ദുബായ്: ദുർഘടമായ പാറയിടുക്കിലേക്കു വീണു മരണത്തെ മുഖാമുഖം കണ്ട ഇരുപതുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി. പൊലീസിന്റെ പർവതാരോഹക സംഘമാണു യുവതിയെ രക്ഷപ്പെടുത്തിയത്.

റാസൽഖൈമ ജബലുൽ ജെയ്സിലാണ് അപകടം. മലമുകളിൽനിന്ന് പാറക്കെട്ടുകൾക്കിടയിലേക്കു വീണ അറബ് വംശജയെയാണ് പൊലീസിലെ പർവതാരോഹക വിദഗ്ദ്ധർ രക്ഷപ്പെടുത്തിയത്.

കുടുംബാംഗങ്ങൾക്കൊപ്പം വാഹനത്തിൽ പർവത മുകളിലെത്തിയ യുവതി മലഞ്ചെരിവുകലൂടെ നടക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. ദുർഘടമായ പാറച്ചെരുവിലേക്കാണ് വീണത്. അതിനാൽ ആദ്യം സ്ഥലത്തെത്തിയ ആംബുലൻസ് ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന് രക്ഷാപ്രവർത്തനം നടത്താനായില്ല. ഇവരുടെ അഭ്യർത്ഥന പ്രകാരം പൊലീസിലെ വ്യോമവിഭാഗം രംഗത്തെത്തുകയായിരുന്നു.

ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനത്തിന് ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് പൊലീസിലെ തന്നെ പർവതാരോഹക സംഘം സ്ഥലത്തെത്തിയത്. യുവതി വീണുകിടക്കുന്ന ഭാഗത്തേക്ക് സാഹസികമായി ഇറങ്ങിച്ചെന്നാണ് ഇവർ രക്ഷാപ്രവർത്തനം നടത്തിയത്. യുവതിക്കു കാലിന് ഒടിവു സംഭവിച്ചിട്ടുണ്ട്.