കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി അതിക്രമം കാണിച്ച കേസിൽ പൊലീസ് നിർണായക അറസ്റ്റിലേക്ക്. പൊലീസ് ആസ്ഥാനത്തു ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നിർണായക യോഗം ചേർന്ന ശേഷമാണ് ഈ നീക്കം. ഇതുവരെ ലഭിച്ച തെളിവുകൾ കോർത്തിണക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെയാണു പൊലീസിന്റെ ഈ നടപടി. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം 'ജോർജേട്ടൻസ് പൂര' ത്തിന്റെ ലൊക്കേഷനിൽ സുനിൽകുമാർ എത്തിയതിന്റെ തെളിവുകളും ലഭിച്ചതോടെ കൂടുതൽ നടപടികളിലേക്കു പൊലീസ് നീങ്ങുകയാണ്. ദിലീപിനെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെയാണ്. പ്രമുഖ നടിയുടെ അമ്മയേയും കസ്റ്റഡിയിൽ എടുത്തേക്കും.

കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. െഎജി ദിനേന്ദ്ര കശ്യപ് കൊച്ചിയിൽത്തന്നെ തുടർന്ന് അന്വേഷണത്തിനു നേതൃത്വം നൽകണമെന്നും ഡിജിപി നിർദ്ദേശം നൽകി. അന്വേഷണ പുരോഗതി വിലയിരുത്താൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണു ഡിജിപിയുടെ ഈ നിർദ്ദേശം. എഡിജിപി സന്ധ്യക്കാകും മേൽനോട്ട ചുമതല. മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസിൽ വഴിത്തിരിവുണ്ടാക്കിയത്. അറസ്റ്റിലായ ഘട്ടത്തിൽ പണത്തിനു വേണ്ടി സ്വയം ചെയ്ത കുറ്റമെന്നു സമ്മതിച്ച പ്രതി സുനിൽ രണ്ടു മാസം മുൻപാണു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ ആദ്യം നടത്തിയത്. ആദ്യഘട്ടത്തിൽ സുനിലിന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. എന്നാൽ, മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പുറത്തു വരാൻ തുടങ്ങിയതോടെ അന്വേഷണ സംഘം കാര്യങ്ങൾ ഗൗരവമായി എടുത്തു. നടൻ ദിലീപ്, സംവിധായകൻ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു. ഇതിൽ ദിലീപ് പറഞ്ഞ നുണകൾ അദ്ദേഹത്തിന് വിനയായി. ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.

കേസ്ഡയറി വിളിച്ചുവരുത്തി പരിശോധിച്ച ഡി.ജി.പി. ബെഹ്‌റ, കേസന്വേഷണം ഇഴയുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കേസുസംബന്ധിച്ച് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ദുരൂഹത തീർക്കണം. അന്വേഷണച്ചുമതല ഐ.ജി. ദിനേന്ദ്ര കശ്യപിനും മേൽനോട്ടം എ.ഡി.ജി.പി. ബി. സന്ധ്യക്കുമായിരിക്കും. കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും നിർദ്ദേശം നൽകി. തെളിവുകൾ ലഭിച്ചാൽ പ്രതിസ്ഥാനത്ത് എത്ര ഉന്നതനായാലും അറസ്റ്റുചെയ്യാമെന്ന് അന്വേഷണോദ്യോഗസ്ഥരോട് പൊലീസ് മേധാവി നിർദ്ദേശിച്ചു. ദിലീപിനെയും നാദിർഷയെയും ചോദ്യംചെയ്തതിന്റെ വിശദാംശങ്ങൾ ബെഹ്റ പരിശോധിച്ചു. ഇവരിൽനിന്ന് സംശയങ്ങൾ ദൂരീകരിക്കത്തക്ക വിവരങ്ങൾ ലഭിച്ചില്ലെന്ന് അറിയുന്നു. സുനിയുമായിനടന്ന ചില ഫോൺകോളുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ല. ചോദ്യംചെയ്യൽ മണിക്കൂറുകൾ നീണ്ടുപോകാനും ഇതുകാരണമായി.

