കൊച്ചി: മലയാള സിനിമയിലെ പ്രിയപ്പെട്ട വില്ലനാണ് സ്ഫടികം ജോർജ്ജ്. മോഹൻലാൽ നായകനായ ചിത്രത്തിന്റെ പേരിൽ അറിയപ്പെട്ട ജോർജ്ജ് വില്ലൻവേഷങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. സ്‌ക്രീനിലെ വില്ലത്തരങ്ങൾ പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രതിഭയാണെങ്കിലും അദ്ദേഹത്തിന്റെ ഇപ്പോഴത്ത് അവസ്ഥ കുറച്ച് ദുഃഖകരമാണ്. രണ്ട് കിഡ്‌നികളുടെയും പ്രവർത്തനം തകരാറിലായി ചികിത്സയിലാണ് മലയാള സിനിമയുടെ പ്രിയപ്പെട്ട വില്ലൻ. കൊച്ചി ലിസി ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയനായ അദ്ദേഹം ഇപ്പോൾ ഇരങ്ങാലക്കുടയിലെ സ്വന്തം വീട്ടിൽ മരുന്നും കഴിച്ച് വിശ്രമത്തിലാണ്.

ഇപ്പോഴും ഡയാലിസിസ് ചികിത്സ തുടരുകയും ചെയ്യുന്നുണ്ട് സ്ഫടികം ജോർജ്ജ്. അടുത്തകാലം വരെ ഭാര്യ ത്രേസ്യാമ്മ കാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. അവരുടെ രോഗം ഭേദമായപ്പോഴാണ് ജോർജ്ജിന്റെ വൃക്കരോഗവും ബാധിച്ചത്. അതേസമയം ജോർജിന്റെ ഇപ്പോഴത്തെ ഈ അവസ്ഥ സിനിമയിലുള്ള പല സുഹൃത്തുകൾക്കും അറിയില്ല. പലരും അദ്ദേഹത്തിന്റെ രോഗവസ്ഥയെ കുറിച്ച് അറിഞ്ഞത്് ഞെട്ടലോടെയാണ്.

ജോർജ്ജിന് ഇടയ്ക്കിടയ്ക്ക് മൊബൈൽ നമ്പർ മാറുന്ന സ്വഭാവമുണ്ട്. അതിന്നാൽ പലപ്പോഴും വിളിച്ചാൽ പലർക്കും കിട്ടാറില്ല എന്നാണ് അറിയുന്നത്. വില്ലൻ വേഷങ്ങളിൽ മലയാളത്തിൽ തിളങ്ങിയ ജോർജിന്റെ ആദ്യ ചിത്രം 1989 ൽ പുറത്തിറങ്ങിയ സ്വന്തമെന്നു കരുതി എന്ന മലയാള ചിത്രമാണ്. ആദ്യ കാലങ്ങളിൽ അഭിനയിച്ച ചിത്രങ്ങളിൽ വലിയ പ്രേക്ഷക ശ്രദ്ധ ഇദേഹത്തിനു കിട്ടിയിരുന്നില്ല. 1995ൽ ഭദ്രൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയ സ്ഫടികം എന്ന മോഹൻ ലാൽ ചിത്രത്തിലെ കുറ്റിക്കാടൻ എന്ന വില്ലൻ പൊലീസ് വേഷമാണ് സിനിമയിൽ അദേഹത്തിന്റെ ആദ്യത്തെ മികച്ച കഥാപാത്രം.

