- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെ പോലെയല്ലേടാ ഞാൻ കരുതിയത്, എന്നോടു തന്നെ നീയിങ്ങനെ ചെയ്തല്ലോ..? മുഖത്ത് ആസിഡ് ഒഴിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ വീട്ടമ്മയുടെ കൈയേറ്റശ്രമവും ശകാരവർഷവും
കോതമംഗലം:' നിന്നെ മകനെപ്പോലെയാണല്ലോടാ ഞാൻ കരുതിയത്, എന്നോടു തന്നെ നീയിങ്ങനെ ചെയ്തല്ലോ'... തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിയെ നോക്കി വീട്ടമ്മയുടെ വിലാപം ഉയർന്നു. പിന്നാലെ എണ്ണിയാലൊടുങ്ങാത്ത ശകാരവർഷവും. ഇടക്ക് ഒരു കയ്യേറ്റശ്രമവും. ഒടുവിൽ പൊലീസിന്റെ ഇടപെടലോടെ രംഗം ശാന്തം. മുഖത്ത് ആസിഡ് ഒഴിച്ചതിനുശേഷം ബെഡ്ഷീറ്റുകൊണ്ട് കഴുത്തു ചുറ
കോതമംഗലം:' നിന്നെ മകനെപ്പോലെയാണല്ലോടാ ഞാൻ കരുതിയത്, എന്നോടു തന്നെ നീയിങ്ങനെ ചെയ്തല്ലോ'... തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിയെ നോക്കി വീട്ടമ്മയുടെ വിലാപം ഉയർന്നു. പിന്നാലെ എണ്ണിയാലൊടുങ്ങാത്ത ശകാരവർഷവും. ഇടക്ക് ഒരു കയ്യേറ്റശ്രമവും. ഒടുവിൽ പൊലീസിന്റെ ഇടപെടലോടെ രംഗം ശാന്തം. മുഖത്ത് ആസിഡ് ഒഴിച്ചതിനുശേഷം ബെഡ്ഷീറ്റുകൊണ്ട് കഴുത്തു ചുറ്റി അമർത്തിപ്പിടിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി ചെങ്ങമനാട് പനയക്കടവ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പാറക്കടവ് ചെട്ടിക്കുളം തെക്കനിൽ വീട്ടിൽ ജോണിനെ (30) നെ കവർച്ച നടന്ന കുന്നുകര വടക്കേ അടുവാശേരിയിൽ പൂക്കാട്ട് പുതുശേരി വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് വീട്ടമ്മയായ മേഴ്‌സിയിൽനിന്നും ഇത്തരത്തിൽ പ്രതികരണമുണ്ടായത്.
ഇക്കഴിഞ്ഞ 14 ന് പകൽ രണ്ടുമണിക്കാണ് മേഴ്‌സി (58) യുടെ സ്വർണാഭരണങ്ങൾ ജോൺ കവർന്നത്. ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. നേരത്തെ പെയിന്റിങ് ജോലിക്കായി വന്നപ്പോഴുള്ള പരിചയം മുതലെടുത്താണ് മേഴ്‌സിയുടെ വീട്ടിൽ കവർച്ചയ്‌ക്കെത്തിയതെന്ന് ജോൺ പൊലീസിൽ വെളിപ്പെടുത്തി. മേഴ്‌സിയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുന്നതിന് ജോൺ വ്യക്തമായ കർമ്മപദ്ധതി നേരത്തെ തയ്യാറാക്കിയിരുന്നെന്നും ഇതുപ്രകാരം മികച്ച തയ്യാറെടുപ്പോടെയാണ് ഇയാൾ കൃത്യംനടത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മണിക്കൂറുകൾ നീണ്ട നിരീക്ഷണത്തിനു ശേഷമാണ് കവർച്ചക്ക് ലക്ഷ്യമിട്ട് ഇയാൾ മേഴ്‌സിയുടെ വീട്ടിലെത്തുന്നത്.
വീടിന്റെ മുൻവാതിലിലെത്തി, പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തി ജോൺ കോളിങ് ബെല്ലടിച്ചു.നിമിഷങ്ങൾക്കുള്ളിൽ വാതിൽ തുറന്നെത്തിയ മേഴ്‌സി ജോണിനെ കണ്ടതോടെ കുശലാന്വേഷണങ്ങൾ തുടങ്ങി. സംശയം തോന്നാത്ത രീതിയിൽ ജോൺ മറുപടിയും നൽകി. ഇതിനിടയിൽ ബൈക്കിന്റെ പെട്രോൾ തീർന്നെന്നും അടുത്തുള്ള പമ്പിൽപോയി പെട്രോൾ വാങ്ങുന്നതിന് ഒരു കുപ്പി നൽകണമെന്നും ഇയാൾ മേഴ്‌സിയോട് ആവശ്യപ്പെട്ടു. കുപ്പിയെടുത്തു കൊടുക്കുന്നതിനായി വീടിനകത്തേക്കു പോയ മേഴ്‌സിയുടെ പിന്നാലെ ജോണും വീടിനകത്തുകടന്നു. തുടർന്ന് ആസിഡ് പോലുള്ള ദ്രാവകവും ക്യുക്ക്ഫിക്‌സ് പശയും ചേർത്ത മിശ്രിതം കൈയിൽ കരുതിയിരുന്ന സ്പ്രയർ ഉപയോഗിച്ച് മേഴ്‌സിയുടെ മുഖത്തേക്ക് സ്‌പ്രേ ചെയ്തു.
