- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അദ്ധ്യാപക നിയമനത്തിന് പിന്നാലെ സംസ്‌കൃത സർവകലാശാല അദ്ധ്യാപക നിയമനങ്ങൾ വീണ്ടും വിവാദത്തിൽ; മികച്ച യോഗ്യതയുള്ളവരെ ഒഴിവാക്കി കാറ്ററിങ് സർവീസ് നടത്തുന്നയാൾക്കും നിയമനം; വേണ്ടപ്പെട്ടവരെ ഉൾക്കൊള്ളിക്കാൻ യുജിസി ചട്ടങ്ങൾ മറികടന്ന് റാങ്ക് പട്ടിക
തിരുവനന്തപുരം: കാലടി സംസ്‌കൃത സർവകലാശാല അദ്ധ്യാപക നിയമനങ്ങൾ വീണ്ടും വിവാദത്തിലായി. .അധ്യയന പരിചയമുള്ളവരെയും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് നേടിയവരെയും നിരവധി ഗവേഷണ പ്രസിദ്ധീകരണങ്ങൾ ഉള്ളവരെയും ഒഴിവാക്കി സർവകലാശാലയിൽ കാറ്ററിങ് സർവീസ് നടത്തുന്നവരെയും കുറഞ്ഞ അക്കാദമിക് യോഗ്യതയുള്ളവരെയും സ്വാധീനത്തിന്റെ പിൻബലത്തിൽ അദ്ധ്യാപകരായി നിയമിച്ചതാണ് വിവാദത്തിലായത്.
സംസ്‌കൃത സർവകലാശാലയിൽ ഈ അടുത്തയിടെ നടന്ന അസിസ്റ്റന്റ് പ്രൊഫസർമാരുടെ വിവാദ നിയമനങ്ങൾക്ക് പിന്നാലെയാണ് കരാറടിസ്ഥാനത്തിലുള്ള അദ്ധ്യാപക നിയമനങ്ങളിലും വ്യാപക പക്ഷപാതം നടക്കുന്നതായുള്ള ആക്ഷേപം. 213 അദ്ധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ ഓൺലൈനിലൂടെ ഇന്റർവ്യൂ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് നിയമനങ്ങൾ നൽകിയത്.
2018 ലെ യുജിസി ചട്ടങ്ങൾ അവഗണിച്ച് പുതിയ മാനദണ്ഡങ്ങൾ ഉണ്ടാക്കി വേണ്ടപ്പെട്ടവരെ ഉൾകൊള്ളിക്കുന്നതിന് ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് നൽകിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. സർവകലാശാലയിൽ ജോലിചെയ്തിരുന്നവരെ ഒഴിവാക്കാൻ അദ്ധ്യാപന പരിചയത്തിനുള്ള മാർക്ക് വെട്ടിക്കുറച്ചതായും ആക്ഷേപമുണ്ട്. അടുത്തകാലത്ത് ഒരു സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് ഇന്റർവ്യൂ ബോർഡിലെ ഭാഷാവിദഗ്ധരുടെ ശുപാർ ശ മറികടന്ന് നിയമനം നൽകിയ മാർഗം തന്നെയാണ് ഇപ്പോൾ കരാർ അദ്ധ്യാപക നിയമനങ്ങളിലും അവലംബിച്ചിട്ടുള്ളത്.
കാലാവധി മൂന്ന് മാസത്തിനുള്ളിൽ അവസാനിക്കുന്ന വിസി, ഇന്റർവ്യൂബോർഡിലെ അംഗങ്ങളുടെ അഭിപ്രായങ്ങൾ മറികടന്നാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
ഡോക്ടറേറ്റ് ബിരുദ മുൾപ്പടെ ഉയർന്ന യോഗ്യതകളുള്ള ഉദ്യോഗാർഥികളെ ഒഴിവാക്കിയും സംവരണ വ്യവസ്ഥകൾ അട്ടിമറിച്ചും സർവകലാശാല തയ്യാറാക്കിയിട്ടുള്ള എല്ലാ റാങ്ക് പട്ടികകകളും റദ്ദാക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർഎസ് ശശികുമാറും, സെക്രട്ടറി എം.ഷാജർ ഖാനും നിവേദനം നൽകി.
നേരത്തെ സിപിഎം. നേതാവും ഇപ്പോൾ സ്പീക്കറുമായ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നൽകിയതു വിവാദത്തിലായിരുന്നു. ഉയർന്ന യോഗ്യതകളുള്ള ഉദ്യോഗാർഥികളെ മറികടന്നാണ് ഇന്റർവ്യൂവിൽ ഒന്നാംറാങ്ക് നേടിയതെന്നായിരുന്നു ആക്ഷേപം.
നിയമനത്തിൽ അട്ടിമറി നടന്നതായി ആരോപിച്ച് അതൃപ്തിയും പ്രതിഷേധവും അറിയിച്ച് ഇന്റർവ്യൂ നടത്തിയ സബ്ജക്റ്റ് എക്‌സ്‌പെർട്ട് അംഗം ഉമർ തറമേൽ വിദഗ്ധ സമിതിയിൽനിന്ന് രാജിവെക്കുകയാണെന്ന് ഫേസ്‌ബുക്കിൽ കുറിച്ചതുംചർച്ചയായി. മലയാളം വിഭാഗത്തിൽ അസി. പ്രൊഫസർ (മുസ്ലിം സംവരണം) തസ്തികയിലേക്ക് 21-നായിരുന്നു അഭിമുഖം. ഒന്നാം റാങ്ക് കിട്ടിയത് നിനിതയ്ക്കാണ്. ഗവ. കോളേജുകളിലെ അസി. പ്രൊഫസർ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയും അഭിമുഖവും കഴിഞ്ഞ് പി.എസ്.സി. പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ 212-ാം റാങ്കാണ് നിനിതയ്ക്ക്. അതേ റാങ്ക് പട്ടികയിൽ ഉയർന്ന റാങ്ക് നേടിയവരും ഇവിടെയുണ്ടായിരുന്നു.
സീനിയർ പ്രൊഫസർമാരുൾപ്പെട്ട ഇന്റർവ്യൂ ബോർഡ് മറ്റൊരു ഉദ്യോഗാർഥിക്കാണ് ഒന്നാംറാങ്ക് ശുപാർശ ചെയ്തതെന്നും സമ്മർദത്തിന്റെ പേരിൽ അവരെ തഴഞ്ഞെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചിരുന്നു. സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയതായി കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജിർഖാനും അറിയിച്ചു.
നേരത്തേ എ.എൻ. ഷംസീർ എംഎൽഎ.യുടെ ഭാര്യയുടെ നിയമനവിഷയവും വിവാദത്തിലായിരുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതവും അസംബന്ധവുമെന്ന് വി സി. ധർമരാജ് അടാട്ട് അടക്കമുള്ള സർവകലാശാല അധികൃതർ പ്രതികരിക്കുകയും ചെയ്തിരുന്നു
മറുനാടന് മലയാളി ബ്യൂറോ