പീരുമേട്: പൊൻകുന്നത്ത് നിന്ന് ബൈക്കിൽ കാമുകനൊപ്പം കറങ്ങാനിറങ്ങിയ യുവതിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. പൊൻകുന്നത്ത് ചിറക്കടവ് സ്വദേശിയയാ അഖിലിന്റെ ബൈക്കാണ് കുട്ടിക്കാനം ജംഗ്ഷനിൽ കാറുമായി കൂട്ടിയിടിച്ചത്. പുതുതായി വാങ്ങിയ ബൈക്കിൽ കാമുകിയുമായി കറങ്ങാനിറങ്ങിയതാണ് അഖിൽ. ജംഗ്ഷനിൽ അശ്രദ്ധമായി യൂ ടേൺ എടുക്കുകയായിരുന്ന കാറിന്റെ പിൻഭാഗത്ത് അതിവേഗതയിൽ വന്ന ബൈക്ക് ഇടിച്ചാണ് അപകമുണ്ടായത്.

ബൈക്കിന്റെ പുറകിലിരുന്ന യുവതി തെറിച്ച് ദൂരേക്ക് വീണു. ഗുരുതര പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതാവസ്ഥയിലാണ് പെൺകുട്ടി. വീട്ടിൽ പറയാതെ കറങ്ങാനിറങ്ങിയതാണ് ഇരുവരും. അതുകൊണ്ട് തന്നെ വേഗത്തിൽ ചെറിയൊരു കറക്കത്തിന് ശേഷം മടങ്ങി പോവുകയായിരുന്നു ലക്ഷ്യം. ഈ അമിത വേഗതയ്‌ക്കൊപ്പം ജംഗ്ഷനിലെ കാറുകാരന്റെ യുടേൺ കൂടിയായപ്പോൾ ദുരന്തമെത്തി. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് അഖിലും കാമുകിയും പൊൻകുന്നത്ത് നിന്ന് യാത്ര തിരിച്ചത്. അപകടത്തിന് ശേഷം അഖിലും നാട്ടുകാരും ചേർന്ന് യുവതിയെ ആശുപത്രയിലെത്തിച്ചത്. അതിന് ശേഷം വീട്ടുകാരേയും വിവരമറിയിച്ചു. കുട്ടിക്കാലം മുതലെ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് അഖിലിന്റെ ബൈക്കെടുത്ത സംഭവം ആഘോഷിക്കാനുള്ള യാത്ര. വൈകുന്നേരത്തിന് മുമ്പ് വീട്ടിൽ തിരിച്ചെത്തുകയായിരുന്നു ലക്ഷ്യം. അതിനിടെയാണ് വില്ലനായി അപകടമെത്തിയത്.

കാറിന്റെ പിൻഭാഗത്ത് ബൈക്കിടിച്ച ആഘാതത്തിൽ പെൺകുട്ടി ഏറെ ദൂരം തെറിച്ചു വീണു. പ്രധാന ജംഗ്ഷനായതിനാൽ ഉടൻ ആശുപത്രിയിലേക്ക് കൊണ്ട് പോകാനായി. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി. സ്‌കാനിങ്ങ് അടക്കമുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. 48 മണിക്കൂറിന് ശേഷമേ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ വ്യക്തത വരൂ എന്നാണ് ആശുപത്രി നൽകുന്ന സൂചന. അഖിലും പെൺകുട്ടിയുടെ ബന്ധുക്കളും ആശുപത്രിയിലുണ്ട്.

സംഭവത്തിൽ പീരുമേട് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. അഖിലിൽ നിന്നും പ്രാഥമികമായി മൊഴിയെടുത്തു. അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.