കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡ് തടവുകാരനായി ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ നടൻ ദിലീപിന്റെ നീക്കങ്ങൾ കേസിനെ ബാധിച്ചു തുടങ്ങിയോ? ഈ സന്ദേഹം ശക്തമാക്കുന്നതാണ് പുറത്തുവരുന്ന വാർത്തകൾ. കേസിലെ നിർണായക സാക്ഷിയായ വ്യക്തി നേരത്തെ മജിസ്‌ട്രേറ്റഇന് മുന്നിൽ മൊഴി മാറ്റിയത് പൊലീസിന്് തന്നെ തിരിച്ചടിയാകുന്നുണ്ട്. കാവ്യാ മാധവന്റെ കാക്കനാട്ടെ വസ്ത്രവ്യാപാരസ്ഥാപനമായ 'ലക്ഷ്യ'യിലെ ജീവനക്കാരനാണ് മൊഴിമാറ്റിയതായി പറയുന്നത്.

കുറ്റകൃത്യത്തിനുശേഷം പൾസർ സുനിയും കൂട്ടുപ്രതി വിജേഷും ലക്ഷ്യയിൽ വന്നിരുന്നുവെന്നായിരുന്നു ഇയാളുടെ മൊഴി. പ്രതികളും ദിലീപും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിൽ ഇത് പൊലീസിനെ സഹായിച്ചിരുന്നു. എന്നാൽ, മജിസ്ട്രേട്ടിനു മുന്നിൽ കൊടുത്ത മൊഴിയുടെ പകർപ്പ് പൊലീസിനു ലഭിച്ചപ്പോഴാണ് മൊഴിമാറ്റിയെന്ന് വ്യക്തമായത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപ് നിർണായകമായ ഇടപെടൽ നടത്തുന്നുണ്ടെന്ന ആരോപണങ്ങൾ ഇതോടെ ഉയരുന്നുണ്ട്.

മറ്റൊരു പ്രതി ചാർളിയും മജിസ്ട്രേറ്റിനു മുന്നിൽ മൊഴിമാറ്റിയെന്നു സൂചനയുണ്ട്. പൾസർ സുനിക്ക് കോയമ്പത്തൂരിൽ ഒളിവിൽ കഴിയാൻ സഹായിച്ചയാളാണിത്. മൊഴിമാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് മനസ്സിലാക്കി അന്വേഷണസംഘം മുൻകരുതൽ എടുത്തിരുന്നു. എല്ലാവരുടെയും മൊഴികൾ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. വേറെയും തെളിവുകളുണ്ട്. ഭീഷണിപ്പെടുത്തി മൊഴി രേഖപ്പെടുത്തിയെന്ന ആരോപണം പൊളിക്കാനുള്ള തെളിവുകളുണ്ടെന്നും പൊലീസ് പറയുന്നു. ഇപ്പോഴുള്ള മൊഴിമാറ്റങ്ങൾ ബാധിക്കില്ലെന്നാണ് പൊലീസ് വാദം.

കുറ്റപത്രം സമർപ്പിക്കുന്നത് ഈയാഴ്ചയും ഉണ്ടാകില്ലെന്നാണു സൂചന. പുതിയ സാഹചര്യങ്ങൾകൂടി വിലയിരുത്തിയ ശേഷമേ നൽകാനിടയുള്ളൂ. പ്രതിക്ക് ജാമ്യം കിട്ടിയതിനാൽ ഇനി തിരക്കിന്റെ ആവശ്യമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ മുഖ്യ സാക്ഷി മൊഴി മാറ്റിയതിന് പിന്നിൽ ദിലീപുമായി അടുപ്പമുള്ള കൊച്ചിയിലെ അഭിഭാഷകനെന്ന് അന്വേഷണ സംഘത്തിന് സംശയം. ഇതുസംബന്ധിച്ച് ചില സുപ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഈ അഭിഭാഷകനും സാക്ഷിയും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകുന്നതിന് മുമ്പ് ഇവർ ആലപ്പുഴയിൽ ഒരുമിച്ച് ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയതായും സൂചനയുണ്ട്.

