മുംബൈ: മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത നടനും മുൻ ബിഗ്ബോസ് മത്സരാർഥിയുമായ അജാസ് ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. കഴിഞ്ഞദിവസം നടന്റെ മുംബൈയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിഗുളികകൾ കണ്ടെടുത്തതിരുന്നു. ഇതിനുപിന്നാലെയാണ് രാജസ്ഥാനിൽനിന്ന് മുംബൈയിലെത്തിയ അജാസ് ഖാനെ എൻസിബി സംഘം കസ്റ്റഡിയിലെടുത്തത്. കേസിൽ കൂടുതൽ വ്യക്തത വന്നതോടെയാണ് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്. 

മുംബൈ വിമാനത്താവളത്തിൽ നിന്നാണ് നടനെ എൻസിബി കസ്റ്റഡിയിലെടുത്തത്. തുടർന്ന് എട്ടുമണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. ഇതിന് ശേഷമാണ് എൻസിബി അറസ്റ്റ് രേഖപ്പെടുത്തിയത്. നടനുമായി ബന്ധപ്പെട്ട് മുംബൈയിൽ രണ്ടിടത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തി.

മുംബൈയിലെ അന്ധേരി, ലോഖണ്ഡവാല എന്നിവിടങ്ങളിലെ നടന്റെ അപാർട്ടുമെന്റുകളിൽ നടത്തിയ റെയ്ഡിൽ ലഹരിമരുന്നുകൾ കണ്ടെടുത്തിരുന്നു. അൽപ്രാസോളം ടാബ്ലെറ്റ് അടക്കമുള്ളവയാണ് കണ്ടെടുത്തത്. ലഹരിമരുന്ന് ഇടപാടുകാരൻ ഫാറൂഖ് ഷെയ്ഖ് എന്ന ഷദാബ് ബട്ടാറ്റയുടെ സിൻഡിക്കേറ്റിലെ അംഗമാണ് അജാസ് ഖാനെന്ന് എൻസിബി പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച അതിമാരക ലഹരിമരുന്നുകളുമായി ഷദാബ് ഷെയ്ഖിനെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് സംഘത്തിൽപ്പെട്ട അജാസ് ഖാനെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതെന്നും എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ തന്റെ വീട്ടിൽനിന്ന് ലഹരിഗുളികകൾ കണ്ടെടുത്തെന്ന വാദം നടൻ നിഷേധിച്ചു. ലഹരിഗുളികകൾ എവിടെനിന്ന് കിട്ടിയെന്ന് ഉദ്യോഗസ്ഥരോട് ചോദിക്കണമെന്നും നാല് ഉറക്കഗുളികകൾ മാത്രമാണ് അവർക്ക് വീട്ടിൽനിന്ന് കിട്ടിയതെന്നും അജാസ് പറഞ്ഞു.

'ഗർഭം അലസിയതിനെ തുടർന്ന് വിഷാദത്തിലായ ഭാര്യ മരുന്ന് കഴിച്ചിരുന്നു. ആ മരുന്നാണ് അവർക്ക് കിട്ടിയത്. എന്റെ വീട്ടിൽനിന്നോ വിമാനത്താവളത്തിൽവെച്ചോ ഒന്നും ലഭിച്ചിട്ടില്ല. ഞാൻ നിരപരാധിയാണ്'- അജാസ് ഖാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് മുംബൈയിലെ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച് എൻസിബി അന്വേഷണം തുടങ്ങിയത്. വൻകിട ലഹരികടത്തുക്കാർ ഉൾപ്പെടെ നിരവധി പേരെ ഇതിനുശേഷം എൻസിബി പിടികൂടിയിരുന്നു.