ദുബായ്: ജിനു ജോസഫ് എന്ന നടനെ മലയാളികൾ ഏറെ അറിയണമെന്നില്ല. റാണി പത്മിനി, ഇയ്യോബിന്റെ പുസ്തകം, നോർത്ത് 24 കാതം, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഉസ്താദ് ഹോട്ടൽ, ചാപ്പാ കുരിശ്, അൻവർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ജിനു ജോസഫ്. ഴിഞ്ഞ ദിവസം അബുദാബി എയർപോർട്ടിൽ വച്ച് ജിനുവിനെ വിമാനത്താവള അധികൃതർ അറസ്റ്റ് ചെയ്തു എന്ന വാർത്ത അത്ര നിസ്സാരമായി അല്ല മലയാളികൾ കണ്ടത്. അധികം അറിയപ്പെടാത്ത നടൻ ആണെങ്കിലും ഒരു നടൻ ആയതുകൊണ്ട് പുറം ലോകം അതറിഞ്ഞു എന്ന് മാത്രം. ഇങ്ങനെ അറിയപ്പെടാത്ത എത്രയോ മലയാളികൾ ഇതിന് മുൻപ് ഗൾഫ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ അകത്തായിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ?

വിമാന യാത്രയുടെ സുരക്ഷയ്ക്ക് വേണ്ടി നൽകിയിരിക്കുന്ന കർക്കശ നിയമങ്ങൾ ആണ് ജിനുവിനെ പോലയുള്ളവരുടെ തലവേദനയ്ക്ക് കാരണം. വിമാന യാത്ര ഏറെ സുരക്ഷ വേണ്ട കാര്യം ആയതിനാൽ അധികൃതർക്ക് സുരക്ഷിതം അല്ല എന്ന് ഒരു യാത്രക്കാരനെ കുറിച്ച് തോന്നിയാൽ അയാളെ അറസ്റ്റ് ചെയ്യാം എന്നാണ് നിയമം. ടിക്കറ്റ് എടുത്തു എന്ന ഒറ്റക്കാരണം കൊണ്ട് എല്ലാവരെയും വിമാനത്തിൽ കയറ്റി യാത്ര ചെയ്യിപ്പിക്കണം എന്നില്ല. കേരളത്തിലെ വിമാനത്താവളങ്ങളിൽ അടക്കം ദിവസവും അനേകം പേരെ അവസാന നിമിഷം ക്യാപ്റ്റൻ പുറത്താക്കാറുണ്ട്. ന്യായമായ കാരണം രേഖപ്പെടുത്തിയാൽ ടിക്കറ്റിന് മുടക്കിയ പണം പോലും തിരിച്ചു കിട്ടില്ല. മദ്യപിച്ച് എയർപോർട്ടിൽ ബഹളം വച്ച അനേകം യാത്രക്കാർ ലോകം എമ്പാടുമുള്ള വിമാനത്താവളങ്ങളിൽ നിന്നും യാത്ര മുടക്കി മടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ഒരു വിമാനത്തിൽ നിന്നും രണ്ട് മലയാളികളെ ആണ് ക്യാപ്റ്റൻ ഇറക്കി വിട്ടത്. രണ്ട് പേരും മദ്യപിച്ച് ബഹളം വച്ചതാണ് പ്രശ്‌നം. ഇതിനേക്കാൾ ഗുരുതരമാണ് സുരക്ഷ ഉദ്യോഗസ്ഥരോടോ ചെക്കിൻ ജീവനക്കാരോടെ ബഹളം വയ്ക്കുന്നതും തട്ടിക്കയറുന്നതും. നിങ്ങളിൽ പലരും അങ്ങനെ ഒക്കെ ചെയ്തിട്ടും യാത്ര ചെയ്തത് ആ ജീവനക്കാരുടെ കരുണ എന്ന് കരുതുക. അവർ ഒരു ഫോൺ കോൾ വിളിച്ചാൽ നിങ്ങളെ അറസ്റ്റ് ചെയ്ത് തടവിൽ ആക്കാൻ നിയമം ഉണ്ട്. അവിടെ മനുഷ്യത്വവും ജനാധിപത്യവും ഒന്നും പരിഗണിക്കപ്പെടില്ല.

