ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ വിചാരണക്കോടതിയോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിയും നടനുമായ ദിലീപ് സുപ്രീം കോടതിയിൽ. വെള്ളിയാഴ്ച വൈകിട്ടാണ് സുപ്രീം കോടതിയിൽ ദിലീപ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ അതിജീവിതയ്ക്കും മുൻ ഭാര്യക്കുമെതിരെ ദിലീപ് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

തുടരന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ അന്വേഷണത്തിന് അനുമതി നൽകരുതെന്ന് നിർദ്ദേശം നൽകണം. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ആവശ്യം. മുൻ ഭാര്യക്കും, അതിജീവിതയ്ക്കുമെതിരെ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ രൂക്ഷവിമർശനമാണുള്ളത്.

അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണകോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് മേൽക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാൻ ആണ് ശ്രമിക്കുന്നതെന്നും ദിലീപ് അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്.

മലയാള സിനിമ മേഖലയിലെ ചെറുതാണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസിൽപെടുത്തിയത്. ഈ വിഭാഗത്തിൽപെട്ടവർക്ക് തന്നോട് വ്യക്തിപരവും തൊഴിൽപരവുമായ ശത്രുത ഉണ്ട്. തന്റെ മുൻ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസിൽ പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ പൊലീസ് ഓഫീസർ നിലവിൽ ഡി.ജി.പി. റാങ്കിൽ ആണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപേക്ഷയിൽ ദിലീപ് ആരോപിച്ചിട്ടുണ്ട്.

തുടരന്വേഷണത്തിന്റെ പേരിൽ നടക്കുന്നത് മാധ്യമ വിചാരണയാണ്. തനിക്കെതിരെ മാത്രമല്ല, തന്റെ അഭിഭാഷകർ, വിചാരണകോടതി ജഡ്ജി എന്നിവർക്കെതിരെയും മാധ്യമ വിചാരണ നടക്കുന്നു. തുടരന്വേഷണ സമയത്ത് കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ചില രേഖകൾ അതിജീവിതയ്ക്ക് കൈമാറി അവരെ കൊണ്ട് വീണ്ടും കോടതിയിൽ ഹർജികൾ സമർപ്പിച്ചു. വിചാരണകോടതി ജഡ്ജിക്കെതിരെയും, തന്റെ അഭിഭാഷകർക്കെതിരെയും അതിജീവിത ഹർജികൾ ഫയൽ ചെയ്തതതായി ദിലീപ് ആരോപിക്കുന്നു.

മുതിർന്ന മാധ്യമ പ്രവർത്തക ബർഖ ദത്തിന് അതിജീവിത നൽകിയ അഭിമുഖത്തെയും ദിലീപ് വിമർശിക്കുന്നു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ എങ്ങനെ അഭിമുഖം നൽകാനാകും. അതിജീവിതയ്ക്ക് വേണ്ടി ചാനൽ ചർച്ചകളിൽ എത്തി വാദിക്കുന്ന അഭിഭാഷകനെ കേസിലെ പബ്ലിക് പ്രോസിക്യുട്ടർ ആയി നിയമിച്ചതായും അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്. സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ആകും ദിലീപിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുക എന്നാണ് സൂചന.

ജസ്റ്റിസ് എം.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് നടിയെ ആക്രമിച്ച കേസിൽ ഇതുവരെ വാദം കേട്ടിരുന്നത്. ജസ്റ്റിസ് ഖാൻവിൽക്കർ ഇന്ന് വിരമിച്ചതിനാൽ ദിലീപിന്റെ അപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. പുതിയ ബെഞ്ച് ഏതാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ നിശ്ചയിക്കും.

കേസിൽ തുടരന്വേഷണ സാധ്യത തുറന്നിട്ടുകൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച അനുബന്ധ കുറ്റപത്രം. തെളിവ് നശിപ്പിച്ച സംഭവത്തിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ട്. കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലും അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിൽ പറയുന്നു. ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം പൂർത്തിയാകില്ലെനായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.

അങ്കമാലി മജിസ്‌ടേറ്റ് കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയപ്പോൾ അഭിഭാഷകർ പ്രതിപട്ടികയിലോ സാക്ഷിപട്ടികയിലോ ഉണ്ടായിരുന്നില്ല. എന്നാൽ, അഭിഭാഷകർക്ക് ക്ലീൻചിറ്റ് നൽകിയല്ലെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ പറയുന്നത്. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഇവർക്കെതിരെ അന്വേഷണം തുടരുമെന്നാണ് കുറ്റപത്രം പറയുന്നത്. ഹാക്കർ സായ് ശങ്കറിന്റെ മൊഴിയിൽ അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണ് ഫോണുകളിലെ തെളിവ് നീക്കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

4 അഭിഭാഷകർ ഫോണുമായി മുംബൈയിലേക്ക് പോയതിനും തെളിവുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് കുറ്റപത്രം പറയുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുള്ള മെക്കറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിലും അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിലുണ്ട്.