കാട്ടാക്കട: സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയുടെ മേൽ, ബൈക്കിലെത്തിയ രംണ്ടംഗ സംഘം ആസിഡ് ഒഴിച്ച സംഭവത്തിൽ ദുരൂഹത മാറുന്നില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള യുവതി അപകടനില തരണം ചെയ്തു കഴിഞ്ഞു. പൊലീസ് ഇവരിലൂടെ പ്രതിയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സൂചനയൊന്നും കിട്ടിയില്ല.

കുറ്റിച്ചൽ മന്തിക്കളം തടത്തരികത്ത് വീട്ടിൽ മോഹനൻ-ലില്ലിക്കുട്ടി ദമ്പതികളുടെ മകൾ ജീന മോഹനന് (23) നേരെയാണ് ആക്രമണം നടന്നത്. കുറ്റിച്ചൽ തച്ചൻകോട് കരിംഭൂതത്താൻ പാറ വളവിൽ ഇന്നലെ വൈകിട്ട് 6.30യോടെയായിരുന്നു സംഭവം. ആര്യനാട്ടെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയായ ജീന കുറ്റിച്ചലിൽ ബസിറങ്ങറിയ ശേഷം സ്‌കൂട്ടറിൽ വീട്ടിലേയ്ക്ക് പോകവെയാണ് ബൈക്കിൽ പിറകെ എത്തിയ രണ്ട് യുവാക്കൾ ആസിഡ് ഒഴിച്ച് കടന്നു കളഞ്ഞത്. ഈ യുവതിയുടെ വിവാഹ നിശ്ചയം ഈയിടെ കഴിഞ്ഞിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

സാധാരണ വീട്ടിലെ പെൺകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മുഖം വികൃതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആസിഡ് ആക്രമണം നടന്നത്. എന്നാൽ സ്‌കൂട്ടർ യാത്രയിൽ ഹെൽമറ്റ് ധരിച്ചിരുന്നു. അതുകൊണ്ട് തന്നെ ആസിഡ് ആക്രമണത്തിൽ മുഖത്ത് പൊള്ളലേറ്റതുമില്ല. എന്നാൽ ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലാണ് യുവതി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് അരിച്ചു പറക്കുകയാണ്. ആക്രമണം നടത്തിയ സംഘത്തെ കുറിച്ചുള്ള സൂചനയ്ക്ക് വേണ്ടിയാണ് ഇത്. മുൻ വൈരാഗ്യത്തിന്റെ പ്രതിഫലനമാണ് ആക്രമണമെന്ന് പൊലീസ് സംശയിക്കുന്നു.

നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാർ അദ്ധ്യാപികയെ കുറ്റിച്ചലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം രാത്രി 8 മണിയോടെ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചക്കുകയായിരുന്നു. ആസിഡ് വീണ് വസ്ത്രവും ശരീരവും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. കൈയിലും മുതുകിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് കാട്ടാക്കട,നെയ്യാർഡാം സ്റ്റേഷനുകളിൽ നിന്ന് പൊലീസെത്തി തെളിവെടുത്തു.

ബൈക്കിലെത്തിയ അക്രമി സംഘത്തെപ്പറ്റി വിവരങ്ങളില്ല. മെഡിക്കൽ കോളേജാശുപത്രിയിലെത്തി പൊലീസ് മൊഴിയെടുത്തു. ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് തന്നെ ആക്രമിച്ചതെന്ന് ജീന മൊഴിനൽകി.