- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഗിൾ പോലുള്ള സാധാരണ സെർച്ച് എൻജിനുകളിൽ കൂടി എത്താൻ കഴിയാത്ത ഡീപ് വെബ്; അതിൽ നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഭാഗം ഡാർക്ക് വെബ്ബും; മെമ്മറി കാർഡ് അവസാനമായി തുറന്ന വിവോ ഫോണിൽ ഉണ്ടായിരുന്ന 'നിഖിൽ' ആരെന്ന് കണ്ടെത്തേണ്ടത് അനിവാര്യത; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർത്തിയത് വിൽപ്പന ലക്ഷ്യത്തിലോ?
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. 2021 ജൂലായ് 19-ന് ഉച്ചയ്ക്ക് 12.19 മുതൽ 12:54 വരെയുള്ള സമയത്ത് മെമ്മറികാർഡ് വിവോ ഫോണിലിട്ട് ദൃശ്യങ്ങൾ കണ്ടിരുന്നു. ദൃശ്യങ്ങൾ തുറന്ന സ്മാർട്ട്ഫോണിൽ ഒന്നിലധികം സാമൂഹികമാധ്യമ ആപ്പുകൾ ഉണ്ടായിരുന്നതായും ഒരു ഫോണിൽ മെമ്മറികാർഡ് തുറക്കുമ്പോൾ ഒരു ഗെയിം പ്രവർത്തനക്ഷമമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അവസാനമായി തുറന്ന വിവോ ഫോണിൽ ഉണ്ടായിരുന്ന 'നിഖിൽ' ആരെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം. 2021 ജൂലൈ 19ന് കാർഡ് ഉപയോഗിച്ച വിവോ ഫോണിൽ 'നിഖിൽ' എന്നപേരിൽ ലോഗിൻ ചെയ്ത വീഡിയോ ഗെയിം ഉണ്ടായിരുന്നതായി ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഈ വ്യക്തി ആരെന്ന് കണ്ടെത്തിയാൽ ഇതിലെ രഹസ്യങ്ങൾ ചുരുളഴിക്കാം. ഫോണിൽ വാട്സാപ്, ടെലിഗ്രാം, ഇൻസ്റ്റഗ്രാം ആപ്പുകളും പ്രവർത്തിച്ചിരുന്നു. ഈ ആപ്പുകൾവഴി ദൃശ്യങ്ങൾ പകർത്തിയേക്കാമെന്ന സാധ്യത പൊലീസ് അന്വേഷിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കോടതി ജീവനക്കാരെ ചോദ്യംചെയ്യും. ഇതിന് കോടതിയുടെ അനുവാദം തേടും.
ഒട്ടുമിക്ക ആപ്പുകളും ഗെയിമും ഡൗൺലോഡ് ചെയ്യുമ്പോൾ ഫോണിലെ ക്യാമറ, മറ്റ് മീഡിയ, ഫോട്ടോ ഫയലുകളിലേക്ക് ആപ്പുകൾ പ്രവേശനാനുമതി തേടുന്നുണ്ട്. അനുമതി കൊടുക്കുമ്പോൾ മാത്രമാണ് ഇപ്പോൾ ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യാനാകുക. ഇത്തരം ആപ്പുകളുള്ള ഫോണിൽ മെമ്മറികാർഡ് ഉപയോഗിക്കുമ്പോൾ കാർഡിലുള്ള വിവരങ്ങൾ പകർത്തപ്പെടും. ഈ വിവരങ്ങൾ ഡാർക്ക് വെബിലേക്ക് പോകാനും സാധ്യതയുണ്ട്. അത്തരമൊരു സംശയം പ്രോസിക്യൂഷനും ഉന്നയിക്കുന്നുണ്ട്.
വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാർഡ് അവസാനമായി തുറന്നത്. ഇതിനുമുമ്പും കാർഡ് തുറന്നിരിക്കാമെന്നും പ്രോസിക്യൂഷൻ സംശയിക്കുന്നു. ഇത് വ്യക്തമാകണമെങ്കിൽ കേസിന്റെ വിചാരണയിൽ ഫോറൻസിക് ലാബ് അസിസ്റ്റന്റ് ഡയറക്ടറെയും സോഫ്റ്റ്‌വെയർ വിദഗ്ധനെയും വിസ്തരിക്കേണ്ടിവരും. മെമ്മറികാർഡ് കോടതിക്ക് തുറക്കണമെങ്കിൽ ഇരുവിഭാഗം അഭിഭാഷകരുണ്ടായിരിക്കണം. പ്രോസിക്യൂഷൻ അറിയാതെ തുറന്നു എന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു.
