ലയാള സിനിമയിൽ വലിയ പ്രതീക്ഷകളുമായി മുന്നേറുന്ന താരമാണ് നിവിൻപോളി. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാൻ കെൽപ്പുള്ള സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തത്രയും പ്രഭ പരത്തിക്കൊണ്ട് മുന്നേറുന്ന നായക പ്രതിഭാസം. ഏറ്റവും ഒടുവിൽ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം കൂടി ലഭിച്ചതോടെ നിവിൻപോളി മുഖ്യനായകനടന്മാരുടെ നിരയിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. അതേ സമയം പ്രേമം സിനിമയുടെ വ്യാജപകർപ്പ് കേസുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ നിവിൻപോളിയെയും കൂട്ടുകാരെയും പ്രതിസന്ധിയിലാക്കുന്നതായി സൂചന.

നിവിൻപോളിയുടെ കരിയറിനെയും അൻവർ റഷീദ് ഉൾപ്പെടുന്ന പുതുതലമുറ പ്രതിഭകളെയും ഒതുക്കാൻ സൂപ്പർതാരസംവിധായകലോബി പ്രേമത്തെ തകർക്കാൻ നീക്കം നടത്തിയതായി അന്ന് ആരോപണം ഉയർന്നിരുന്നു. അതോടൊപ്പം ബാംഗ്ലൂർ ഡെയ്‌സ് അടക്കമുള്ള ചിത്രങ്ങളുടെ വ്യാജന്റെ കാര്യവും പരാമർശിക്കപ്പെട്ടു. മലയാളത്തിലെ സൂപ്പർതാരങ്ങളുടെ സഹായികളും സ്റ്റുഡിയോകൾ സ്വന്തമായുള്ള സംവിധായകരുടെ പേരുകളും ഈ നീക്കത്തിൽ ഉൾപ്പെടുത്തി മാദ്ധ്യമങ്ങളിൽ വാർത്തയും വന്നിരുന്നു.

പ്രേമത്തിന്റെ പേരിൽ മലയാള സിനിമ ആരാധിക്കുന്ന നിരവധി പേരുടെ പേരുകൾ ദോഷകരമായി വലിച്ചിഴയ്ക്കപ്പെട്ടുവെന്നതായിരുന്നു ആരോപണം. എന്നാൽ പിന്നീട് ചില മുഖ്യധാരാ മാദ്ധ്യമങ്ങളുടെ സഹായത്തോടെ പ്രേമത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ സിനിമ ചോർത്തിയതെന്ന നിലയ്ക്ക് വാർത്ത പ്രചരിപ്പിച്ചത് ഇതിലുള്ള പ്രതികാരമായാണെന്ന് നിവിൻപോളിയുടെയും അൽഫോൻസ് പുത്രന്റെയും അടുപ്പക്കാർ കരുതുന്നു. മാത്രമല്ല, മലയാള സിനിമയിലെ പല പ്രമുഖ നിർമ്മാതാക്കളും നിവിൻപോളിയുടെ ഡെയ്റ്റിനായി സമീപിച്ചെങ്കിലും അനുകൂല നിലപാട് കൈക്കൊണ്ടില്ല എന്നതും ശ്രദ്ധേയമാണ്. എബ്രിഡ് ഷൈനിന്റെ 1983 വൻവിജയമായപ്പോൾ ഒരു സൂപ്പർതാരം അടുത്ത ചിത്രം തനിക്ക് വേണ്ടി ചെയ്യണമെന്ന് പറഞ്ഞ് സമീപിച്ചപ്പോഴും നിഷേധാത്മകമായി പ്രതികരിച്ചുവെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് പുതുലമുറയിൽ മലയാളത്തിലെ വാണിജ്യസിനിമകൾക്ക് പുത്തൻ പാതയുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ സൗഹൃദക്കൂട്ടത്തിനെതിരെ നീക്കം ആരംഭിച്ചതെന്നാണ് സൂചന.