ഈ സിനിമായിലൂടെ ജോർജ് മലയാള സിനിമക്കു സ്ഫടികം ജോർജായി മാറി. പിന്നിട് വന്ന പൊലീസ് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം ലേലം, പത്രം, വാഴുന്നോർ, നരസിംഹം, തെങ്കാശിപ്പട്ടണം, മായാവി, തുടങ്ങിയ ചിത്രങ്ങളിലും വില്ലനായി തിളങ്ങി. അഭിനയത്തിൽ വില്ലൻ വേഷങ്ങളാണ് സ്പടികം ജോർജിന്റെ ആദ്യ സിനിമകൾ എന്നാണു എങ്കിലും അഭിനയ ജിവിതം കഴിഞ്ഞാൽ അതീവ ദൈവവിശ്വാസിയായ ജോർജിന്റെ നല്ല സമയവും ബൈബിൾ വായനയും സുവിശേഷ പ്രസംഗവുമാണ്. അതുകൊണ്ട് തന്നെ വില്ലൻ വേഷങ്ങളും ദൈവികതയും ഒത്തുപോകുനില്ല എന്നുതോന്നി ഈ അടുത്തകാലത്ത് വില്ലൻ വേഷങ്ങൾ ഉപേക്ഷിച്ചിരുന്നു. അതുകൊണ്ട് സിനിമകളും ജോർജിന് കുറവായിരുന്നു. പിന്നിട് വന്ന മായമോഹിനി, ഹലോ തുടങ്ങിയ ചിത്രങ്ങളിലെ ഇദേഹത്തിന്റെ കോമഡി കഥാപാത്രങ്ങളും ശ്രദ്ധനേടി.

നൂറോളം മലയാള സിനിമകളിൽ സാന്നിധ്യമായിരുന്ന സ്ഫടികം ജോർജിന് കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ ആയിരുന്നു കൂടുതൽ ഇഷ്ടം. ദൈവ വഴിയിലുള്ള ജിവിതത്തിൽ ആശ്വാസം കണ്ടെത്തുന്ന ഇദേഹം പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ചു. അടുത്ത കാലത്ത് സിനിമ ലൊക്കേഷനിൽ ജോർജ് അഭിനയിക്കാൻ എത്തിയാൽ ഷൂട്ട് ഇല്ലത്ത സമയത്ത് ബൈബിൾ വായിച്ചുകൊണ്ടിരിക്കുക പതിവാണെന്ന് അദേഹത്തിന്റെ സിനിമ സുഹൃത്തുകലും പറയുന്നു.

മലയാളത്തിലെ പ്രമുഖ വില്ലൻനടന്മാരിൽ ഒരാളാണെങ്കിലും ജോർജിനു അമ്മ എന്ന താരസംഘടനയിൽ അംഗത്വം ഇല്ല. പലപ്പോഴും അഗത്വം എടുക്കാൻ നേരിട്ട് പറഞ്ഞെങ്കിലും ഇതുവരെ അതിന് തയ്യാറായിട്ടില്ലെന്ന് അമ്മ സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ ഇതുവരെ അമ്മയിൽ ഇതൊരു ചർച്ച ആയിട്ടില്ലെന്നും സ്ഫടികം ജോർജിന് അമ്മയിൽ അംഗത്വം ഇല്ലാത്തതിനാൽ വ്യക്തിപരമായി എല്ലാ സഹായങ്ങളും മലയാള സിനിമ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഇടവേള ബാബു പറഞ്ഞു.

പ്രശസ്ത സിനിമ നിർമ്മാതാവും പ്ലേഹൗസ് പ്രൊഡക്ഷൻ കമ്പനിയുടെ അമരക്കാരനുമായ ആന്റോ ജോസഫിന്റെ അമ്മാവനാണ് സ്ഫടികം ജോർജ്. അഞ്ചു കുട്ടികളുടെ പിതാവാണ് അദ്ദേഹം. അസുഖ വിവരം അറിഞ്ഞ് ജോർജിന് മമ്മൂട്ടി, ഇന്നസെന്റ് ഉൾപ്പെടെയുള്ള സഹപ്രവർത്തകർ നേരിട്ട് കണ്ടും വിളിച്ചും എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്ന് നിർമ്മാതാവായ ആന്റോ ജോസഫും മറുനാടനോട് പറഞ്ഞു.