ഗൾഫ് രാടഷ്ട്രങ്ങളിൽ ഇത് അൽപ്പം അതിര് കടക്കുന്നു. അവർക്ക് ഇഷ്ടമില്ലാത്തവരെ മുഴുവൻ പിടിച്ചു അകത്തിടും. ഒട്ടേറെ യാത്രക്കാരാണ് അബുദാബിയിലും ദുബായിലും ദോഹയിലും മസ്‌ക്കറ്റിലുമൊക്കെ ആയി ഒന്നും രണ്ടും ദിവസം നിസ്സാര വിഷയങ്ങളിൽ അകത്തായിട്ടുള്ളത്. യുകെയിലെ ഒരു പ്രമുഖ മലയാളി ബിസിനസ്സുകാരൻ നാട്ടിലേക്ക് പോയപ്പോഴും തിരിച്ച് യുകെയിലേക്ക് വന്നപ്പോഴും മൂന്ന് ദിവസം വീതം അകത്ത് കിടന്നു. അതും ഒരേ കുറ്റത്തിന്. അങ്ങോട്ട് പോയപ്പോൾ വൈകി എത്തിയതിന് യാത്ര തടഞ്ഞ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതാണ് ആദ്യം അകത്താകാൻ കാരണം. രണ്ട് ദിവസത്തിനകം പുറത്തിറങ്ങി നാട്ടിൽ പോയ ആൾ തിരിച്ചു വന്നപ്പോൾ അതേ കാരണത്തിന് വീണ്ടും അകത്തിടുക ആയിരുന്നു. ഇതു നടന്നതാകട്ടെ എമിറേറ്റ്‌സിൽ യാത്ര ചെയ്തപ്പോഴും.

നടൻ ജിനുവിന് കുരുക്കായത് എത്തിഹാദിന്റെ സർവ്വീസിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതാണ്. പോസ്റ്റ് ശ്രദ്ധയിൽ പെട്ട അധികൃതർ ബ്ലാക്ക് ലിസ്റ്റ് ചെയ്തു അബുദാബിയിൽ ലാന്റ് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ഉടൻ അറസ്റ്റും നടന്നു. ജിനു യാത്ര ചെയ്ത എത്തിഹാദ് വിമാനത്തിലെ മോശം സേവനം ചിത്രീകരിച്ചു ഫേസ്‌ബുക്കിൽ ഇട്ടതിനാണ് അറസ്റ്റെന്നാണു സൂചന. തന്നെ അറസ്റ്റു ചെയ്യുമെന്നു ജീവനക്കാരൻ ഭീഷണിപ്പെടുത്തിയതായി ആദ്യം ജിനു ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.ന്യൂയോർക്ക് അബുദാബി വിമാനയാത്രയ്ക്കിടെയാണു ജീവനക്കാരിൽ നിന്ന് ജിനുവിനു ദുരനുഭവം നേരിട്ടത്. അതപ്പോൾ തന്നെ ജിനു ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരുന്നു. അതിന് പിന്നീലെയാണ് വിമാനം അബുദാബിയിലെത്തിയപ്പോൾ അറസ്റ്റ്.

യാത്രയ്ക്കിടെ ഉറങ്ങാൻ പോകുന്നതിന് മുൻപായി ടിവി ഓഫ് ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നു ജിനു ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. തുടർന്നു ജീവനക്കാരനോട് കാര്യം പറഞ്ഞു. 'അയാൾ ഒരു പുതപ്പുമായിട്ടാണ് വന്നത്. ടിവി പുതപ്പുകൊണ്ട് മൂടാനാണ് അയാൾ വന്നത്. അത് ബിസിനസ് ക്ലാസ് ആയിരുന്നുവെന്ന് ഓർക്കണം. ഇങ്ങനെയാണ് നിങ്ങളുടെ പ്രതികരണമെങ്കിൽ ഞാൻ ഇത് വീഡിയോയിൽ പകർത്തുമെന്ന് ഞാൻ അവരോട് പറഞ്ഞു. എന്റെ ഫോൺ തട്ടിപ്പറിച്ച് അയാൾ ഭീഷണി മുഴക്കി, അബുദാബിയിൽ എത്തുമ്പോൾ എന്നെ അറസ്റ്റ് ചെയ്യുമെന്ന്. പിറകെ ഒരു ജീവനക്കാരിയുമെത്തി ഇതേ ഭീഷണി മുഴക്കി. ഒരു ബിസിനസ് ക്ലാസിൽ യാത്ര ചെയ്യണമെങ്കിൽ എന്തൊക്കെയാണ് സഹിക്കേണ്ടത്? ജീവനക്കാരുടെ കഴിവില്ലായ്മയ്ക്ക് ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയാണോ വേണ്ടത്? എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടെങ്കിൽ പറഞ്ഞാൽ മനസിലാകും. അതിനുപകരം ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്.

