദ എന്നിവ നടത്തുന്ന കൂട്ടക്കുരുതികളുടെ അടിസ്ഥാനത്തിൽ മാത്രം പാശ്ചാത്യർ മുസ്ലീങ്ങളെ വിലയിരുത്തരുതെന്നും അയാൾ വീഡിയോയിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഒരു യൂട്യൂബ് വീഡിയോയിൽ അയാൾ ഖുറാൻ വായിക്കുന്നതും കാണാം.

ഹംസയുടെ എട്ട് മക്കളിൽ ആറാമനാണിത്. കൊളറാഡോയിലെ ജയിലിൽ ഹംസ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഹംസ. ഈജിപ്ഷ്യൻ എൻജിനീയർ മതവിദ്വേഷം പടർത്തുന്ന പ്രാസംഗികനായ ചരിത്രമാണ് ഹംസക്കുള്ളത്.. 1980 ൽ ആയിരുന്നു ഹംസക്ക് യുകെ പൗരത്വം ലഭിച്ചിരുന്നത്. തുടർന്ന് മതപ്രചാരണത്തിലും രാഷ്ട്രീയത്തിലും ഇയാൾ താൽപര്യം പുലർത്തി. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയൻ കടന്ന് കയറ്റത്തിൽ ഇടപെടാൻ ഇയാൾ പ്രത്യേക താൽപര്യം പുലർത്തി. തുടർന്ന് നടന്ന ഒരു ആക്രമണത്തിൽ ഇയാൾക്ക് ഒരു കൈയും കണ്ണും നഷ്ടപ്പെട്ടിരുന്നു. 2001ൽ ബിൻലാദനെ പിന്തുണച്ച് പ്രസംഗിച്ചതിനെ തുടർന്ന് ഇയാൾ ബ്രിട്ടനിലെ സെക്യൂരിറ്റി ഏജൻസികളുടെ നോട്ടപ്പുള്ളിയായി. സെപ്റ്റംബർ 11ലെ ആക്രമണത്തിന് ശേഷമായിരുന്നു ഇത്.2015ലാണ് ഭീകരപ്രവർത്തനങ്ങളുടെ പേരിൽ ഹംസ അമേരിക്കയിൽ ജയിലായത്.