തിരുവനന്തപുരം: കൊച്ചിയിൽ അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന പരാതിയിൽ മുൻ ഡിജിപി ടി പി സെൻകുമാറിന് ക്ലീൻചിറ്റ്. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ നടിയെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നായിരുന്നു പരാതി. എന്നാൽ, ബോധപൂർവ്വം മോശം പരാമർശം നടത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അഭിമുഖത്തിനിടെ മറ്റൊരാളുമായി സെൻകുമാർ ഫോണിൽ സംസാരിച്ചത് ലേഖകൻ റെക്കോർഡ് ചെയ്യുകയായിരുന്നു. ഇതിന് സെൻകുമാർ അനുമതി നൽകിയിരുന്നില്ല. സെൻകുമാർ മറ്റൊരാളുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലെ വിശദാംശങ്ങൾ ലേഖകൻ പുറത്തുവിടുകയായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം ഡിസിപി രമേശ് കുമാർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് റേഞ്ച് ഐജിക്ക് കൈമാറി. സിനിമയിലെ സ്ത്രീ കൂട്ടായ്മ എന്ന സംഘടന നൽകിയ പരാതിയിലായിരുന്നു അന്വേഷണം നടന്നത്. റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല. ഐജി മനോജ് എബ്രഹാം റിപ്പോർട്ട് ഡിജിപിക്ക് നൽകി.

അതേസമയം ഇതേ വാരികയ്ക്ക് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട് സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മതസ്പർദ്ധ വളർത്തുന്ന വിധം പരാമർശം നടത്തിയെന്ന പരാതിയിലാണ് ഈ അന്വേഷണം.