കൊച്ചി: നടിയെ ആക്രമിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ ഡ്രൈവർ അടക്കമുള്ളവർ ആക്രമിച്ചുവെന്നാണ്  നടിയുടെ പരാതി. ഇതിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു.

തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരുമ്പോൾ തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. അങ്കമാലയിൽ വച്ചാണ് തട്ടിക്കൊണ്ട് പോയത്. അതിന് ശേഷം എറണാകുളത്ത് കാക്കനാട് ഇറക്കിവിട്ടുവെന്നാണ് നടിയുടെ മൊഴി.

കാർ യാത്രക്കിടെ നടിയെ തട്ടിക്കൊണ്ടു പോയി അപമാനിച്ചതായും ചിത്രങ്ങൾ പകർത്തിയതായുമാണ് പരാതി. രാത്രി ഒമ്പത് മണിക്ക് തൃശൂരിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അത്താണിയിൽ വച്ച് മൂന്നു പേർ നടിയുടെ കാറിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ചതായാണ് പരാതി.

ഷൂട്ടിങ്ങിന് ശേഷം തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു നടി. കാർ അത്താണിയിൽ എത്തിയപ്പോൾ തൊട്ടു പിന്നിലുണ്ടായിരുന്ന കാർ  നടിയുടെ കാറിന് പിന്നിൽ ചെറുതായി തട്ടി.

ഇതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മൂന്നു പേർ ഡ്രൈവറെ ഭീഷണിപ്പെടുത്തി  നടിയുടെ കാറിലേക്ക് കയറുകയുമായിരുന്നു. പിന്നീട് ഇവർ കാറിൽവച്ച്  നടിയെ ഉപദ്രവിക്കുകയും അപമാനിക്കുകയും അർധ നഗ്‌ന ചിത്രങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു.

കാർ പാലാരിവട്ടത്തെത്തിയപ്പോൾ ഇവർ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു. പിന്നീട് വാഴക്കാലയിലുള്ള ഒരു സംവിധായകന്റെ വീട്ടിലെത്തി  നടി സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട്  നടിയുടെ വാഹനം ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  നടിയെ സംവിധായകന്റെ വീട്ടിലെത്തിച്ചതും മാർട്ടിനാണ്. പെരുമ്പാവൂർ സ്വദേശി സുനിലാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ചലച്ചിത്ര താരങ്ങൾക്ക് ഡ്രൈവർമാർ ഏർപ്പാടാക്കി കൊടുക്കുന്ന ആളാണ് സുനിൽ.  സുനിലിന്റെ നിദേശപ്രകാരമാണ് മാർട്ടിൻ  നടിയുടെ കാർ ഓടിക്കാൻ കഴിഞ്ഞ ദിവസം എത്തിയത്. മാർട്ടിനും സുനിലും ഉൾപ്പെട്ട സംഘം മുൻ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

അങ്കമാലി അത്താണിക്കു സമീപം കാർ തടഞ്ഞുനിർത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടർന്നെന്നാണു നടി പൊലീസിനു നൽകിയ മൊഴി. ഡ്രൈവറെ ഭയപ്പെടുത്തി കാർ ഓടിപ്പിക്കുകയായിരുന്നു. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോൾ കാറിൽനിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തിൽ കടന്നുകളഞ്ഞു.

ഈ വാഹനം അത്താണി മുതൽ നടിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ആദ്യം ഐജി പി. വിജയനോട് നടി ടെലിഫോണിൽ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.

ഡപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര, അസി. പൊലീസ് കമ്മിഷണർ എം. ബിനോയ് തുടങ്ങിയവർ രാത്രി പന്ത്രണ്ടോടെ സംവിധായകന്റെ വീട്ടിലെത്തി നടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അക്രമികളെക്കുറിച്ചും അവർ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും പൊലീസിനു സൂചന ലഭിച്ചു.