സ്വന്തം പിതാവിന്റെ ക്രൂരതകൾക്ക് ഇരയാണ് കുശ്ബൂ ദേവി എന്ന 21-കാരി. ഇളയ സഹോദരിയെ വിൽക്കാൻ സമ്മതിക്കാതിരുന്നതിന് അവവൾക്ക് അച്ഛൻ നൽകിയ സമ്മാനാമാണ് മുഖത്തെ വികൃതമാക്കിയ ഈ പൊള്ളലുകൾ. അച്ഛന്റെ ക്രൂരതകൾ പൊലീസിലറിയിച്ചതിന് നൽകിയ സമ്മാനം. ആസിഡ് ഒഴിച്ച് മുഖം പൊള്ളിച്ചാണ് അച്ഛൻ കുശ്ബുവിനോട് പ്രതികാരം വീട്ടിയത്.

ഉത്തർപ്രദേശിൽനിന്നാണ് ഈ ക്രൂരതയുടെ കഥ. നാട്ടിൽ മുഴുവൻ നടന്ന് വിവാഹം കഴിക്കുകയും അവരെ വീട്ടിൽക്കൊണ്ടുവന്ന് താമസിപ്പിച്ചശേഷം മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നു മണിക് ചന്ദ്രയുടെ രീതി. കുശ്ബു തുടക്കം മുതലേ ഈ മനുഷ്യക്കടത്തിനെ എതിർത്തിരുന്നു. വലിയ മർദനങ്ങൾ നേരിടേണ്ടിവരുകയും ചെയ്തു.

ഒടുവിൽ 16-കാരിയായ തന്റെ അനിയത്തിയെയും വിൽക്കാൻ അച്ഛൻ ശ്രമിച്ചതോടെയാണ് കുശ്ബു പരസ്യമായി അതിനെ നേരിടാൻ തീരുമാനിച്ചത്. സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് അറസ്റ്റ് ചെയ്യുമെന്നുറപ്പായതോടെ, മണിക് മകളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. തുടക്കത്തിൽ കുശ്ബുവിനെ ചികിത്സിക്കാൻ പല ഡോക്ടർമാരും തയ്യാറയില്ല. ഒടുവിൽ ലഖ്‌നൗവിലെ കിങ് ജോർജ്‌സ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് അവളുടെ രക്ഷയ്‌ക്കെത്തിയത്.

ആസിഡ് വീണതിനെത്തുടർന്ന് ഇടത്തേക്കണ്ണിന്റെ കാഴ്ച ഏറെക്കുറെ നഷ്ടപ്പെട്ടു. വലത്തേക്കൈയും പൊള്ളലേറ്റ് ഉപയോഗ ശൂന്യമായി. ശസ്ത്രക്രിയയിലൂടെ കാഴ്ചയും കൈയുടെ ശേഷിയും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് കുശ്ബു ഇപ്പോൾ. വിവാഹിതയും മൂന്നുവയസ്സുകാര്ിയായ മകളുടെ അമ്മയുമാണ് കുശ്ബു. ആസിഡ് ആക്രമണത്തിനുശേഷം ഭർത്താവ് നൽകിയ ധൈര്യമാണ് കുശ്ബുവിനെ തളരാതെ കാക്കുന്നത്.

തന്നെയും വിൽക്കാൻ അച്ഛൻ ശ്രമിച്ചിരുന്നതായി കുശ്ബു പറയുന്നു. അതിൽനിന്ന് താൻ രക്ഷപ്പെട്ടു. എന്നാൽ, അനിയത്തിയെ 30 വയസ്സുള്ള ഒരാൾക്ക് വിറ്റതോടെയാണ് കുശ്ബു പൊലീസിൽ പരാതിപ്പെട്ടത്. തന്റെ അമ്മയെ വ്ീട്ടിൽനിന്ന് അടിച്ചിറക്കിവിട്ടശേഷം ചെറിയ പെൺകുട്ടികളെ കൊണ്ടുവരുന്നതായിരുന്നു മണിക്കിന്റെ രീതിയെന്നും കുശ്ബു പറയുന്നു.

ഏപ്രിൽ 30-ന് രാത്രിയാണ് മണിക്ക് ആക്രമിച്ചത്. ഭർത്താവ് വിനോദ് കുമാറിനും മകൾ തൃഷയ്ക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്നു കുശ്ബു. പുലർച്ചെ മൂന്നുമണിയോടെ മണിക്ക് വീട്ടിലെത്തുകയും തന്നെ വിളിച്ചഴുന്നേൽപ്പിച്ച് ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്ന് കുശ്ബു പറയുന്നു.