ഇതിന്റെ സൂചനയെന്നോണമാണത്രെ എബ്രിഡ് ഷൈനിന്റെ രണ്ടാമത്തെ ചിത്രമായ ആക്ഷൻ ഹീറോ ബിജു എന്ന സിനിമ തുടർച്ചയായി തടസ്സപ്പെടന്നത്. ഓണത്തോടനുബന്ധിച്ച് പ്രേമത്തിന്റെ ചൂടാറും മുമ്പ് റിലീസ് ചെയ്യാൻ വേണ്ടി ആസൂത്രണം ചെയ്ത ഈ നിവിൻപോളി ചിത്രം സംസ്ഥാനസർക്കാർ പുരസ്‌കാരപ്രഖ്യാപനത്തിന് ശേഷം ഒരിഞ്ച് മുന്നോട്ട് നീങ്ങിയിട്ടില്ല. ചിത്രീകരണം തന്നെ ഒരിടവേളയ്ക്ക് ശേഷം നിലച്ചമട്ടിലായിരുന്നു. മാത്രമല്ല ചിത്രത്തിന്റെ പിന്നണി പ്രവർത്തകരെ കുറിച്ചടക്കം ചില സിനിമാപ്രവർത്തകർക്കിടയിൽ അപവാദപ്രചരണവും തുടങ്ങിയിട്ടുണ്ട്. എന്നാൽ നിർമ്മാതാക്കളുൾപ്പെടെയുള്ളവരുമായി ആലോചിച്ച് ഉടൻ ചിത്രീകരണം പൂർത്തിയാക്കി സിനിമ പുറത്തിറക്കാനാണ് സംവിധായകന്റെ ശ്രമം. മുഖ്യധാരാ സംവിധായകർക്കൊന്നും ഡെയ്റ്റ് കൊടുക്കാത്തതും നിവിൻപോളിക്ക് പ്രതികൂലമായി ബാധിക്കുമെന്നാണ് സിനിമാപ്രവർത്തകർപറയുന്നത്. ഇത്തരത്തിൽ പൂർണമായും വിജയസാധ്യതയുള്ള ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കൂ എന്ന നിലപാടും സിനിമയുടെ പൂർണമായ വിവരങ്ങൾ സുഹൃത്തുക്കളുമായി സംസാരിച്ചേ സമ്മതം നൽകൂ എന്ന നിലപാടും മുതിർന്ന നിർമ്മാതാക്കളെയും സംവിധായകരെയും ചൊടിപ്പിച്ചിട്ടുണ്ട്. സിനിമയുടെ കാര്യത്തിൽ ഈ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിലാണ് വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രത്തിൽ നായകനായി നിവിൻ പോളിയെ പ്രഖ്യാപിച്ചത്. നേരത്തെ വിനീത്ശ്രീനിവാസൻ തന്നെ ചെയ്യാനിരുന്ന വേഷമാണിത്. അതേ സമയം സൂപ്പർതാരങ്ങളെ പിണക്കിയാൽ ദോഷമാകുമെന്ന് കരുതി വിനീത് ശ്രീനിവാസൻ അടുത്ത ചിത്രം മോഹൻലാലിനെ വച്ച ചെയ്യാനുള്ള ചില ആലോചനകളും ആരംഭിച്ചിട്ടുണ്ട്. ദാസനെയും വിജയനെയും വച്ചുള്ള ഒരു പുതുതലമുറച്ചിത്രം മോഹൻലാലിനെ വച്ച് അണിയിച്ചൊരുക്കുന്നതിലൂടെ പ്രധാന ലോബിയെ കൂടെ നിർത്താൻ കഴിയുമെന്നും അവർകരുതുന്നു.

ഒരുകാലത്ത് പ്രിയദർശനും മോഹൻലാലും ഉൾപ്പെട്ട സൗഹൃദ സംഘത്തിന് സമാനമായ നിലയിൽ ഏറെ പ്രതീക്ഷകളോടെയാണ് നിവിൻപോളിയും വിനീത് ശ്രീനിവാസനുമടങ്ങുന്ന സംഘം മലയാള സിനിമയെ തന്നെ കൈപ്പിടിയിലൊതുക്കി നിർത്തിയിരിക്കുന്നത്. മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ആദ്യചിത്രത്തിൽ തുടങ്ങിയ വിജയക്കൊയ്ത്താണ് ഏറ്റവും ഒടുവിൽ പ്രേമത്തിലും അതുകഴിഞ്ഞ് കുഞ്ഞിരാമായണത്തിലും എത്തിനിൽക്കുന്നത്. ഈ സംഘത്തിലെ കൂട്ടുകാർ കൂട്ടായ്മയെന്ന നിലയ്ക്കാണ് സിനിമകൾ മുന്നോട്ട് കൊണ്ടുപോകുന്നത്. വടക്കൻസെൽഫിയും പ്രേമവും ഇനി വരാനിരിക്കുന്ന ചില ചിത്രങ്ങളും ഈ കൂട്ടത്തിൽ പെട്ടതാണ്. എബ്രിഡ് ഷൈൻ, അൽഫോൻസ് പുത്രൻ, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയ പുതുതലമുറ സംവിധായകനും ഈ സൗഹൃദക്കൂട്ടത്തിൽ ഉൾപ്പെട്ടവരാണ്.