കോഴിക്കോട്: കരിപ്പൂരിലെ സ്വർണ്ണക്കടത്തുകാരൻ സ്വർണ്ണക്കടത്തു കേസ് പ്രതി അബുലൈസിന്റെ ഉന്നത ബന്ധങ്ങൾ വെളിവാക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചീറിപ്പായുന്നത്. ഇത് വെറും ബന്ധങ്ങളല്ലെന്നാണ് വ്യക്തമാകുന്നത്. അവിചാരിതമായി ചിത്രമെടുത്തതിന് അപ്പുറത്തേക്ക് അബുലൈസും രാഷ്ട്രീയക്കാരും തമ്മിൽ വലിയ ബന്ധങ്ങളുണ്ടെന്നാണ് അറിയുന്നത്. ഒരിക്കൽ ഉത്തർപ്രദേശിൽ വെച്ച് പിടിയിലായപ്പോൾ മോചിപ്പിക്കാൻ ഇടപെട്ടത് ഉന്നതരായണെന്നും വ്യക്തമായി.

അബുലൈസിനെ രക്ഷിക്കാൻ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേരിട്ട് ഇടപെട്ടതായാണ് വ്യക്തമാകുന്നത്. കൊഫെപോസ നിയമ പ്രകാരം വാറന്റുള്ള അബുലൈസ് കാഠ്മണ്ഡു വഴി കേരളത്തിലേക്കു കടക്കുന്നതിനിടെ ഉത്തർപ്രദേശ് പൊലീസിന്റെ പിടിയിലായപ്പോഴാണ് എഡിജിപി നേരിട്ട് ഇടപട്ടതെന്നാണു വിവരം.

കഴിഞ്ഞ വർഷം ഒക്ടോബറിലും 2017 ജനുവരിയിലും ഏപ്രിലിലും അബുലൈസ് കേരളത്തിലെത്തി. ഡിആർഐയുടെ തിരിച്ചറിയൽ നോട്ടിസുള്ളതിനാൽ കാഠ്മണ്ഡു വഴിയാണ് അബുലൈസ് നാട്ടിലെത്തിയിരുന്നത്. യാത്രയ്ക്കിടെ ജനുവരിയിൽ യുപി പൊലീസിന്റെ പിടിയിലായി. മണിക്കൂറുകൾക്കകം കേരള പൊലീസിലെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉത്തർപ്രദേശ് പൊലീസുമായി ബന്ധപ്പെട്ടു. ഉന്നത സി.പി.എം നേതാവിന്റെ നിർദേശപ്രകാരമായിരുന്നു ഇടപെടൽ.

മൊബൈലിൽ സൂക്ഷിച്ചിരുന്ന ഇതേ നേതാവിനൊപ്പമുള്ള ഫോട്ടോകൾ അബുലൈസ് പൊലീസ് ഉദ്യോഗസ്ഥരെ കാണിക്കുകയും ചെയ്തു. മൂന്നു തവണ അബുലൈസ് നാട്ടിലെത്തിയതായി റവന്യു ഇന്റലിജൻസിനും വിവരങ്ങൾ കിട്ടിയിട്ടുണ്ട്. സ്വർണക്കള്ളക്കടത്തു കേസിലെ പ്രതികൾ നാട്ടിലുണ്ടെന്ന വിവരം ഡിആർഐ അറിയിച്ചിട്ടും പൊലീസും രഹസ്യാന്വേന്മഷണ വിഭാഗവും ഒത്തുകളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾ നാട്ടിലുണ്ടെന്ന വിവരം ഡിആർഐ അറിയിച്ചിട്ടും അബുലൈസിനെ പിടികൂടാതെ പൊലീസും രഹസ്യാന്വേന്മഷണ വിഭാഗവും ഒത്തുകളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളങ്ങൾ വഴി 39 കിലോ സ്വർണം കടത്തിയ സംഘത്തിലെ പ്രധാനിയാണ് അബുലൈസ്.