പെട്ടെന്നുണ്ടായ ആക്രമണത്തിൽ പകച്ചുപോയ മേഴ്‌സി സമനില വീണ്ടെടുത്ത് ജോണിനെ പ്രതിരോധിക്കാൻ നടത്തിയ നീക്കം പാഴ്‌വേലയായി. ഈ സമയം കണ്ണുകാണാൻ വയ്യാത്ത അവസ്ഥയിലെത്തിയ മേഴ്‌സി ഒച്ചവയ്ക്കാൻ തുടങ്ങി. ഉടൻ മുറിയിലെ ബെഡ്ഷീറ്റെടുത്ത് ജോൺ മേഴ്‌സിയുടെ കഴുത്തിൽ ചുറ്റി അമർത്തിപ്പിടിച്ചു. തുടർന്ന് കഴുത്തിൽ ധരിച്ചിരുന്ന രണ്ടു പവൻ തൂക്കംവരുന്ന സ്വർണമാല കൊളുത്തകത്തി അഴിച്ചെടുക്കുകയും കൈവശം കരുതിയിരുന്ന കട്ടിങ് പ്ലെയർ ഉപയോഗിച്ച് കൈയിൽ കിടന്ന നാലു സ്വർണവളകൾ മുറിച്ചെടുക്കുകയും ചെയ്തു. ഇത്രയുമായപ്പോഴേയ്ക്കും പേടിച്ചരണ്ട മേഴ്‌സി മിണ്ടാൻപോലും വയ്യാത്ത അവസ്ഥയിലായി. ഉടൻ ജോൺ സ്ഥലംവിടുകയും ചെയ്തു
ഭാര്യയുമായി തെറ്റപ്പിരിഞ്ഞ ഇയാൾ ഒറ്റക്ക് താസിച്ചുവരികയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒറ്റയ്ക്ക് താമസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന സ്ത്രീകളെ ആക്രമിച്ച് ഇയാൾ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തിട്ടുണ്ടാവാമെന്നുമാണ് പൊലീസ് അനുമാനം. മേഴ്‌സിയുടെ വീട്ടിലെത്തും മുമ്പ് അന്നേ ദിവസം താൻ മോട്ടോർ സൈക്കിളിൽ രാവിലെ മുതൽ മാള, മാമ്പ്ര, പുളിക്കക്കടവ്, കൊരട്ടി ഭാഗങ്ങളിൽ ചുറ്റി നടന്ന് കവർച്ചയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ലങ്കിലും നീക്കം പാളി. ഇതിനെ തുടർന്നാണ് മേഴ്‌സിയെ ആക്രമിക്കാനെത്തിയതെന്നും ജോൺ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട് .
കാഴ്ചയിലെ അന്യസംസ്ഥാനക്കാരന്റെ രൂപഭാവങ്ങൾ കുറ്റകൃത്യങ്ങൾക്ക് ശേഷം ഒളിവിൽ താമസിക്കുന്നതിനും പൊലീസിനെ വെട്ടിച്ചുകഴിയുന്നതിനും ജോണിന് അനുകൂലഘടകങ്ങളായി. മെലിഞ്ഞ് വെളുത്ത് ഉന്തിയ നെറ്റിയും തടിച്ച ചുണ്ടും വലിയ മൂക്കും നീളമുള്ള മുടിയും കൂടി ചേർന്നതായിരുന്നു ജോണിന്റെ ശരീരപ്രകൃതി. കവർച്ചക്ക് ശേഷം തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലും മറ്റും ഒളിവിൽ കഴിഞ്ഞ് ആർഭാടജീവിതം നയിച്ചുവരികയായിരുന്ന ജോണിനെ തന്ത്രപരമായ നീക്കത്തിലുടെയാണ് പൊലീസ് വലയിലാക്കിയത്. ആലുവ റൂറൽ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഒരുക്കിയ കെണിയിൽ ജോൺ വീണു. കൊച്ചി കിഴക്കമ്പലത്തുനിന്നും കസ്റ്റഡിയിലായ പ്രതിയെ ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കി. കോടതിയിൽനിന്നും കഴിഞ്ഞ ദിവസം ജോണിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി മേഴ്‌സിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പിനായി വീട്ടിലെത്തിച്ച ജോണിനെ കണ്ടപ്പോൾ മേഴ്‌സിയുടെ സങ്കടവും രോഷവും അണപൊട്ടി. മേഴ്‌സിയുടെ ശകാരവാക്കുകളേയും രോഷപ്രകടനത്തെയുമെല്ലാം ജോൺ അക്ഷോഭ്യനായിട്ടാണ് നേരിട്ടത്. ആലുവ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വൈ.ആർ. റസ്റ്റം ചാർജെടുത്തശേഷം അങ്കമാലി സിഐ എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിൽ പ്രതി ജോണിനെ അന്വേഷിച്ചുവരികയായിരുന്നു. കവർച്ച മുതലിൽപ്പെട്ട സ്വർണവളകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കി സ്വർണാഭരണങ്ങളും ആക്രമണത്തിന് ഉപയോഗിച്ച വസ്തുക്കളും കണ്ടെടുക്കേണ്ടതുണ്ടെന്നും ഇതിനായി തിരച്ചിൽ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. സിഐ എ.കെ. വിശ്വനാഥനോടൊപ്പം ചെങ്ങമനാട് പൊലീസ് സബ് ഇൻസ്‌പെക്ടർ കെ.ജി. ഗോപകുമാർ, സബ് ഇൻസ്‌പെക്ടർമാരായ ഒ.കെ. മൊയ്തീൻ, ടി.എം. ജോൺസൻ, എഎസ്ഐ. ജോഷി പോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്, രവിക്കുട്ടൻ എന്നിവരുംഅന്വേഷണ സംഘത്തിലുൾപ്പെട്ടിരുന്നു.