കൊച്ചി: നടിയെ ആക്രമിക്കുന്നതിന് തൊട്ടു മുമ്പ് സംവിധായകനും നടനുമായ നാദിർഷായിൽ നിന്ന് പണം വാങ്ങിയതായി പൾസർ സുനി. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തി 25,000 രൂപ വാങ്ങിയതായാണ് സുനി വെളിപ്പെടുത്തിയത്. ദിലീപ് പറഞ്ഞിട്ടാണെന്നും സുനി പൊലീസിന് മൊഴി നൽകി. ഈ സാഹചര്യത്തിലാണ് നാദിർഷായെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ശ്രമിക്കുന്നത്. നാദിർഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി അദ്ദേഹത്തിന്റെ മാനേജറിൽ നിന്ന് പണം വാങ്ങിയതായാണ് പൾസർ സുനിയുടെ മൊഴി. സുനി തൊടുപുഴയിലെത്തിയതിന് മൊബൈൽ ടവർ ലൊക്കേഷൻ തെളിവും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം, ദിലീപ് പറഞ്ഞിട്ട് പൾസർ സുനിക്ക് താൻ പണം നൽകിയെന്ന് പറയാൻ പൊലീസ് തന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് നാദിർഷ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ദിലീപ് പറഞ്ഞിട്ടാണ് പണം നൽകിയതെന്ന് പറയാനും നിർബന്ധിച്ചു. ഇക്കാര്യം നാളെ ഹൈക്കോടതിയിൽ ഉന്നയിക്കുമെന്നും നാദിർഷയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഓണക്കാല അവധിക്കു ശേഷം ഹൈക്കോടതി നാളെ ചേരുമ്പോൾ നാദിർഷയുടെ ജാമ്യാപേക്ഷ പരിഗണിക്കും. ഇതിനിടെയാണ് നിർണായക വെളിപ്പെടുത്തലുമായി പൾസർ സുനിയും നാദിർഷയും എത്തുന്നത്. ദിലീപിനെതിരെ മൊഴി നൽകാൻ പൊലീസ് തന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് നാദിർഷ നേരത്തെ വ്യക്തമാക്കിയിരുന്നു.

കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർമാരിൽ ഒരാൾ ദിലീപാണ്. ദിലീപ് നിർദ്ദേശപ്രകാരമാണ് പണം വാങ്ങിയതെന്ന് സുനി പറഞ്ഞെങ്കിലും നാദിർഷാക്ക് ഇക്കാര്യത്തിൽ അറിവുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. പണം വാങ്ങിയോ എന്ന കാര്യം സ്ഥിരീകരിക്കാനാണ് നാദിർഷായെ ചോദ്യം ചെയ്യാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഏതായാലും കട്ടപ്പനയിലെ ഋത്വിക് റോഷന്റെ സെറ്റിൽ സുനി എത്തിയിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. ഈ സിനിമയുടെ മാനേജരുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ടെന്നാണ് സൂചന. ഇതും നാദിർഷായ്ക്ക് എതിരാണെന്നാണ് ലഭിക്കുന്ന വിവരം. ഇത് പൊലീസ് സ്ഥിരീകരിക്കുന്നില്ല. നാദിർഷായുടെ ജാമ്യപേക്ഷയെ എതിർത്ത് ഈ തെളിവെല്ലാം പൊലീസ് കോടതിയിൽ ഹാജരാക്കും.

ഫലത്തിൽ നടിയെ ആക്രമിക്കുന്നതിന് മുമ്പ് തന്നെ ഇതേ കുറിച്ചുള്ള സൂചനകൾ പൾസർ സുനിക്ക് അറിയാമെന്ന് വരുത്താനാണ് പൊലീസ് നീക്കം. അങ്ങനെ വന്നാൽ ഗൂഢാലോചനക്കുറ്റവും നാദിർഷായ്‌ക്കെതിരെ ചുമത്തും. ദിലീപിന്റെ ഭാര്യയ്ക്കും പൾസുനിയുടെ ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന നിഗമനം പൊലീസിനുണ്ട്. നടി ആക്രമത്തിന് ഇരയാകുമ്പോൾ പൾസർ സുനി ഫോണിൽ വിളിച്ചത് കാവ്യയെ ആണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇതിനായുള്ള തെളിവ് ശേഖരണവും നടക്കുന്നുണ്ട്. ഇത് കാവ്യയാണെന്ന് സ്ഥിരീകരിച്ചാൽ കാവ്യയ്‌ക്കെതിരേയും ഗൂഢാലോചന കുറ്റം ചുമത്താൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ നാദിർഷായും കാവ്യയും ഉടൻ ജയിലിലാകും.

പൊലീസ് നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചുവെങ്കിലും നോട്ടീസ് നൽകാതെ ഹാജരാകില്ലെന്ന നിലപാടിലാണ് നാദിർഷ. എന്നാൽ മുൻകൂർ ജാമ്യപേക്ഷ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ കോടതിയിൽ നിന്നുള്ള തീരുമാനത്തിനു ശേഷം കൂടുതൽ നടപടിയുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ നീക്കം. ദിലീപ് ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ വീണ്ടും സമീപിക്കാനിരിക്കുകയാണ്. മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. റിമാൻഡ് കാലാവധി 60 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുന്നത്.

കുറ്റപത്രം സമർപ്പിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ താരത്തിന് വിചാരണ തടവുകാരനായി കഴിയേണ്ടി വരും. അറസ്റ്റിലായി 60 ദിവസം പൂർത്തിയായിരിക്കെ 90 ദിവസം പൂർത്തിയാകും മുമ്പായി കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അടുത്ത മാസം 10 ന് തൊണ്ണൂറു ദിവസം പുർത്തിയാകുമെന്നിരിക്കെ ഇത് ദിലീപിനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള ദിവസങ്ങൾ ഏറെ നിർണ്ണായകമാണ്. സ്വാഭാവിക ജാമ്യത്തിനുള്ള സാധ്യത തള്ളുകയാണ് പൊലീസിന്റെ ലക്ഷ്യം. ദിലീപ് വീണ്ടും സമീപിക്കുമ്പോൾ താരത്തിനെതിരേ നാദിർഷ ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യം ഉൾപ്പെടെയുള്ളവ പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടാനാകും. ഗണേശ്കുമാർ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചതും താരത്തെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്തതുമെല്ലാം ദിലീപിനെതിരേ പ്രോസിക്യൂഷൻ ഉപയോഗിക്കും. അന്വേഷണം അട്ടിമറിക്കാൻ ദിലീപ് ശ്രമിക്കുന്നുണ്ടെന്നും വിശദീകരിക്കും.

കേസിലെ ഏറ്റവും വലിയ തെളിവായ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽഫോണിന്റെ കാര്യത്തിൽ കിട്ടിയിട്ടുള്ള മൊഴി പൂർണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല. ഫോൺ നശിപ്പിച്ചതായി അഭിഭാഷകനും സഹായിയും മൊഴി നൽകിയിട്ടുണ്ടെങ്കിലും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യം ഒരു റിപ്പോർട്ടിലും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല. ഇതും നാദിർഷായ്ക്ക് അറിയാമെന്ന് പൊലീസ് കരുതുന്നു. ഇതുകൊണ്ട് തന്നെയാണ് നാദിർഷാ രണ്ടാമത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ മടിക്കുന്നതും.