അഴീക്കോട്: കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലെ കിടപ്പുമുറിയിൽ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മ അണലി കടിച്ച് മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. അണലികുട്ടിയുടെ കടിയേറ്റാണ് അഴീക്കോട് വായിപറമ്പിലെ കെ കമലാക്ഷി ( 52 ) മരിച്ചത്.

അഴീക്കോട് പുന്നക്ക പാറയിലെ അംഗൻവാടി അദ്ധ്യാപികയാണ് മരിച്ച വീട്ടമ്മ. വെയിലത്ത് പുറത്ത് ഉണങ്ങാനിട്ട തലയണക്കകത്തു കയറിയ അണലി കുട്ടിയാണ് കടിച്ചത്. ഇടതുകൈയുടെ പെരുവിരലിലാണ് പാമ്പ് കടിച്ചത്. രണ്ടുദിവസം പയ്യാമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അതിനുശേഷം പരിയാരം മെഡിക്കൽ കോളേജിൽ വച്ചാണ് മരണമടഞ്ഞത്.

വീണ്ടും അതേ വീട്ടിനകത്ത് വീണ്ടും ചൊവ്വാഴ്‌ച്ച ഒരു അണലി കുട്ടിയെ കണ്ടതിനെത്തുടർന്ന് കണ്ണൂർ വൈൽഡ് ലൈഫ് സ്‌ക്യൂസ് ടീമംഗങ്ങളെ വിവരമറിയിക്കുകയും മനോജ് കാമനട്ട്, ഷൈജിത്ത് പുതിയപുരയിൽ, രഞ്ജിത്ത് കുമാർ, എന്നിവരുടെ നേതൃത്വത്തിൽ വീടിനകത്തും പരിസരവും തിരഞ്ഞ് പാമ്പിനെ പിടികൂടുകയുമായിരുന്നു.

വീട്ടമ്മയുടെ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയുടെ ചികിത്സാ പിഴവാണ് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന ആരോപണവുമായി രംഗത്തു വന്നിട്ടുണ്ട്. കമലാക്ഷിയുടെ മകൻ അനുരാഗ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു.

കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയായ ശ്രീ ചന്ദിൽ കടിയേറ്റ ഉടൻ ചികിത്സ തേടിയതാണെന്നും കടിച്ച പാമ്പിന്റെ ചിത്രം ഡോക്ടറെ കാണിച്ചിരുന്നുവെന്നും മകൻ അനുരാഗ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ ആശുപത്രിയിൽ നിന്നും ഫലപ്രദമായ ചികിത്സ കിട്ടിയിട്ടില്ലെന്നും മാതാവ് ബോധരഹിതയായതിനു ശേഷമാണ് ചികിത്സ ലഭിച്ചതെന്നും അനുരാഗ് പറഞ്ഞു.