കൊച്ചി: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായതോടെ ആരാണ് ആക്രമണത്തിന് പിന്നിലെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭഴത്തിന്റെ ഗൂഢാലോചനയിൽ ഒരു യുവതിക്കു കൂടി പങ്കുണ്ടെന്ന നിർണായക വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. നടിയെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ ഈ യുവതിയെ ഏൽപിച്ചതായാണു സുനിൽകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നു പൊലീസിനു ലഭിച്ച സൂചന. സംഭവ ദിവസം രാത്രി മതിൽചാടിക്കടന്ന് സുനി പോയത് ഈ യുവതിയെ കാണാനാണെന്നും അറിയുന്നുണ്ട്.

കൊച്ചിയിൽ വസ്ത്രവ്യാപാരം നടത്തുന്ന ആലപ്പുഴ സ്വദേശിനിയായ ഈ യുവതിയെ സംഭവത്തിനുശേഷം രാത്രി സുനിൽകുമാർ തനിച്ചു സന്ദർശിച്ചതായും മൊഴി ലഭിച്ചിട്ടുണ്ട്. ഇവരെ അധികം വൈകാതെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചു സുനിൽകുമാറിന്റെ കാമുകിയും ഇവരും തമ്മിൽ സംസാരിക്കുന്നതിന്റെ ഫോൺ സംഭാഷണമാണു കഴിഞ്ഞദിവസം പുറത്തുവന്നതെന്നും വിവരമുണ്ട്. ഒരു സ്ത്രീയുടെ ക്വട്ടേഷനാണ് ഇതെന്ന് സുനി നടിയോട് പറഞ്ഞതായുള്ള വിവരങ്ങൾ നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു.

അതിനിടെ നടിയെ ആക്രമിച്ചു പകർത്തിയ ചിത്രങ്ങൾ പീഡനത്തിന് ഇരയായ നടിയുടെ അടുപ്പക്കാർക്ക് ആശങ്കയാണ് നൽകുന്നത്. ദൃശ്യങ്ങൾ പകർത്തിയുള്ള ബ്ലാക് മെയിലായിരുന്നു ക്വട്ടേഷന്റെ ലക്ഷ്യമെന്ന വിലയിരുത്തലിലേക്കും കാര്യങ്ങൾ എത്തിയിട്ടുണ്ട്. ഒരു സ്ത്രീയായിരുന്നു സുനിയെ ജോലി ഏൽപ്പിച്ചതെന്നും പൊലീസ് സൂചന നൽകിയിട്ടുണ്ട്. ഈ സ്ത്രീയിലേക്ക് ദൃശ്യങ്ങൾ എത്തിയുണ്ടെങ്കിൽ അത് ആശങ്കപ്പെടേണ്ടതാണ്. ഇത് പുറത്തുവരാനുള്ള സാധ്യതയും കൂടുതലാണ്. പൾസർ സുനിയുടെ ജാമ്യാപേക്ഷയ്ക്കൊപ്പം അഭിഭാഷകൻ മൊബൈൽ ഫോണും കോടതിയിൽ നൽകിയിരുന്നു. തട്ടിക്കൊണ്ട് പോകലിനിടെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത ്എത്തിയതിന്റെ സൂചനയായി ഇതിനേയും വിലയിരുത്തിയിരുന്നു. ഇതിന് പിറകെയാണ് ദൃശ്യങ്ങൾ കൈമാറാനുള്ള സാധ്യത ഉറപ്പിച്ച് രാത്രിയിലെ മതിൽചാട്ടവും രഹസ്യ ആശയ വിനിമയവും എത്തുന്നത്. വലിയ ഗൂഢാലോചനയുടെ സാധ്യതയും ഇത് വ്യക്തമാക്കുന്നു. ഇയാളെ കണ്ടെത്തേണ്ടത് അനിവാര്യതയുമാണ്.

തമ്മനത്തെ ചായക്കട കേന്ദ്രീകരിച്ചും സംഭവത്തിന്റെ ഗൂഢാലോചന നടന്നതായി വിവരം ലഭിച്ചു. പ്രതികളിലൊരാളായ മണികണ്ഠനെ ഇവിടേക്കു വിളിച്ചുവരുത്തിയാണു സുനിൽകുമാർ പദ്ധതി വിശദീകരിച്ചത്. ചാലക്കുടിയിൽ എത്തി വാൻ വാടകയ്‌ക്കെടുക്കണമെന്നു മാത്രമാണ് ആദ്യഘട്ടത്തിൽ പറഞ്ഞത്. പിന്നീടാണു പദ്ധതി വെളിപ്പെടുത്തിയത്. എന്നാൽ, സംഭവത്തിനിരയായ യുവനടിയെയാണു നോട്ടമിടുന്നതെന്ന വിവരം മണികണ്ഠനെ അറിയിച്ചിരുന്നില്ല.

