കണ്ണൂർ: ഇരിട്ടിക്കടുത്ത എടൂരിലെ അച്ചാമ്മയെ ഗൂഢല്ലൂരിൽവച്ച് കൊലപ്പെടുത്താൻ ജോസ് പോളിനെ പ്രേരിപ്പിച്ചത് മക്കൾക്ക് ട്യൂഷനെടുക്കാൻ വന്ന സുന്ദരിയായ ടീച്ചറോടുള്ള അതിരുകവിഞ്ഞ ബന്ധം.

കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത എടൂരിലെ അച്ചാമ്മയാണ് 18 വർഷങ്ങൾക്ക് മുമ്പിൽ മരണപ്പെട്ടത്. ഒന്നര വ്യാഴവട്ടം വൈകിയാണെങ്കിലും അച്ചാമ്മയുടെ കുടുംബത്തിനു നീതി ലഭിക്കാനുള്ള വഴി തെളിയുകയാണ് നിയമപോരാട്ടങ്ങളിലൂടെ. പതിനെട്ടു വർഷം മുമ്പ് 1998 ജനുവരി 24 നാണ് എടൂരിലെ കുടിയേറ്റ കർഷകനായ പഴയമ്പള്ളി തോമസ്സിന്റേയും ത്രേസ്യാമ്മയുടേയും മകളായ അച്ചാമ്മയെ മരിച്ച നിലയിൽ കണ്ടത്. തമിഴ്‌നാട്ടിലെ ഊട്ടിക്കടുത്ത ഗൂഡല്ലൂരിൽ വൻതോട്ടം വാങ്ങിയ അച്ചാമ്മയും ഭർത്താവ് ജോസ് പോളും മക്കളെ ഊട്ടിയിൽ പഠിപ്പിച്ചുവരികയായിരുന്നു. ഗൂഡല്ലൂരിലെ ക്രിസ്ത്യൻ മിഷൻ ആശുപത്രിയിലെ കന്യാസ്ത്രീയായ ഡോക്ടർ ഹൃദയസ്തംഭനം മൂലം അച്ചാമ്മ മരിച്ചുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്.

അച്ചാമ്മയുടെ ഭർത്താവ് ജോസ് പോളും ഇതുതന്നെയാണ് ആവർത്തിച്ചത്. അച്ചാമ്മ മരിച്ച വിവരമറിഞ്ഞ് ബന്ധുക്കൾക്കൊപ്പം ആദ്യം എത്തിയ സഹോദരൻ കാഞ്ഞങ്ങാട്ടെ ശശി തോമസിന് സഹോദരിയുടെ മരണത്തിൽ സംശയം ജനിച്ചിരുന്നു. ശശി തോമസിന്റെ നിയപോരാട്ടമാണ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്. ഹൃദയാഘാതം മൂലമുള്ള മരണം കൊലപാതകമാണെന്ന് വ്യക്തമാകുകയും ഇതിന് ഉത്തരവാദി അച്ചമ്മയുടെ ഭർത്താവ് തന്നെയാണെന്നും വ്യക്തമായി. മാരക വിഷം കുത്തിവച്ച് അച്ചമ്മയെ കൊലപ്പെടുത്തിയവതിന് ഭർത്താവ് ജോസ്‌പോളിന് കൂട്ടു നിന്നവർക്കെതിരെയാണ് ശിശി തോമസ് നിയമപോരാട്ടം നടത്തുന്നത്.

