കണ്ണൂർ: വഴിവിട്ട ബന്ധത്തിന് വഴങ്ങാത്ത യുവതിയേയും ഏഴുവയസ്സുള്ള മകനേയും ആസിഡ് ആക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ. പിലാത്തറ സി.എം. നഗറിലെ താമസക്കാരനായ പുളിങ്ങോം സ്വദേശി ജയിംസ് ആന്റണിയാണു പിടിയിലായത്.

ക്രിസ്തുമസ്സ് തലേന്ന് എമ്പേറ്റ് സെന്റ് സേവ്യേഴ്‌സ് പള്ളിക്ക് സമീപത്തെ 29 കാരിക്കും ഏഴുവയസുകാരൻ മകനും നേർക്കാണ് ഇയാൾ ആസിഡ് ആക്രമണം നടത്തിയത്. ക്രിസ്തുമസ്സ് തലേന്ന് പള്ളിയിൽ തിരുപ്പിറവി ആഘോഷിക്കാൻ പോവുകയായിരുന്ന യുവതിയേയും മകനേയും സാന്താക്ലോസ് വേഷമണിഞ്ഞ് പതിയിരുന്നാണ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയും മകനും മംഗളൂരുവിൽ ആശുപത്രിയിൽ കഴിയുകയാണ്.

ടാക്‌സിഡ്രൈവറും സെക്യൂരിറ്റി ഏജൻസി നടത്തിപ്പുകാരനുമാണ് ജയിംസ്്് ആന്റണി. രണ്ടു മക്കളുടെ പിതാവായ ഇയാൾ ഭാര്യയുമായി അകന്ന് താമസിച്ചു വരികയാണ്. യുവതിയെ ഉപേക്ഷിച്ച ഭർത്താവിന്റെ സുഹൃത്തുകൂടിയാണ്് ജയിംസ്. കാണുമ്പോഴെല്ലാം വഴിവിട്ട ബന്ധത്തിന് യുവതിയെ ഇയാൾ നിർബന്ധിക്കാറുണ്ട്്. യുവതി ഇതിന് വിസമ്മതിച്ച വിരോധമാണ് അക്രമത്തിൽ കലാശിച്ചത്.

ജയിംസ് യുവതിയെ ശല്യപ്പെടുത്തുന്നതിനെക്കുറിച്ച് നാട്ടുകാർ മുമ്പുതന്നെ പൊലീസിന് സൂചന നൽകിയിരുന്നു. സംഭവദിവസം ഒരാൾ രാത്രി ഓട്ടോറിക്ഷയിൽ യുവതിയുടെ വീടിന് സമീപം ഇറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസിന്റെ ഊർജിതമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.

പരിയാരം മെഡിക്കൽ കോളേജ്, പിലാത്തറ, തളിപ്പറമ്പ്, എന്നീ സ്ഥലങ്ങളിലെ ഓട്ടോഡ്രൈവർമാരിൽ നിന്നും വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. തളിപ്പറമ്പിൽ നിന്നും ഓട്ടോ വിളിച്ചയാളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രണ്ടു കയ്യിലും ഓരോ സഞ്ചിയുണ്ടായിരുന്ന ഒരാളെക്കുറിച്ചും അയാളുടെ രൂപത്തെക്കുറിച്ചും ഡ്രൈവർ നല്കിയ മൊഴി പ്രകാരമാണ് ജയിംസിനെ കസ്റ്റഡിയിലെടുത്തത്. ഒരു കയ്യിൽ ആസിഡും മറ്റേ കയ്യിൽ സാന്താക്ലോസിന്റെ വേഷവുമായിരുന്നു.

ക്രിസ്തുമസ്സ് അപ്പൂപ്പന്റെ വേഷമണിഞ്ഞ് വഴിയിൽ പതുങ്ങിയിരുന്നാണ് ജയിംസ് ആന്റണി കൃത്യം നിർവ്വഹിച്ചത്. യുവതിയുടെയും മകന്റേയും നിലവിളികേട്ട് ആളുകൾ ഓടിയെത്തുമ്പോഴേക്കും പ്രതി ഓടി മറഞ്ഞിരുന്നു. സാന്താക്ലോസിന്റെ തൊപ്പി.യും താടിയും വേഷഭൂഷാധികളും ഉപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.