കാവ്യാ മാധവന്റെ ഉടമസ്ഥതയിൽ കാക്കനാട് മാവേലിപുരത്തെ ഓൺലൈൻ വസ്ത്രവ്യാപാര ശാലയായ ലക്ഷ്യയിൽ പരിശോധന നടത്തിയ പൊലീസ്സംഘം അവിടെ നിന്ന് പണമിടപാട് സംബന്ധിച്ച രേഖകളും സിസി ടി.വിയും പിടിച്ചെടുത്തു. ഉപകരണങ്ങൾ കോടതിയിൽ ഹാജരാക്കിയശേഷം വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരം സി-ഡിറ്റിലേക്ക് അയച്ചു. കടയിൽ അന്നുണ്ടായ ജീവനക്കാരെ ചോദ്യംചെയ്യാനും നീക്കമുണ്ട്. ഇടപ്പള്ളിക്കടുത്തുള്ള റെസേ്റ്റാറന്റിലും തമ്മനത്തെ അപ്പാർട്ട്മെന്റിലും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. കേസിലെ മുഖ്യപ്രതി പൾസർ സുനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നിടങ്ങളിലും പരിശോധന നടന്നത്. സുനി ജയിലിൽനിന്ന് അയച്ചതായി പറയുന്ന കത്തിലും ചില സ്ഥാപനങ്ങളെക്കുറിച്ച് പരാമർശമുണ്ട്. ഇതെല്ലാം കേസിൽ വഴിത്തിരിവായി. നടിയുടെ അമ്മ ഉൾപ്പെടെയുള്ളവർക്കെതിരെ തെളിവും കിട്ടി.

അതിനിടെ കേസിൽ നാദിർഷായെ ഒഴിവാക്കാൻ നീക്കം സജീവമാണ്. നാദിർഷായ്ക്ക് വേണ്ടി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ചരട് വലികൾ നടത്തുന്നുണ്ട്. ദിലീപും നടിയുടെ അമ്മയും മാത്രമാണ് കുറ്റക്കാരെന്നാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്റെ വാദം. നാദിർഷായെ ബലിയാടാക്കുന്നത് ശരിയല്ല. പൾസർ സുനിയും നാദിർഷായുമായി ഫോൺവിളിച്ചതിന്റെ രേഖ പൊലീസിന് കിട്ടിയിട്ടുണ്ട്. എന്നാൽ ഇത് നാദിർഷായെ ഗൂഢാലോചനയിൽ ബന്ധപ്പെടുത്തില്ലെന്നാണ് ഉയരുന്ന വാദം.

കാവ്യയുടെ കടയിലെ പരിശോധന നിർണ്ണായകമായി

പൾസർ സുനി പണം ആവശ്യപ്പെട്ട് നടൻ ദിലീപിനെഴുതിയ കത്തിൽ, നടിയെ ആക്രമിച്ചശേഷം കാക്കനാട്ടെ കാവ്യയുടെ കടയിൽ ചെന്നതായി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച പൊലീസ് ലക്ഷ്യയിൽ പരിശോധന നടത്തിയത്.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിൽ ഉൾപ്പെട്ട കളമശേരി സി.ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കത്തിൽ പറയുന്നപോലെ സുനി കടയിൽ ചെന്നിരുന്നോയെന്ന് വ്യക്തതവരുത്താനാണ് സിസി ടിവി പിടിച്ചെടുത്തത്. എന്നാൽ ഒരുമാസംവരെയുള്ള ദൃശ്യങ്ങൾ മാത്രമാണ് സിസി ടിവിയിലുള്ളത്. ആറുമാസം മുമ്പുള്ള ദൃശ്യങ്ങൾവരെ കണ്ടെടുക്കാൻ കഴിഞ്ഞാൽ അത് കേസിൽ നിർണായകമായി മാറും.

നാലഞ്ചു തവണവരെ ഓവർറൈറ്റ് ചെയ്താലും ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്ന് സി-ഡിറ്റ് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 20നാണ് നടി കാറിൽ ആക്രമിക്കപ്പെട്ടത്. അന്നുണ്ടായിരുന്ന ജീവനക്കാർ ആരുംതന്നെ ഇപ്പോൾ സ്ഥാപനത്തിലില്ലെന്ന് പൊലീസ്വൃത്തങ്ങൾ പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ചോദ്യംചെയ്യാനായി ഉടനെ വിളിച്ചുവരുത്തും. അന്ന് സുനി കടയിലെത്തിയപ്പോൾ ദിലീപ് സ്ഥലത്തില്ലെന്ന് കടയിലെ ജീവനക്കാരൻ പറഞ്ഞതായും കത്തിലുണ്ട്. പണമിടപാട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പൾസർ സുനിക്ക് കടയിൽ നിന്ന് രണ്ടു ലക്ഷം രൂപ നൽകിയിരുന്നുവെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ടെന്നാണ് അറിവ്. മൊഴിയിൽ പറഞ്ഞ ദിവസം കടയിൽ നിന്ന് രണ്ടു ലക്ഷം രൂപയുടെ കൈമാറ്റം നടന്നതിന് തെളിവ് ലഭിച്ചെന്നും സൂചനയുണ്ട്.

ദൃശ്യത്തെളിവ് കിട്ടിയെന്ന് സൂചന

അതിനിടെ ഓടുന്ന വാഹനത്തിൽ നടിയെ പ്രതി പൾസർ സുനി ശാരീരികമായി അപമാനിക്കുന്നതിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലാണ് പൊലീസ്.

നടിയെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏൽപിച്ചെന്നുമൊക്കെയാണ് ചോദ്യംചെയ്യലിൽ സുനി ആദ്യം പറഞ്ഞിരുന്നത്. കൂട്ടുപ്രതിവഴി നടി കാവ്യാമാധവന്റെ കാക്കനാട്ടുള്ള വ്യാപാരസ്ഥാപനത്തിലേൽപ്പിച്ചെന്ന് പിന്നീട് പറഞ്ഞു. ഈ സ്ഥലങ്ങളിലൊക്കെ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.

മെമ്മറികാർഡ് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നടിയെ അപമാനിക്കുന്നതിന്റേതെന്നുസംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതായി സമ്മതിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആക്രമണത്തിന് ഇടയാക്കിയതെന്നുമുള്ള അനുമാനത്തിലാണ് പൊലീസ്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയതോടെ അന്വേഷണം അന്തിമഘട്ടത്തിലെത്തിയെന്നാണ് വിലയിരുത്തൽ. നിർണായകനീക്കങ്ങൾ അടുത്തദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന. സിനിമാരംഗത്തുള്ള പലരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

സുനിയെ പരിചയമില്ലെന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞത്. ഇത് ശരിയാണോ എന്ന് അറിയാനുള്ള പരിശോധനകളിലാണ് പൊലീസ്. ഫോൺരേഖകളിൽ വ്യക്തമായ സൂചനകൾ കിട്ടാത്തതിനാലാണ് ഇവർ ഒന്നിച്ചുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ പരിശോധിക്കുന്നത്. ശനിയാഴ്ച പറവൂരിനടുത്ത് പെരുമ്പടന്നയിലെ ഒരു സ്ഥാപനത്തിൽ പൊലീസ് പരിശോധനനടത്തി. പ്രമുഖ നടിയുടെ സ്ഥാപനവുമായി ബിസിനസ് ബന്ധമുള്ളവരാണിതെന്ന് സൂചനയുണ്ട്.

ജോർജേട്ടൻസ് പൂരം ദിലീപിന് വിനയാകും

'ജോർജേട്ടൻസ് പൂര' ത്തിന്റെ ലൊക്കേഷനിൽ പൾസർ സുനി എത്തിയതിന്റെ തെളിവു പൊലീസിനു ലഭിച്ചു. ഷൂട്ടിങ് നടന്ന തൃശൂർ പുഴയ്ക്കലുള്ള ടെന്നിസ് ക്ലബ്ബിലെ ജീവനക്കാർ ദിലീപിനൊപ്പം പകർത്തിയ സെൽഫി ചിത്രങ്ങളിൽ സുനിയുടെ രൂപസാദൃശ്യമുള്ളയാൾ ഉൾപ്പെട്ടതിന്റെ തെളിവുകളാണ് അന്വേഷണ സംഘം ശേഖരിച്ചത്.

ചിത്രം ലഭിച്ചതോടെ ക്ലബ്ബിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പകർത്തി. തനിക്കു സുനിലിനെ മുൻപരിചയമില്ലെന്നും കണ്ടിട്ടില്ലെന്നുമാണു പൊലീസിന്റെ ചോദ്യം ചെയ്യലിൽ ദിലീപ് നൽകിയ മൊഴി. ദിലീപിന്റെ മൊഴി രേഖപ്പെടുത്തി രണ്ടു ദിവസത്തിനു ശേഷമാണു തെളിവു ശേഖരണത്തിനു ക്ലബ്ബിൽ പൊലീസ് എത്തിയത്. ഇതും ദിലീപിന് വിനയാകും.

മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പൊലീസ് സെൽഫി ചിത്രങ്ങളിലേക്ക് എത്തിയത്. 2016 നവംബർ 13ന് ഒരേ ടവറിനു കീഴിൽ ദിലീപും സുനിലും ഒന്നിച്ചുണ്ടായിരുന്നുവെന്നു കണ്ടെത്തിയിരുന്നു. ഇതു ക്ലബ്ബിലെ ഷൂട്ടിങ് സമയത്താണെന്നതിനുള്ള തെളിവുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടി തൃശൂരിൽ ഉള്ളപ്പോൾ ഈ ക്ലബ്ബിലെ ഹെൽത്ത് ക്ലബ്ബിൽ എത്താറുണ്ടായിരുന്നതായും വിവരമുണ്ട്.

ക്ലബ് മാനേജരിൽ നിന്നു ഷൂട്ടിങ് സംബന്ധമായ വിവരം പൊലീസ് ശേഖരിച്ചു. സെൽഫിയിൽ ഉൾപ്പെട്ട ക്ലബ് ജീവനക്കാരെ ആലുവയിലേക്കു വിളിച്ചുവരുത്തി വിശദമായി വീണ്ടും മൊഴിയെടുക്കും.