ട്യൂഷൻ ടീച്ചറോടുള്ള ഭർത്താവിന്റെ അമിതമായ താൽപ്പര്യമാണ് അച്ചാമ്മയുടെ ജീവനെടുത്തത്. ഭർത്താവായ ജോസിന്റെ അനുജൻ കെമിക്കൽ എഞ്ചിനീയർക്കായി ജോലി സംഘടിപ്പിക്കാൻ വേണ്ടി അച്ചാമ്മ സിങ്കപ്പൂരിൽ പോയ സമയം. ജോസ്‌പോളും ട്യൂഷൻ ടീച്ചറും ഗൂഡല്ലൂരിലെ വസതിയിൽ തങ്ങിയിരുന്നു. മാത്രമല്ല ടീച്ചറേയും കൂട്ടി ഊട്ടിയിലും ബംഗളൂരുവിലും സുഖവാസത്തിനും പോയതായി മക്കൾതന്നെ പറയുന്നു. അച്ചാമ്മയുടെ ഗൂഡല്ലൂരുള്ള വീടും സ്ഥലവും അറുപതു ലക്ഷം രൂപക്ക് അവർ മരിക്കും മുമ്പ് തന്നെ വിൽക്കാൻ ഏർപ്പാട് ചെയ്തിരുന്നു. മരിച്ചു കഴിഞ്ഞാൽ വീടിന്റേയും മറ്റും അവകാശം മക്കൾക്ക് ലഭിക്കുമെന്നതിനാലാണ് ഇങ്ങനെ ചെയ്തത്.

അച്ചാമ്മയെ വിഷം കൊടുത്തുകൊല്ലാൻ വിദഗ്ധനായ ഒരു ക്രിമിനലിന്റെ ബുദ്ധിശക്തി ജോസ് പ്രകടിപ്പിച്ചിരുന്നു. ജനുവരി 24 ന് കൊലപാതകം, 25 നുതന്നെ സംസ്‌ക്കാരം. 26-ാം തീയതി അവധി. എല്ലാം അധികൃതരുടെ ശ്രദ്ധ മറയ്ക്കാൻ ജോസ് മുൻകൂട്ടി പ്ലാൻ ചെയ്തതെന്ന് വ്യക്തം. അച്ചാമ്മ ഇല്ലാതാകുന്നതോടെ അവരുടെ കോടിക്കണക്കിന് രൂപ വില വരുന്ന സ്വത്തും പണവും ഉപയോഗിച്ച് സുഖജീവിതം നയിക്കാനായിരുന്നു ജോസിന്റെ പദ്ധതി. അതിനായി പതിനെട്ടുവർഷത്തോളം പണമിറക്കിക്കളിച്ച കളി ഇപ്പോൾ പാളുകയാണ്.

ആരോരുമറിയാതെ കെട്ടടങ്ങിപ്പോകാമായിരുന്ന ഒരു കൊലപാതകം സ്വാഭാവിക മരണമാക്കാൻ ആരൊക്കെ ശ്രമിച്ചുവോ അവരെയൊക്കെ വെളിച്ചത്തു കൊണ്ടുവരാനുള്ള പോരാട്ടമാണ് അച്ചാമ്മയുടെ സഹോദരൻ ശശി തോമസ് ഏറ്റെടുത്തത്. ഗൂഢല്ലൂർ പൊലീസും നീതിന്യായ വ്യവസ്ഥിതിയും ആദ്യം മുഖം തിരിച്ചു നിന്നതാണ് അച്ചാമ്മ എന്ന നേഴ്‌സിന്റെ മരണം. അവർക്ക് ഒടുവിൽ കൊലപാതകമെന്ന് അംഗീകരിക്കേണ്ടി വന്നു. ചെന്നൈ ഹൈക്കോടതി നിയോഗിച്ച സ്‌പെഷൽ പ്രോസിക്യൂട്ടർ പോലും അന്വേഷണ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം രാജിവെക്കേണ്ടി വന്നെങ്കിലും ഘാതകരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരുമെന്ന് ശശി തോമസ് പ്രതിജ്ഞ എടുത്തിരുന്നു. സി.ബി.സിഐഡിയുടെ അന്വേഷണത്തിൽ ജോസിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്‌തെങ്കിലും 40 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

