തിരുവനന്തപുരം: ശബരിമലയിൽ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണന് മുന്നിലുള്ള എസ്‌പി യതീഷ് ചന്ദ്രയുടെ നടപടികളിൽ അപാകം ദർശിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ. ശബരിമലയിൽ തൊഴാൻ വന്ന കേന്ദ്ര മന്ത്രിക്ക് മുന്നിൽ അമിതാവേശം കാട്ടിയ യതീഷ് ചന്ദ്രയ്ക്ക് പിഴച്ചതായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിരൽ ചൂണ്ടുന്നത്. യതീഷ് ചന്ദ്ര ഇതുവരെ കാണിച്ച സാഹസ നടപടികൾ പോലെയല്ല ശബരിമലയിലേത് എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

കേന്ദ്ര മന്ത്രി കടുത്ത അതൃപ്തിയിൽ ആണ് മടങ്ങിയത്. പരാതി നൽകുന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമർശം കൊണ്ട് തന്നെ യതീഷ് ചന്ദ്രയ്ക്ക് എതിരെ കേന്ദ്ര നടപടികൾ വരാനുള്ള സാധ്യത ഏറെയാണെന്ന് ഇവർ വിരൽ ചൂണ്ടുന്നു. യതീഷ് ചന്ദ്ര തന്നോട് ശബ്ദം ഉയർത്തി സംസാരിച്ചു എന്നാണ് പൊൻ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് നിസ്സാര കാര്യമല്ല. വെറും ഒരു എസ്‌പി മാത്രമാണ് യതീഷ് ചന്ദ്ര. ചെറുപ്പത്തിന്റെ അപാകതയാണ് യതീഷ് ചന്ദ്രയിൽ ദർശിക്കാൻ സാധിച്ചത്. ഐപിഎസ് എന്നാൽ കേന്ദ്ര കേഡർ് ആണ്, അപമാനിതനായ രീതിയിലാണ് കേന്ദ്ര മന്ത്രി മടങ്ങിയത്. അദ്ദേഹം ചോദിച്ചത് തന്നെ കേരളത്തിലെ ഒരു മന്ത്രിക്ക് മുന്നിൽ ഇങ്ങിനെ പെരുമാറാൻ യതീഷ് ചന്ദ്രയ്ക്ക് ധൈര്യം കാണുമോ എന്നാണ്.

യതീഷ് ചന്ദ്രയ്ക്ക് നേരെ കേന്ദ്രം കടുപ്പിച്ചാൽ സംസ്ഥാന സർക്കാർ നിസ്സഹായമാകുമെന്നും ഉന്നത ഉദ്യോഗസ്ഥർ തന്നെ പ്രതികരിക്കുന്നു. ഇന്നലത്തെ കേന്ദ്ര മന്ത്രിക്ക് മുന്നിലെ പെരുമാറ്റത്തോടെ യതീഷ് ചന്ദ്രയ്ക്ക് മുന്നിൽ കുരുക്ക് മുറുകിയതാണ് സേനയിലെ വിലയിരുത്തൽ. യതീഷ് ചന്ദ്ര പ്രതീക്ഷിക്കാത്ത വിധത്തിലാവും നടപടികൾ വരുക എന്നും പൊലീസ് ഉന്നതർ വിരൽ ചൂണ്ടുന്നു. പമ്പയിലേക്ക് വണ്ടി വിടാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ കേന്ദ്ര മന്ത്രിയോട് അത് പറയണം. മുകളിൽ നിന്നുള്ള ഓർഡർ ആണ്. അതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്. സാർ ഇതിലെന്തെങ്കിലും മാറ്റം വരുത്തണമെമെങ്കിൽ മുകളിലുള്ളവർക്കേ സാധിക്കൂ. എനിക്ക് സാധിക്കില്ല. ഇത് പറഞ്ഞാൽ തീരുന്ന കാര്യമേ ഉണ്ടായിരുന്നുള്ളു. പക്ഷെ യതീഷ് ചന്ദ്ര പറഞ്ഞത്. സാർ ഓർഡർ ഇടൂ. ഉത്തരവാദിത്തം സാർ തന്നെ ഏറ്റെടുക്കൂ എന്നാണ്. ഇങ്ങിനെ പറയുന്നതിലൂടെ യതീഷ് ചന്ദ്ര അതിർവരമ്പുകൾ മറികടക്കുകയാണ് ചെയ്തത്. ഈ വാക്കുകൾ മന്ത്രിയെ അപമാനിക്കുന്നതിനു തുല്യമായി മാറുകയും ചെയ്തു.