നടിയുടെ വാഹനത്തിൽ അത്താണിയിൽ വച്ച് വാൻ ഇടിപ്പിച്ചതു സുനിലാണ്. ഇതിനുശേഷം മണികണ്ഠനും വിജീഷും കാറിൽ കയറി. ഈ സമയം സുനിൽകുമാർ പുറത്തിറങ്ങിയില്ല. കാറിൽ കയറിയ മണികണ്ഠനും വിജീഷും ബലപ്രയോഗത്തിലൂടെ നടിയെ വരുതിയിലാക്കി. ഡ്രൈവർ മാർട്ടിനു സംഭവത്തിൽ പങ്കൊന്നുമില്ലെന്നു നടിയെ ബോധ്യപ്പെടുത്താൻ മാർട്ടിന്റെ മുഖത്ത് പലവട്ടം മർദിച്ചു. ഭീഷണിപ്പെടുത്തിയാണു കാറോടിപ്പിച്ചത്. പിന്നീട് കൊച്ചി നഗരത്തിലെത്തിയശേഷമാണു സുനിൽകുമാർ കാറിൽ കയറുന്നത്. കൃത്യം നടത്തിയശേഷം കോയമ്പത്തൂരിലേക്കു പ്രതികൾ മുങ്ങിയെങ്കിലും അവിടെവച്ച് മണികണ്ഠൻ സുനിൽകുമാറുമായി തെറ്റി. അശ്ലീല ദൃശ്യങ്ങൾ പകർത്തുന്നതിനാൽ നടി പരാതി നൽകില്ലെന്നും വളരെ എളുപ്പത്തിൽ പണം കിട്ടുമെന്നുമായിരുന്നു നേരത്തേ സുനിൽകുമാർ ധരിപ്പിച്ചത്. ഇതിനു വിരുദ്ധമായി പരാതി കൊടുക്കുകയും മാദ്ധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തതാണു മണികണ്ഠനെ പ്രകോപിപ്പിച്ചത്.

മണികണ്ഠൻ പാലക്കാട്ട് പൊലീസ് പിടിയിലായെങ്കിലും സുനിൽകുമാറും വിജീഷും കോയമ്പത്തൂരിൽ തങ്ങി. ഇവിടെ ചില എൻജിനിയറിങ് കോളജുകളിലെ വിദ്യാർത്ഥികൾക്കു കഞ്ചാവ് വിൽപന നടത്തിയിരുന്നതു സുനിൽകുമാറായിരുന്നു. ഈ പരിചയം വച്ചാണ് ഇയാൾ ഒളിയിടം സമ്പാദിച്ചതെന്നാണു പൊലീസിനു നൽകിയ മൊഴി. ഒടുവിൽ അഭിനയിച്ച സിനിമയുടെ പ്രമോഷൻ ഗാനം റെക്കോർഡ് ചെയ്യാൻ കഴിഞ്ഞ 17നു രാത്രി തൃശൂരിൽനിന്നു കൊച്ചിയിലേക്കു പ്രൊഡക്ഷൻ കമ്പനിയുടെ കാറിൽ യാത്ര ചെയ്യുമ്പോഴാണു നടി ആക്രമണത്തിന് ഇരയായത്. അത്താണിയിൽ വച്ച് ട്രാവലർ വാനിലെത്തിയ പ്രതികൾ കാർ തടഞ്ഞു നിർത്തി അകത്തു കയറുകയും ഭീഷണിപ്പെടുത്തി അശ്ലീലദൃശ്യങ്ങൾ പകർത്തിയശേഷം കാർ കാക്കനാട് എത്തിയപ്പോൾ സ്വന്തം വാഹനത്തിൽ രക്ഷപ്പെടുകയുമായിരുന്നു. കാർ ഓടിച്ചിരുന്ന മാർട്ടിൻ, അക്രമിസംഘത്തിലുണ്ടായിരുന്ന വടിവാൾ സലിം, പ്രദീപ്, മണികണ്ഠൻ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.

അതേസമയം, കൊച്ചിയിൽ നടിയെ ആക്രമിച്ചത് ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് അറസ്റ്റിലായ മണികണ്ഠന്റെ മൊഴി. അക്രമത്തിനിടെ പൾസർ സുനി ഇക്കാര്യം പലതവണ നടിയോട് പറഞ്ഞിരുന്നതായും മണികണ്ഠൻ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യത്തെപ്പറ്റി തനിക്കറിയില്ലായിരുന്നുവെന്നും പൾസർസുനി വിളിച്ചതിനെ തുടർന്ന് താൻ ഒപ്പം ചേരുകയായിരുന്നു എന്നാണ് മണികണ്ഠൻ ആദ്യം പൊലീസിന് മൊഴിനൽകിയത്. എന്നാൽ വിശദമായ ചോദ്യംചെയ്യലിനിടെയാണ് മണികണ്ഠന്റെ പുതിയ വെളിപ്പെടുത്തൽ .സംഭവദിവസം നടിയുടെ വാഹനത്തിൽ കയറിയതിന് പിന്നാലെ നടി പൾസർ സുനിയെ തിരിച്ചറിഞ്ഞു. ഇക്കാര്യം മനസ്സിലാക്കിയതോടെയാണ് സംഭവം ക്വട്ടേഷനാണെന്ന് സുനി നടിയോട് വെളിപ്പെടുത്തിയത്. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താൻ വന്നതെന്നും ഇതാരാണെന്ന് നിങ്ങൾക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായി മണികണ്ഠൻ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

നടി എതിർക്കാൻ ശ്രമിച്ചപ്പോൾ എല്ലാം ഇക്കാര്യം ആവർത്തിച്ചതായും മണികണ്ഠന്റെ മൊഴിയിലുണ്ട് . എന്നാൽ ഈ സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പിന്നീട് സുനിയോട് ചോദിച്ചെങ്കിലും വെളിപ്പെടുത്താൻ തയാറായില്ലെന്നും മണികണ്ഠൻ പൊലീസിനോട് പറഞ്ഞു. ഈ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് കോളനിയിലെ മതിലുചാട്ട ദൃശ്യങ്ങൾ എത്തുന്നത്. അതുകൊണ്ട് തന്നെ ഇതിലേക്കും അന്വേഷണം നീണ്ടേ മതിയാകൂ.