ഈ യാത്രയ്ക്കിടെ തന്നെ ഞാൻ കുടിക്കാൻ വെള്ളം ചോദിച്ചപ്പോഴും മോശം അനുഭവമാണുണ്ടായത്. അര മണിക്കൂർ കഴിഞ്ഞും പ്രതികരണമൊന്നും കാണാത്തതിനാൽ എനിക്ക് സർവ്വീസ് ഏരിയയിലേക്ക് ചെല്ലേണ്ടിവന്നു. ഒരു കസ്റ്റമറെ നഷ്ടപ്പെടുന്നത് എത്തിഹാദിന് വലിയ കാര്യമല്ലായിരിക്കും. പക്ഷേ ഈ വിമാനക്കമ്പനിയിൽ എനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. രണ്ട് തവണയേ ഞാൻ ഇതിൽ യാത്ര ചെയ്തിട്ടുള്ളൂ. കഴിഞ്ഞ തവണയും എനിക്ക് ചില പ്രശ്‌നങ്ങളുണ്ടായി. കാര്യക്ഷമമല്ല നിങ്ങളുടെ സർവ്വീസ്. പലപ്പോഴും വംശീയമായ വേർതിരിവ് നിങ്ങളുടെ പെരുമാറ്റത്തിൽ കാണാൻ സാധിക്കും. ഒരു നല്ല ദിനം ആശംസിക്കുന്നു..' എന്നും ആദ്യ പോസ്റ്റിൽ ജിനു കുറിച്ചു. ത് സംബന്ധിച്ച വീഡിയോയും ജിനു പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണു താൻ അറസ്റ്റിലായെന്നും ജിനു കുറിച്ചത്. പിന്നീട് ജിനുവിനെ വിട്ടയച്ചു. നടൻ കൊച്ചിയിലെത്തുകയും ചെയ്തു. എന്നാൽ കുറച്ചു നേരത്തേയ്ക്ക് എങ്കിലും വലിയ ആശയക്കുഴപ്പം അറസ്റ്റുണ്ടാക്കി. സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രതികരണങ്ങൾ തന്നെയാണ് ജിനുവിന് തുണയായത്.

ഗൾഫ് രാഷ്ട്രങ്ങൾ ആണ് ഈ സുരക്ഷ നിയമം ഇങ്ങനെ ദുരുപയോഗം ചെയ്യുന്നവരിൽ മുൻപിൽ. ഫീഡ്ബാക്ക് നൽകിയതിനോ അഭിപ്രായം പറഞ്ഞതിനോ അമേരിക്കയിലോ യൂറോപ്പിലോ ഓസ്‌ട്രേലിയയിലോ ആരെയും തടയുകയില്ല. എന്നാൽ ഗൾഫ് രാഷ്ട്രങ്ങൾ ഇങ്ങനെ ചെയ്യും. ആരാണ് ഇങ്ങനെ ചെയ്തത് എന്നതൊന്നും അവർക്ക് പ്രശ്‌നം അല്ല. അതുകൊണ്ട് ആറ്റ് നോറ്റിരുന്നു കിട്ടുന്ന അവധി കുളമാക്കാതിരിക്കാൻ പ്രിയ വായനക്കാർ ഒരു കാര്യത്തിലും ഇടപെടാതെ അധികൃതർ പറയുന്ന കാര്യങ്ങൾ അതേപടി ചെയ്തു മാര്യാദരന്മാരായി യാത്ര ചെയ്യുക. അല്ലാതെ ജനാധിപത്യവും നീതിയും ഒക്കെ പറഞ്ഞ് നടന്നാൽ നിങ്ങൾക്ക് അകത്ത് കിടക്കാൻ ആവും വിധിയെന്ന് അറിയുക. 

മെയ്‌ ദിനം പ്രമാണിച്ച് നാളെ ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