അതിനിടെ അബുലൈസ് ഏപ്രിലിൽ നാട്ടിലെത്തിയതു കൊടുവള്ളിയിൽ കൊയപ്പ സെവൻസ് ഫുട്‌ബോളിൽ പങ്കെടുക്കാൻ. ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടെ ഇയാൾ കൊടുവള്ളിയിൽ നിന്നു രക്ഷപ്പെട്ടു. ഈ വിവരം ഇന്റലിജൻസോ ലോക്കൽ പൊലീസോ അറിഞ്ഞില്ല. കൊഫേപോസ ചുമത്തിയ പ്രതികളുടെ വിവരം ലഭിക്കാത്തതിനാലാണ് ഇക്കാര്യം അന്വേഷിക്കാതിരുന്നതെന്നാണ് ഇന്റലിജൻസിന്റെ നിലപാട്.

കേസിലുൾപ്പെട്ട ഒളിവിൽ പോകുന്ന പ്രതികളെ ലോക്കൽ പൊലീസാണു നിരീക്ഷിക്കുന്നത്. എന്നാൽ സുപ്രധാന കേസുകളിൽ ഒളിവിൽ പോയവരുടെ വിവരങ്ങൾ ഇന്റലിജൻസിനു നൽകാറുണ്ട്. ഇപ്രകാരം കോടികളുടെ സ്വർണം അനധികൃതമായി കടത്തിയ കേസ് സംബന്ധിച്ച വിവരങ്ങളാണ് ആഭ്യന്തരവകുപ്പ് കൈമാറാതിരുന്നത്.

നേരത്തെ അബുലൈസിനൊപ്പം യുഡിഎഫ് നേതാക്കൾ ഇരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരോടൊപ്പം ഇയാൾ ദുബായിൽ വച്ചെടുത്ത സെൽഫി ചിത്രങ്ങളാണു പുറത്തായിരിക്കുന്നത്. കേക്ക് മുറിക്കാനായി വച്ചിരിക്കുന്നതും അബുലൈസിനൊപ്പം നേതാക്കൾ മുറിച്ച കേക്ക് കഴിക്കുന്നതുമൊക്കെയാണു ചിത്രങ്ങളിലുള്ളത്. ഇതു കൂടാതെ എംഎൽഎമാരായ കാരാട്ട് റസാഖിനും പി.ടി.എ. റഹീമിനും അബുലൈസിന്റെ നേതൃത്വത്തിൽ ദുബായിൽ സ്വീകരണം നൽകുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്.

ഇടതു പക്ഷത്തെ എംഎൽഎമാരായ കാരാട്ട് റസാഖ്, പിടിഎ റഹീം എന്നിവർക്കു ദുബായ് വിമാനത്താവളത്തിൽ സ്വർണക്കള്ളക്കടത്തു കേസിലെ പ്രതി അബുലൈസിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം. കോടിയേരി ബാലകൃഷ്ണന് മിനികൂപ്പർ കാർ നൽകി വിവാദത്തിലായ കൊടുവള്ളി നഗരസഭാംഗം കാരാട്ട് ഫൈസലാണ് ഇടത്തേയറ്റത്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു താനും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസും ദുബായിൽ പോയിരുന്നുവെന്നും അന്ന് ഒട്ടേറെ പേർ കൂടെ നിന്നു ഫോട്ടോ എടുത്തിരുന്നുവെന്നും അതാരൊക്കെയാണെന്ന് അറിയില്ലെന്നും ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു. അന്ന് എടുത്ത ചിത്രങ്ങളാണു പുറത്തു വന്നിരിക്കുന്നത്. മറ്റൊന്നും അറിയില്ല. അബുലൈസുമായി വ്യക്തിബന്ധമോ കച്ചവടബന്ധമോ ഇല്ലെന്നു പി. കെ. ഫിറോസും വ്യക്തമാക്കി. ഇതേക്കുറിച്ചു സർക്കാർ അന്വേഷിക്കണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.