അന്വേഷണ ഏജൻസിയുടേയും പൊലീസിന്റേയും നിസ്സഹകരണം മൂലം രാജിവച്ച സ്‌പെഷൽ പ്രോസിക്യൂട്ടർക്ക് പകരം രവികുമാർ എന്നയാൾ ചുമതലയേറ്റു. അതോടെ കേസ് അനിശ്ചിതമായി നീണ്ടു. തുടർന്ന് ശശി തോമസ് സ്വന്തം നിലയിൽ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി തന്നെ ആവശ്യപ്പെട്ടു. ഈ ഉത്തരവോടെ അച്ചാമ്മയുടെ ദുരൂഹമരണത്തിന് ഇടയാക്കിയ സംഭവത്തിന് ജീവൻ വച്ചു. അച്ചാമ്മ വധക്കേസിൽ സുപ്രീം കോടതി ഉത്തരവ് ഇങ്ങനെ. 302-ാം വകുപ്പ് പ്രകാരം ഭർത്താവായ ജോസ് പോളിനെതിരേയും 202-ാം വകുപ്പ് പ്രകാരം ക്രിസ്ത്യൻ മിഷൻ ആശുപത്രിയിലെ കന്യാസ്ത്രീയായ ഡോക്ടറേയും വിചാരണ ചെയ്യണമെന്നതാണ്. കീഴ്‌ക്കോടതികളും പൊലീസും എഴുതിത്ത്തള്ളിയ ഒരു കൊലപാതക കേസിൽ ഇങ്ങനെ ഒരു വിധി ഉണ്ടാകുന്നത് ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ അപൂർവ്വമാണെന്ന് സുപ്രീം കോടതി അഭിഭാഷകനായിരുന്ന അഡ്വക്കേറ്റ് ചെറിയാൻ പറയുന്നു.

സുപ്രീം കോടതി 302- ാം വകുപ്പു പ്രകാരം വിചാരണ ചെയ്യണമെന്ന് ഉത്തരവിട്ട കേസ് കീഴ്‌ക്കോടതി മാറ്റിവച്ചത് ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമാണ്. കുറ്റവാളികളെ രക്ഷിക്കാൻ പൊലീസും സർക്കാരും ഏറെ ശ്രമിച്ചിട്ടും ശശി തോമസിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ നീതിക്കുള്ള വഴി തെളിഞ്ഞിരിക്കയാണ്. ജോസ് പോൾ മാത്രമല്ല 18 വർഷക്കാലം ദുരൂഹത തെളിയിക്കാനാകാതെ ഈ കൃത്യത്തിന് കൂട്ടു നിന്നവരേയും നിയമത്തിന് മുന്നിൽ എത്തിക്കുമെന്ന വാശിയാണ് ശശി തോമസിനും കുടുംബത്തിനും ഉള്ളത്. ഒന്നര വ്യാഴ വട്ടക്കാലം സഹോദരിയുടെ ഘാതകരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ ഇനി അധിക നാൾ കാത്തരിക്കേണ്ടി വരില്ല എന്ന പ്രതീക്ഷയിലാണ് ശശി തോമസും കുടുംബാംഗങ്ങളും.

ബംഗളൂരുവിൽ നേഴ്‌സിങ് പഠനം പൂർത്തിയാക്കി അമേരിക്കയിലെ ന്യൂജഴ്‌സിയിൽ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തു വരവേയാണ് തൃശൂർ സ്വദേശിയായ ജോസ് പോളിനെ അച്ചാമ്മ വിവാഹം കഴിച്ചത്. അച്ചാമ്മയോളം വിദ്യാഭ്യാസം ഇല്ലാതിരുന്ന ജോസ് പോളിനെ അവർ പഠിപ്പിച്ച് അമേരിക്കയിലെത്തിച്ചു. ജോസ് പോളിന്റെ അനുജനെ കെമിക്കൽ എഞ്ചിനീയറുമാക്കി. ഭർതൃവീട്ടുകാരുടെ ഉന്നതി കാംക്ഷിച്ച അച്ചാമ്മ അതിനു വേണ്ടി എറിഞ്ഞ പണത്തിനും ചെയ്തത്യാഗത്തിനും കണക്കില്ലായിരുന്നു. 1996 ൽ അവർ ഗൂഡല്ലൂരിൽ പാടുംതുറയിൽ തോട്ടവും വീടും വിലക്കു വാങ്ങി താമസവും ആരംഭിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയായിരുന്നു അച്ചാമ്മ അമേരിക്കയിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ രണ്ടു വർഷം തികയും മുമ്പ് അച്ചാമ്മയുടെ മരണം സംഭവിക്കുകയായിരുന്നു. ഇതിന് കാരണം ഭർത്താവിന്റെ വഴിവട്ട ബന്ധമാണെന്നാണ് ഈ നിയമപോരാട്ടം തെളിയിച്ചത്.