ഗൂഗിൾപോലുള്ള സാധാരണ സെർച്ച് എൻജിനുകളിൽ കൂടി എത്താൻ കഴിയാത്തവയാണ് ഡീപ് വെബ്. അതിൽ നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നഭാഗമാണ് ഡാർക്ക് വെബ്. സൈബർ കുറ്റകൃത്യത്തിന്റെ താവളമാണ് ഇത്തരം വെബ്സൈറ്റുകൾ. ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ അനുമതി കൊടുക്കുമ്പോൾ പകരമായി ഫോണുകളിൽ നിന്ന് ചോർത്തുന്നവ ഡാർക്ക് വെബ്ബിലേക്കാണ് പോകുന്നത്. ഇവ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വയ്ക്കാനിടയുണ്ടെന്നും പ്രോസിക്യൂഷൻ സംശയിക്കുന്നു.
ഇന്റർനെറ്റിന്റെ അഞ്ചുമുതൽ 15 ശതമാനംമാത്രമാണ് ഗൂഗിൾ ഉൾപ്പെടെയുള്ള സെർച്ച് എൻജിനുകളിലൂടെ കാണാനാകുക. മറ്റുള്ളവ ഗൂഗിൾപോലുള്ള സെർച്ച് എൻജിനുകളിൽ തിരഞ്ഞാൽ കിട്ടുന്നവയല്ല. ഇതാണ് ഡീപ് വെബ്. ഇവിടെത്തന്നെ നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഭാഗമാണ് ഡാർക്ക് വെബ്. സൈബർ കുറ്റകൃത്യത്തിന്റെ താവളമാണ് ഇത്തരം വെബ്സൈറ്റുകൾ. ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ അനുമതി കൊടുക്കുമ്പോൾ പകരമായി ഫോണുകളിൽനിന്ന് ചോർത്തുന്ന ഫയലുകൾ നേരെ ഡാർക്ക് വെബിലേക്കാണ് പോകുന്നത്.
കാർഡ് തുറന്നെന്ന് സ്ഥിരീകരിച്ചതോടെ കോടതിവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്നും വ്യക്തമായി. മെമ്മറികാർഡ് കോടതിക്ക് തുറക്കണമെങ്കിൽ ഇരുവിഭാഗം അഭിഭാഷകരുണ്ടായിരിക്കണം. ദൃശ്യം പകർത്താൻ കഴിയുന്ന ഉപകരണങ്ങളിൽ ഇവ ഉപയോഗിക്കരുത്. ഇവ ലംഘിച്ചാണ് മെമ്മറികാർഡ് തുറന്നതെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
2018 ജനുവരി ഒമ്പതിന് രാത്രി 9.58-ന് മെമ്മറികാർഡ് ഒരു കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് തുറന്നതായും 2018 ഡിസംബർ 13-ന് രാത്രി 10.58-ന് ഇത് മറ്റൊരു ഫോണിൽ ഉപയോഗിച്ചതായും കുറഞ്ഞത് മൂന്നുതവണയെങ്കിലും ഹാഷ് വാല്യൂവിലും മെറ്റ ഡേറ്റയിലും മാറ്റംവന്നതായുമാണ് ഫൊറൻസിക് റിപ്പോർട്ട്.
അതിനിടെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് അന്വേഷകസംഘം കോടതിയിൽ സമർപ്പിച്ചു. തുടരന്വേഷണ കാലാവധി വെള്ളിയാഴ്ച പൂർത്തിയാകുന്ന സാഹചര്യത്തിലാണിത്. അന്വേഷണകാലാവധി മൂന്നാഴ്ചകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. മെമ്മറി കാർഡിന്റെ ഹാഷ്വാല്യു മാറിയതും മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.
കോടതിയുടെ കൈവശമിരിക്കെ മെമ്മറി കാർഡിന്റെ ഹാഷ്വാല്യു മാറിയത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യം പരിഗണിച്ച് തുടരന്വേഷണം നീട്ടണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