കുന്നുംകൈ: ലോറി അപകടത്തിന്റെ ഞെട്ടലിൽ നിന്നു പരപ്പച്ചാൽ ഗ്രാമം ഇതുവരെ മുക്തരായിട്ടില്ല.എന്നത്തേയും പോലെയായിരുന്ന ഒരു സാധാരണ ദിവസത്തെ ഒരിക്കലും മറക്കാനാകാത്ത ദിവസമായി മാറിയത് നിമിഷനേരം കൊണ്ടായിരുന്നു.പാലക്കാടു നിന്നു കുന്നുംകൈ ഭാഗത്തേക്ക് സിന്റുമായി വരികയായിരുന്ന ലോറി പരപ്പച്ചാൽ പുഴയിലേക്ക് മറിഞ്ഞ് ക്ലീനർ മുഹമ്മദ് ഹബീബ് (42) മരിക്കുകയും ഡ്രൈവർ റഹീ(50)മിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

അപകടത്തിന്റെ ദൃസാക്ഷിയും ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്ത സമീപവാസികളായ തട്ടുമ്മൽ ലിനീഷും കോഴിതാട്ടിൽ രാഹുലും ഇതുവരെ ഞെട്ടലിൽ നിന്നും മുക്തരായിട്ടില്ല.സംഭവത്തെക്കുറിച്ച് കുറിച്ച് പറയുന്നത് ഇങ്ങനെ..രാവിലെ ഏഴരയോടെ പണിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്ന തട്ടുമ്മൽ ലിനീഷ് ഇട്ടിവെട്ടുംപോലെയുള്ള ശബ്ദം കേട്ട് വരാന്തയിലിറങ്ങിയപ്പോൾ വൈദ്യുതി തൂണിൽ നിന്നും തീപാറുന്നതാണ് കണ്ടത്. പുറകെ അമിതവേഗതയിലെത്തിയ ലോറി പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് മറിഞ്ഞു.

ഉടൻ തന്നെ പുറത്തേക്ക് ഓടിയ ലീനീഷിനോടൊപ്പം അയൽവാസി കോഴിതാട്ടിൽ രാഹുലും എത്തി. ഇരുവരും പുഴയിലേക്ക് ചാടി ബോധമില്ലാതെ വെള്ളത്തിൽ കിടക്കുന്ന റഹീമിനെ പുറത്തെടുക്കുകയായിരുന്നു. ഒരാൾകൂടി അടിയിൽ ഉണ്ടെന്നറിഞ്ഞ ഉടൻ ഇരുവരും വെള്ളത്തിൽ മുങ്ങി കമ്പിയിൽ കുടങ്ങികിടക്കുന്ന മുഹമ്മദ് ഹബീബിനെ രക്ഷപെടുത്താൻ ശ്രമം നടത്തിയെങ്കിലും പുറത്തെടുക്കാനായില്ല

തുടർന്ന് അരമണിക്കൂറിന് ശേഷമാണ് അഗ്‌നിരക്ഷാസേനയും പൊലീസും പഞ്ചായത്ത് അംഗവും സ്ഥലത്തെത്തി ഡോർ മുറിച്ച് ഹബീബിനെ പുറത്തെടുത്തത്.ഇതിന് പിന്നാലെ രാത്രിയോടെ അതേസ്ഥലത്ത് വീണ്ടും അപകടമുണ്ടായി.ഗ്യാസ് സിലണ്ടറുമായി വന്ന ലോറി പാലത്തിൽ നിന്നു പുഴയിലേക്കു മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഡ്രൈവർ ദിലീപ് പേരാമ്പ്രയെ നീലേശ്വരം തേജസ്വിനിയിലും മറിഞ്ഞ ലോറി തട്ടി ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മാങ്ങോട് സ്വദേശി സിജോയെ പരിയാരം മെഡിക്കൽകോളജിലും പ്രവേശിപ്പിച്ചു.

രാവിലെ നടന്ന അപകടം ബൈക്കിലിരുന്നു കാണുന്നതിനിടയിലാണു ലോറിയിടിച്ചത്. അഗ്‌നി രക്ഷാസേനയുടെ 3 യൂണിറ്റുകൾ സ്ഥലത്തെത്തി ഗ്യാസ് സിലണ്ടറുകൾ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. ചിറ്റാരിക്കാൽ പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവഴിയുള്ള വാഹനഗതാതം തൽക്കാലത്തേക്ക് പൊലീസ് നിരോധിച്ചു. നീലേശ്വരത്തു നിന്നു വരുന്ന വാഹനങ്ങൾ കാലിച്ചാമരം കാലിക്കടവ് വഴിയും ഭീമനടി ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ കാലിക്കടവ് പെരിയങ്ങാനം വഴിയും പോകേണ്ടതാണ്.