ദിലീപിന് ജാമ്യം നൽകുന്നതിന് മുമ്പാണ് സാക്ഷി മൊഴി നൽകിയിട്ടുള്ളത്. കോടതിയിൽ കീഴടങ്ങുന്നതിന് മുമ്പ് പൾസർ സുനി ലക്ഷ്യയിലെത്തിയിരുന്നെന്നും, ദിലീപിനെയും കാവ്യ മാധവനെയും അന്വേഷിക്കുകയും ചെയ്തിരുന്നു എന്നാണ് ഇയാൾ നേരത്തെ മൊഴി നൽകിയിരുന്നത്. ഈ മൊഴിയാണ് മാറ്റിയത്. ദിലീപിനെയും പൾസർ സുനിയെയും ബന്ധിപ്പിക്കുന്ന മുഖ്യ തെളിവായാണ് സാക്ഷിയുടെ മൊഴിയെ പൊലീസ് കണ്ടിരുന്നത്.

കേസിൽ അഞ്ചാമത്തെ ജാമ്യാപേക്ഷ വന്ന ഘട്ടത്തിൽ പ്രോസിക്യൂഷൻ കോടിതിയിൽ ചില കാര്യങ്ങൽ ധരിപ്പിച്ചിരുന്നു. ദിലീപ് ജയിലിൽ കിടക്കുമ്പോഴും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം തുടരുകയാണ്. കാവ്യമാധവന്റെ ഡ്രൈവറുടെ ഫോണിൽ നിന്ന് കേസിലെ പ്രധാനപ്പെട്ട സാക്ഷിയെ 41 തവണ ഫോൺ വിളിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇയാൾ മൊഴിമാറ്റാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലാണ് ഇയാൾ മുൻനിലപാടിൽ നിന്ന് മാറിയത്.

കീഴടങ്ങുന്നതിന് മുമ്പ് പൾസർ സുനിയും വിജേഷും ലക്ഷ്യയിൽ വന്നിരുന്നു. അവർ ബൈക്കിലാണ് വന്നത്. അവിടെയെത്തി കാവ്യമാധവനെയും ദിലീപിനെയും അന്വേഷിച്ചു എന്നായിരുന്നു സാക്ഷി പൊലീസിന് മൊഴി നൽകിയിരുന്നത്. ഇരുവരും ആലുവയിലാണെന്ന് പറഞ്ഞപ്പോൾ, ഇവർ മടങ്ങിപ്പോയി എന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. നേരത്തെ ജയിലിൽ നിന്നും പൾസർ സുനി ദിലീപിന് അയച്ച കത്തിലും, താൻ ലക്ഷ്യയിൽ വന്നിരുന്നെന്നും, എന്നാൽ ദിലീപ് അവിടെ ഇല്ല എന്നറിഞ്ഞതിനെ തുടർന്ന് മടങ്ങിപ്പോയ കാര്യം സൂചിപ്പിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിൽ ഇക്കാര്യം ശരിവെക്കുകയും ചെയ്തിരുന്നു. സാക്ഷിയുടെ മൊഴി അന്വേഷണസംഘം വീഡിയോയിൽ റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ലക്ഷ്യയിൽ അന്നേദിവസം സുനിൽകുമാറോ വിജേഷോ വന്നിട്ടില്ല. താൻ കണ്ടിട്ടില്ല. തനിക്ക് അറിയില്ല എന്നാണ് സാക്ഷി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയിട്ടുള്ളത്. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് സാക്ഷി മൊഴിമാറ്റിയ വിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. ഇത് കുറ്റപത്രം സമർപ്പിക്കുന്നത് വൈകാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് സൂചന. മുഖ്യസാക്ഷി മൊഴിമാറ്റിയതിനെ തുടർന്നുള്ള തിരിച്ചടി മറികടക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.