പാലക്കാട്: മന്ത്രവാദി ചമഞ്ഞു ചികിത്സ നടത്തുന്നയാൾ സ്ത്രീപീഡനക്കേസിൽ അറസ്റ്റിൽ. ഓങ്ങല്ലൂർ മഞ്ഞളുങ്ങൽ പത്തംപുലാക്കൽ മമ്മി മകൻ അബുതാഹിർ മുസ്ല്യാർ (അബു-33) ആണ് അറസ്റ്റിലായത്.

കോയമ്പത്തൂർ സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്നാണു നടപടി. മന്ത്രവാദവും മതപ്രഭാഷണവും നടത്തുന്ന അബുതാഹിർ പലവിധ കാരണങ്ങളുടെ പേരിൽ സ്ത്രീകളെ വശീകരിച്ച് പീഡിപ്പിക്കുന്നത് പതിവാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ പരാതികൾ ലഭിച്ചിട്ടില്ല.

ഈയിടെ മഞ്ഞളുങ്ങലിൽ അബുതാഹിറിന്റെ നേതൃത്വത്തിൽ ആണ്ടുനേർച്ച നടത്തിയിരുന്നു. ഇതിൽ പങ്കെടുക്കാൻ കോയമ്പത്തൂരിൽ നിന്നും കുടുംബസമേതം എത്തിയ സംഘത്തിലെ ഇരുപത്തിയൊന്നുകാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ അമ്മയും ഇളയമ്മയും അവരുടെ ഭർത്താവും ഉൾപ്പെട്ട സംഘമാണ് എത്തിയിരുന്നത്. പെൺകുട്ടിയുടെ പേടി മാറ്റാനുള്ള ചികിത്സയാണെന്നു തെറ്റിദ്ധരിപ്പിച്ച് മുറിയിൽ വാതിലടച്ച് പീഡിപ്പിച്ചതായാണ് പരാതി.

പീഡനത്തിന് ഇരയായ കുട്ടി കോയമ്പത്തൂരിൽ തിരികെയെത്തി അച്ഛനോട് നടന്നതെല്ലാം വിവരിച്ചു. തുടർന്നാണ് പട്ടാമ്പി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പെൺകുട്ടിയെ പേടിമാറ്റാനുള്ള ചികിത്സയ്ക്ക് വിധേയമാക്കാൻ ഇവിടേക്ക് എത്തിച്ചതിനു പിന്നിലുള്ള താൽപ്പര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ ബന്ധുക്കളിൽ ചിലർക്ക് അബുതാഹിറുമായുള്ള മുൻപരിചയമാണ് ഇവിടേക്ക് നയിച്ചത്.

സി.ഐ: പി.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അബുവിനെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.