നോർത്ത് ലണ്ടനിലെ ഇസ്ലിൻഗ്ടണിലെ തെരുവിലൂടെ നടന്ന് പോയ ഒരു കുടുംബത്തിന് നേരെ കടുത്ത ആസിഡാക്രമണം നടന്നു. ഇന്നലെയാണ് നാടിനെ ഞെട്ടിച്ച ആക്രമണമുണ്ടായിരിക്കുന്നത്. ആസിഡ് പ്രയോഗത്തെ തുടർന്ന് കുടുംബനാഥന്റെ മുഖം ആകെ വികൃതമായെന്നാണ് റിപ്പോർട്ട്. കൂടാതെ അയാളുടെ ഭാര്യയ്ക്കും രണ്ട് വയസുള്ള കുഞ്ഞിനും പരിക്കുണ്ട്. ഇവിടെ നടന്നിരിക്കുന്നത് വംശീയാക്രമണമാണോ എന്ന് പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ആക്രമി ശക്തമായ ആസിഡ് ഇവർക്ക് നേരെ ചൊരിയുകയായിരുന്നുവെന്നാണ് സ്‌കോട്ട്ലൻഡ് യാർഡ് പറയുന്നത്.

ഇവിടെ ആദ്യമെത്തിയ ഫയർഫൈറ്റർമാർ ഇവർക്ക് ആശ്വാസം ചൊരിഞ്ഞിരുന്നു. 40 വയസുള്ള കുടുംബനാഥനാണ് ആക്രമണത്തിൽ ഏറ്റവുമധികം പരുക്കേറ്റതെന്നാണ് മെറ്റ് പൊലീസ് വക്താവ് പറയുന്നത്. ഇദ്ദേഹത്തിന്റെ പരിക്ക് മൂലം ജീവന് ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇദ്ദേഹത്തിനും ഭാര്യക്കും 15 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. എന്നാൽ കുട്ടിയുടെ മുഖത്താണ് പൊള്ളലേറ്റിരിക്കുന്നത്. എല്ലാവരും ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പിഎച്ച് ലെവൽ 1ലുള്ള ആസിഡാണ് ഇവർക്ക് നേരെ പ്രയോഗിച്ചിരിക്കുന്നതെന്നാണ് ലണ്ടൻ ഫയർ ബ്രിഗേജ് വക്താവ് പറയുന്നത്.

ശക്തമായ ആസിഡും ഓക്സിഡൈസിങ് പദാർത്ഥവുമാണ് ഇവർക്ക് നേരെ പ്രയോഗിച്ചിരിക്കുന്നതെന്നാണ് ടെസ്റ്റുകളിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും സൂചനയുണ്ട്. കലെഡോണിയൻ റോഡിലെ കോപൻഹേഗൻ ജംക്ഷനിലാണ് ഉച്ചയ്ക്ക് ഒരു മണിക്ക് ഈ ആക്രമണം സംഭവിച്ചിരിക്കുന്നത്. ആക്രമണത്തെക്കുറിച്ച് കൂടുതൽ സൂചനകൾ ലഭിക്കുന്നവർ സെൻട്രൽ നോർത്ത് സിഐഡിയെ 101 എന്ന നമ്പറിൽ അറിയിക്കാൻ നിർദേശമുണ്ട്. ക്രൈസ്റ്റോപ്പേർസിന്റെ നമ്പറായ 0800 555 111 ൽ വിളിച്ച് പേര് വെളിപ്പെടുത്താതെ ഇത് റിപ്പോർട്ട് ചെയ്യാം. അല്ലെങ്കിൽ ക്രൈസ്റ്റോപ്പേർസ് വെബ്സൈറ്റായ crimestoppers-uk.orgൽ ലോഗിൻ ചെയ്തും വിവരങ്ങൾ അറിയിക്കാം.