ദുബായ്: ദുബായ് എന്നും മലയാളികളുടെ സ്വപ്‌ന ഭൂമിയാണ്. പല സ്വപന്ങ്ങളുമായാണ് ഓരോ മലയാളിയും അറബി മണ്ണിൽ കാല് കുത്തുന്നത്. അവിടെ പലപ്പോഴും ഭാഗ്യത്തിന്റെ രൂപത്തിൽ എത്തുന്നതാണ് അബുദാബി ബിഗ് ടിക്കറ്റ്. അത്തരം ഒരു ഭാഗ്യമാണ് ആറന്മുള കിടങ്ങന്നൂർ സ്വദേശി ജോൺ വർഗീസും കൂട്ടുകാരും സ്വന്തമാക്കിയത്.

ആയിരം ദിർഹത്തിന്റെ ടിക്കറ്റാണ് ജോണിന്റെയും കൂടെച്ചേർന്ന ഏഴുപേരുടേയും ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവന്നത്. 11 വർഷത്തിലധികമായി ദുബായ് ജുമൈറ ലെയ്ക്ക് ടവേഴ്സിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ് പീടികയിൽ വീട്ടിൽ ജോൺ വർഗീസ്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 21 കോടി രൂപ (12 ദശലക്ഷം ദിർഹം) സ്വന്തമാക്കിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അബുദാബിയിലെ രണ്ടാം വലിയ നറുക്കെടുപ്പായ ബിഗ് ടിക്കറ്റിലൂടെ 12 ദശലക്ഷം ദിർഹം ഇവർ നേടിയത്. ജോണിന്റെ പേരിലായിരുന്നു ടിക്കറ്റെടുത്തത്. അനീഷ് കുമാർ, മനു, (കാസർകോട്), സുനീർ കെ.എം, മൂസ, റഷീദ് സൂപ്പി (കണ്ണൂർ), റാസിഖ് (മലപ്പുറം), ഷമീർ (എറണാകുളം) എന്നിവരാണ് ഭാഗ്യത്തിന്റെ മറ്റ് അവകാശികൾ. ടിക്കറ്റ് വിലയിൽ ജോൺ 250 ദിർഹം (4400ഓളം രൂപ) ചെലവിട്ടപ്പോൾ ബാക്കിയുള്ളവരുടെ വിഹിതം 50 മുതൽ 200 ദിർഹം വരെയായിരുന്നു.

സമ്മാനം നേടിയത് ഒരു ജോൺ വർഗീസ് ആണെന്ന് അറിഞ്ഞത് മുതൽ ദുബായിൽ എല്ലാവരും ആ ഭാഗ്യവാനെ തിരയുകയായിരുന്നു. ഒടുവിൽ മറ്റ് രണ്ട് ജോൺ വർഗീസുമാരാണ് ഇതിന്റെ പേരിൽ പുലിവാല് പിടിച്ചത്. ദുബായ് ജബൽ അലിയിലെ ഒരു സ്വകാര്യ ഷിപ്പിങ് കമ്പനിയിൽ ഫോർക് ലിഫ്റ്റ് ഓപറേറ്ററായ ഒരു ജോൺ വർഗീസ് തനിക്ക് കിട്ടുന്ന അഭിനന്ദന പ്രവാഹം കേട്ട് കേട്ട് ഒടുവിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടാണ് താൻ അല്ലെന്ന് പറഞ്ഞത്.

മലയാളികളുടെ ഭാഗ്യങ്ങളുടെ പറുദീസയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ഒരു നിമിഷം കൊണ്ട് കോടീശ്വരനായി മാറുന്ന മാന്ത്രിക വടിയാണ് ഈ തെരഞ്ഞെടുപ്പ്, ഈ തിരഞ്ഞെടുപ്പിന്റെ ഭാഗ്യം വന്ന ജോൺ വർഗീസ് സമ്മാനം കിട്ടിയത് ഒളിച്ച് വെച്ചതല്ലെന്ന് പറയുന്നു, ജോൺ വർഗീസും കൂട്ടുകാരായ തൊട്ടടുത്തെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ കാസർകോട് ഉദുമ സ്വദേശി അനീഷ് കുമാറും മറ്റു ആറു പേരും ചേർന്നായിരുന്നു ആ ഭാഗ്യം സ്വന്തമാക്കിയത്. 50, 200 ദിർഹം വീതം മുടക്കിയാണ് എല്ലാവരും ചേർന്ന് ടിക്കറ്റെടുത്തത്.

കോടിപതിയായപ്പോൾ തങ്ങൾ അത് തത്സമയം കാണുകയായിരുന്നു എന്ന് ജോൺ വർഗീസ് പറയുന്നു. കഴിഞ്ഞ രണ്ടു വർഷത്തോളമായി കൂട്ടുകാരോടൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ട്. ആദ്യമായാണ് ഭാഗ്യത്തിന്റെ ദേവത കടാക്ഷിക്കുന്നത് എന്ന് ജോൺ വെളിപ്പെടുത്തുന്നു. 093395 ആയിരുന്നു ടിക്കറ്റ് നമ്പർ. കോടിപതികളായപ്പോൾ ഞങ്ങളാരും മറഞ്ഞുനിന്നതോ മറ്റോ അല്ലെന്നും ജോൺ പറയുന്നു.

മറ്റു രണ്ടു ജോൺ വർഗീസുമാർ ഞാൻ കാരണം ബുദ്ധിമുട്ടനുഭവിച്ചു എന്നറിഞ്ഞു. ഇതിൽ ഖേദമുണ്ട്. സമ്മാനം നേടിയ ഉടനെ നാട്ടിലെ കുടുംബത്തിനെ വിളിച്ച് അറിയിച്ചു. കോടികൾ നേടിയതിനെ തുടർന്നു ജോലി മതിയാക്കി നാട്ടിലേയ്ക്ക് പോകാനൊന്നും തീരുമാനിച്ചിട്ടില്ല. നാട്ടിലെ ഭാര്യക്കും രണ്ടു കുട്ടികളുടെ ഭാവിക്കും വേണ്ടി എന്തെങ്കിലും ചെയ്യണം. മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതിനെക്കാളും മറ്റൊരു നല്ല കാര്യമില്ല. വളരെ കഷ്ടപ്പെട്ടാണു ദുബായിൽ പിടിച്ചുനിന്നത്. ഈ മഹാഭാഗ്യത്തിന്റെ വിഹിതം ഈ മണ്ണിൽത്തന്നെ നിക്ഷേപിച്ചുകൊണ്ട് എന്തെങ്കിലും ബിസിനസ് ആരംഭിക്കണമെന്നാണ് ജോണിന്റെ ആഗ്രഹം. ലെനി ജോൺ ആണ് ജോൺ വർഗീസിന്റെ ഭാര്യ. വിദ്യാർത്ഥികളായ ജെനീറ്റ, ജോഹൻ എന്നിവരാണ് മക്കൾ.