കൊച്ചി: സിനിമാലോകത്തെ അടിച്ചമർത്തലുകൾ ചർച്ചയാകുന്നതിനിടെയാണ് നടൻ ശ്രീനാഥിന്റെ മരണവും വീണ്ടും ചർച്ചയാവുന്നത്. ഇക്കാര്യത്തിൽ ശ്രീനാഥ് മരണപ്പെട്ട ഹോട്ടലിലെ മാനേജരുടെ വെളിപ്പെടുത്തലുകളും ചർച്ചയാകുന്നു. ശ്രീനാഥിന്റെ മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മുറിയിൽ രണ്ടുപേർ എത്തിയിരുന്നെന്ന് ശ്രീനാഥ് താമസിച്ചിരുന്ന ഹോട്ടലിലെ ജനറൽ മാനേജർ ജോയിയാണ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്.

ഇതിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. നടൻ ഇരുപതു മിനിറ്റോളം ഇവർ ശ്രീനാഥിന്റെ മുറിയിലുണ്ടായിരുന്നെന്നു വ്യക്തമാക്കുന്നതാണ് ജോയിയുടെ മൊഴി.

മോഹൻലാലിന്റെ ചിത്രം ശിക്കാറിന്റെ ചിത്രീകരണത്തിന് ഇടെയാണ് നടൻ ശ്രീനാഥ് മരണപ്പെടുന്നത്. മരണത്തിൽ നേരത്തെ തന്നെ കുടുംബാംഗങ്ങൾ അസ്വാഭാവികത ആരോപിച്ചെങ്കിലും ഇക്കാര്യം പിന്നീട് ചർച്ചയായില്ല.

അന്വേഷണവും ഇല്ലാതായി. ഇതിനിടെയാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇതുസംബന്ധിച്ച രേഖകൾ അപ്രത്യക്ഷമായ കാര്യം മറുനാടൻ റിപ്പോർട്ടുചെയ്യുന്നത്. ഇതോടെ വിഷയം വീണ്ടും സജീവമാകുകയും ചെയ്തു. സഹോദരനും ഭാര്യയും ഉൾപ്പെടെയുള്ള ബന്ധുക്കളും ശ്രീനാഥിന്റെ മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി രംഗത്തെത്തി. പൊലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ശ്രീനാഥ് മരിച്ച 23ന് രാവിലെ എട്ടിനു ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് സഞ്ജു വൈക്കം, പ്രൊഡക്ഷൻ കൺട്രോളർ മനോജ് എന്നിവർ ശ്രീനാഥിന്റെ മുറിയിലെത്തിയിരുന്നതായി ജോയിയുടെ മൊഴിയിൽ പറയുന്നു. ഏകദേശം 20 മിനിറ്റിനുശേഷം അവർ റിസപ്ഷനിലെത്തി ശ്രീനാഥിനെ സിനിമയിൽ നിന്നു മാറ്റിയെന്നും ഉച്ചയോടെ മുറി ഒഴിയുമെന്നും പറഞ്ഞു. 20 മിനിറ്റിനു ശേഷം ശ്രീനാഥിന്റെ മുറിയിൽ നിന്ന് റിസപ്ഷനിലേക്ക് ഫോൺ വന്നു.

ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ ഞരക്കമാണ് കേട്ടത്. ശ്രീനാഥിന്റെ മുറിയിലെത്തി നോക്കിയപ്പോൾ വാതിലിന് പുറകിലായി വീണു കിടക്കുന്നതാണ് കണ്ടത്. ദേഹത്തും മുറിയിലും രക്തം ഒലിച്ചിരുന്നുവെന്നും മൊഴിയിൽ പറയുന്നുണ്ട്. സിനിമാ പ്രവർത്തകർ മുറിയിൽ എത്തിയ സമയത്ത് അവിടെ എന്താണ് സംഭവിച്ചത് എന്നതിനെ പറ്റി പിന്നീട് അന്വേഷണമൊന്നും ഉണ്ടായില്ലെന്നാണ് സഹോദരൻ ഉൾപ്പെടെയുള്ളവർ പറയുന്നത്.

സന്ദർശകരും ശ്രീനാഥുമായി സംസാരിച്ചതെന്തെന്നോ മുറിയിൽ സംഭവിച്ചതെന്തെന്നോ വ്യക്തമല്ല. ഇക്കാര്യങ്ങൾ കണ്ടെത്തി വെളിപ്പെടുത്താൻ പൊലീസ് തയാറാകണമെന്നാണ് ശ്രീനാഥിന്റെ കുടുംബം ആവശ്യപ്പെടുന്നത്. 2010 ഏപ്രിൽ 21ന് ആയിരുന്നു ശ്രീനാഥ് കോതമംഗലത്തുള്ള ഹോട്ടൽ മരിയ ഇന്റർനാഷണലിൽ മുറിയെടുത്തത്.