പാർലമെന്റിന്റെ പ്രിവിലേജസ് കമ്മിറ്റിയുടെ നടപടി ഈ കാര്യത്തിൽ ഉണ്ടായേക്കും. യതീഷ് ചന്ദ്രയുമായി ഉരസിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നൽകും എന്ന് അറിയിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ യതീഷ് ചന്ദ്രയ്ക്ക് പ്രശ്‌ന കാരണമാകും. കേന്ദ്ര മന്ത്രിയെ അപമാനിച്ചതിന്റെ പേരിൽ ഈ ഉദ്യോഗസ്ഥനെതിരെ നടപടി വേണം എന്നും കേന്ദ്രത്തിൽ നിന്നും ആവശ്യവും വന്നേക്കും. പമ്പയ്ക്ക് വാഹനങ്ങൾ വിടാത്തതിന്റെ കാരണം അയ്യപ്പന്മാർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്താൻ വേണ്ടിയാണ് എന്നും യതീഷ് ചന്ദ്രയ്ക്ക് പറയാം. പക്ഷെ ബിജെപി അങ്ങിനെ കരുതുന്നില്ലെന്നു വേറെ കാര്യം. കാരണം കഴിഞ്ഞ വർഷം വരെ ലക്ഷക്കണക്കിന് വാഹനങ്ങൾ പോയ റോഡ് ആണിത്. ആ റോഡ് അങ്ങിനെ തന്നെ കിടക്കുന്നുണ്ട്. പക്ഷെ പാർക്കിങ് സൗകര്യമില്ല.

പമ്പയിൽ നിന്ന് വരുന്ന വണ്ടി തടയേണ്ട കാര്യമില്ല, പമ്പയിലേക്ക് ആണെങ്കിൽ തടയാം. തിരികെ വരുന്ന വണ്ടി തടയേണ്ട ആവശ്യമില്ല. അതും തടഞ്ഞു. പൊൻ രാധാകൃഷ്ണന് മുന്നിലുള്ള യതീഷ് ചന്ദ്രയുടെ പെർഫോമൻസ് വലിയ വാർത്താ പ്രാധാന്യം പിടിച്ചു പറ്റുകയും ചെയ്തു. ഇതെല്ലാം സേനയുടെ ഇമേജ് മോശമാക്കി. നിയമവിരുദ്ധമായ ഉത്തരവുകൾ പൊലീസ് അനുസരിക്കേണ്ട എന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസ് തന്നെ സർക്കുലർ ഇറക്കുകയും ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായ ഏതെങ്കിലും കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞാൽ യതീഷ് ചന്ദ്രയ്ക്ക് വേണമെങ്കിൽ ഈ സർക്കുലർ ആയുധമാക്കാം. പക്ഷെ യതീഷ് ചന്ദ്ര സ്ഥിതി വഷളാക്കുകയാണ് ഉണ്ടായത്- ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇന്നലെയാണ് കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനേയും സംഘത്തേയും യതീഷ് ചന്ദ്ര നിലക്കൽ വെച്ച തടഞ്ഞത്. കാരണം ആരാഞ്ഞ കേന്ദ്ര മന്ത്രിയോട് കയർത്തു സംസാരിക്കുകയും ചെയ്തു. ശബരിമല കേരളത്തിന്റെ മാത്രമല്ലെന്ന് പറഞ്ഞ പൊൻ രാധാകൃഷ്ണൻ മുഴുവൻ ഭക്തർക്കും ശബരിമലയിൽ എത്താനുള്ള സൗകര്യമുണ്ടാകണം എന്നും ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ശബരിമലയിൽനിന്ന് ഭക്തരെ അകറ്റുന്ന മാസ്റ്റർപ്ലാനാണ് നടപ്പാക്കുന്നതെന്നും മന്ത്രി ആരോപിച്ചിരുന്നു.

ഏതായാലും യതീഷ് ചന്ദ്രയെ നിലയ്ക്കലിൽ നിന്ന് മാറ്റി മുഖം രക്ഷിക്കാനായിരിക്കും പൊലീസ് മേധാവിയുടെയും സർക്കാരിന്റെയും ശ്രമം. നേരത്തെ ഐജി മനോജ് എബ്രഹാമിനെതിരെ വിമർശനം ഉയർന്നപ്പോൾ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. ബിജെപിയുടെ പ്രതിഷേധം ശക്തമാവുകയും മന്ത്രിയെ അപമാനിക്കുന്നതരത്തിലായിരുന്നു എസ്‌പിയുടെ പെരുമാറ്റമെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിഗമനവുമെല്ലാം യതീഷ് ചന്ദ്രയുടെ കാര്യത്തിൽ നിർണായകമാകും.